ന്യൂഡൽഹി ∙ ഒന്നാം തരംഗത്തിനു ശേഷം കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റു പോലെ ഉണ്ടായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗബാധ കാരണം കുടുംബാംഗങ്ങളെ നഷ്ടമായവരുടെ ദുഃഖത്തിനൊപ്പം ചേരുന്നു. കോവിഡ് ഒന്നാം തരംഗത്തിനൊപ്പം രണ്ടാം തരംഗത്തിലും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എല്ലാ മുന്നണി പോരാളികൾക്കും അഭിവാദ്യങ്ങളെന്ന് പ്രധാനമന്ത്രി. രാജ്യം വീണ്ടും വെല്ലുവിളി നേരിടുന്നതായും ഒറ്റക്കെട്ടായി നിന്ന് ഇത് മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. ആവശ്യമായ രീതിയിൽ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ ശ്രമം നടന്നു വരുന്നു. കോവിഡ് അനുബന്ധ ചികിൽസയ്ക്കായി രാജ്യത്ത് പലയിടത്തും അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നു. മരുന്നുകമ്പനികൾ ഉത്പാദനം വർധിപ്പിച്ചു. മികച്ച മരുന്നു കമ്പനികൾ ഉള്ളതിൽ നമ്മൾ ഭാഗ്യം ചെയ്തവരാണ്. കോവിഡിന് ലോകത്ത് ഏറ്റവും വില കുറവായ മരുന്നുകൾ ഇന്ന് ഭാരതത്തിലാണ്.
വാക്സീൻ സുഗമമായി എല്ലാവർക്കും ലഭ്യമാക്കാനാണ് പതിനെട്ടു വയസ്സിനു മേൽ പ്രായമുള്ള എല്ലാവർക്കും മേയ് മുതൽ വാക്സീൻ നൽകാൻ സർക്കാർ നടപടി സ്വീകരിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുൾപ്പെടെ മുൻപത്തേതു പോലെ തന്നെ വാക്സീൻ സൗജന്യമായി നൽകാൻ നടപടിയുണ്ടാകും. ഉത്പാദിപ്പിക്കുന്നതിന്റെ പകുതി വാക്സീൻ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതോടെ കൂടുതൽ പേർക്ക് വേഗത്തിൽ വാക്സീൻ നൽകാനാകും.
യുവാക്കൾക്ക് കൂടി വാക്സീൻ ലഭിക്കുന്നതോടെ തൊഴിൽമേഖലയ്ക്കും അത് സഹായകമാകും. മുൻപ് രോഗത്തിനെതിരായ പ്രവർത്തനങ്ങൾക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ രാജ്യത്ത് എല്ലായിടത്തും ഒരുപോലെയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അത് മാറി. കോവിഡ് പ്രതിരോധത്തിൽ ജനപങ്കാളിത്തതോടെ നമുക്ക് ഏറെ മുന്നേറാനാകും. മരുന്നെത്തിക്കാനും ആഹാരമെത്തിക്കാനും സർക്കാരിനൊപ്പം അണിചേരുന്ന സന്നദ്ധ സംഘടനകൾക്കും കൂട്ടായമ്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ യുവാക്കൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതാതിടത്തെ അധികൃതർക്കൊപ്പം അണിചേരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊച്ചുകുട്ടികളാണ് കോവിഡ് പ്രതിരോധകാര്യങ്ങൾ വീട്ടിലുള്ളവരോട് പറഞ്ഞ് കോവിഡിനെതിരായ ബോധവത്കരണത്തിൽ ഏറെ മുന്നിൽ നിന്നത്. അത് അതേ ഊർജത്തിൽ മുന്നോട്ടുപോകണമെന്നും കുട്ടികളോട് പ്രധാനമന്ത്രി പറഞ്ഞു.
മര്യാദപുരുഷോത്തമനായ ശ്രീരാമനെ സംബന്ധിക്കുന്ന രാമനവമിയിലാണ് നമ്മൾ. മര്യാദാപുരുഷോത്തമനായ രാമനെപ്പോലെ കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ നമുക്ക് മര്യാദാപൂർവം അണിചേരാം. സഹനത്തിന്റെ റമസാൻ മാസത്തിൽ കൂടിയാണ് നമ്മൾ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ റമസാൻ ഉയർത്തുന്ന സന്ദേശത്തിലെന്നതുപോലെ സഹനപൂർവം പ്രവർത്തിക്കാനാകണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
English Summary: Covid: PM Modi address nation

