ADVERTISEMENT

കൊച്ചി∙ ‘നമ്മൾ മരിക്കുകയാണെന്ന് പറഞ്ഞു, മകൾ കരഞ്ഞപ്പോൾ ശരീരത്തോടു ചേർത്തു പിടിച്ചു ശ്വാസം മുട്ടിച്ചു, മൂക്കിലൂടെ ചോര വന്നു മരിച്ചെന്നു കരുതി എടുത്തു കാറിൽ കയറ്റി പുഴയിൽ ഉപേക്ഷിച്ചു’ – വൈഗയുടെ മരണത്തെക്കുറിച്ച് സനു മോഹൻ പൊലീസിനു നൽകിയ ഈ മൊഴി പൊലീസ് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ മൊഴികളിലും ഇവ സ്ഥിരീകരിക്കാവുന്ന വിവരങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. എന്നാൽ സനു മോഹൻ നൽകിയ മൊഴി പൂർണമായും പൊലീസ് കണക്കിലെടുത്തിട്ടില്ലെന്നാണു വിവരം. 

കടബാധ്യതയാണ് ആത്മഹത്യാ തീരുമാനത്തിനു പിന്നിലെന്നാണു വെളിപ്പെടുത്തൽ. താൻ ഏറ്റവും സ്നേഹിച്ചിരുന്നത് മകളെ ആയിരുന്നു. താൻ മരിച്ചാൽ മകൾക്ക് ആരുമുണ്ടാകില്ലെന്നു കരുതിയിരുന്നതിനാൽ അവളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. അതിനാലാണു ഭാര്യയെ ബന്ധുവീട്ടിലാക്കി ഫ്ലാറ്റിലെത്തി മകളോടു കാര്യങ്ങൾ പറഞ്ഞശേഷം ശ്വാസം മുട്ടിച്ചത്. മകളെ പുഴയിൽ ഉപേക്ഷിച്ചശേഷം ആത്മഹത്യ െചയ്യാൻ ധൈര്യമുണ്ടായില്ല. അതിനാലാണ് നാടുവിട്ടത് എന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. വൈഗയെ പുതപ്പിൽ പൊതിഞ്ഞു കാറിലേക്ക് എടുത്തുകൊണ്ടു പോകുന്നതു കണ്ടതായി ഫ്ലാറ്റിൽനിന്നുള്ള ഒരാളുടെ മൊഴി നേരത്തെ പൊലീസിനു ലഭിച്ചിരുന്നു. ഇതു പരിഗണിക്കുമ്പോൾ സനു മോഹൻ പറഞ്ഞത് സ്ഥിരീകരിക്കാമെന്നാണു പൊലീസ് വിലയിരുത്തൽ. 

എന്നാൽ മകളുടെ ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കാണാതിരുന്നതിനാൽ മൊഴി പൂർണമായും കണക്കിലെടുക്കേണ്ട എന്നതിലേക്കു സൂചന നൽകിയിട്ടുണ്ട്. സംഭവം നടക്കുന്ന മാർച്ച് 21നോടു ചേർന്നുള്ള ഏതാനും ദിവസങ്ങളായി സനു സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല. പിടിയിലാകുമ്പോൾ ഇയാളിൽനിന്ന് ഒരു ഫോൺ കണ്ടെത്തിയിരുന്നു. ഇതു മറ്റാർക്കും അറിയാത്ത ഫോണായിരുന്നെന്നാണു പറഞ്ഞിരിക്കുന്നത്. കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പിന്നെ ഇത്തരത്തിൽ ഒരു ഫോൺ കൈവശം വച്ചത് എന്തിനാണ് എന്നതു സംശയത്തിന് ആക്കം കൂട്ടുന്നു. 

മകളെ പുഴയിൽ ഉപേക്ഷിക്കുമ്പോൾ അവൾ മരിച്ചിരുന്നില്ലെന്ന വിവരം ബെംഗളൂരുവിൽ വച്ചാണ് ഇയാൾ അറിയുന്നതെെന്നാണു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ സംഭവം നടന്ന് 27 ദിവസമായിട്ടും എന്തുകൊണ്ടു പൊലീസിനു പിടികൊടുക്കാതെ മുങ്ങി പല സ്ഥലങ്ങളിലേക്കു പോയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. അതിർത്തി കടന്നശേഷം ബെംഗളൂരുവിലേക്കു പോയി അവിടെ നിന്നു കോയമ്പത്തൂരിലെത്തി വാഹനം വിൽക്കുകയായിരുന്നു എന്നാണു പറഞ്ഞിരിക്കുന്നത്. 50,000 രൂപ ലഭിച്ചു. ഈ പണംകൊണ്ടാണു ഗോവയിലും മംഗളൂരുവിലുമെല്ലാം പോയത്. തിരിച്ചറിഞ്ഞെന്നു മനസിലായപ്പോഴാണു മംഗളൂരുവിലെ ലോഡ്ജിൽനിന്നു മുങ്ങിയത്. ഇവിടെനിന്നു ഗോവയിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത് എന്നും പറയുന്നു. 

ഇതിനിടെ പലപ്രാവശ്യം ആത്മഹത്യാ ശ്രമം നടത്തി എന്നാണ് ഇയാൾ പറയുന്നത്. കൈ ഞരമ്പു മുറിച്ചും ട്രെയിനിനു മുന്നിൽ ചാടിയും ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പറയുമ്പോൾ എന്തുകൊണ്ടു പിടികൊടുക്കാതെ മുങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. ഇയാൾ കടുത്ത സാമ്പത്തിക ബാധ്യതയെന്നു പറയുമ്പോഴും പുണെയിൽനിന്നുള്ള കേസുകൾ പ്രകാരം 11.5 കോടി രൂപയുമായാണ് ഇയാൾ അഞ്ചു വർഷം മുമ്പ് മുങ്ങിയതെന്നാണു കണ്ടെത്തിയിട്ടുള്ളത്.

English Summary: Kerala Police not to believe Sanu Mohans statement completely, regarding Vaigas death

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com