ADVERTISEMENT

തിരുവനന്തപുരം∙ കേരളം ആവശ്യപ്പെട്ട ഡോസ്‌ കോവിഡ്‌ വാക്‌സീന്‍ സൗജന്യമായി നല്‍കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. 50 ലക്ഷം ഡോസ്‌ ആവശ്യപ്പെട്ടതില്‍ അഞ്ചര ലക്ഷം മാത്രമാണ്‌ ഇതുവരെ നല്‍കിയത്‌. വാക്‌സീന്‍ കിട്ടാത്തതുമൂലം കേരളം കടുത്ത പ്രയാസം നേരിടുകയാണ്‌. സംസ്ഥാനം സ്വന്തം നിലയ്‌ക്ക്‌ വാക്‌സീന്‍ വാങ്ങണമെന്ന നിലപാട്‌ കനത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കും.

വാക്‌സീന്‍ ക്ഷാമം രൂക്ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. കോവിഡ്‌ പടര്‍ന്ന്‌ പിടിക്കുമ്പോഴും കൊള്ളയ്‌ക്ക്‌ അവസരം തേടുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍. വാക്‌സീന്‍ നയം മാറ്റം ഇതിന്‌ തെളിവാണ്‌. വാക്‌സീന്‍ കയറ്റുമതിയിലൂടെ ലാഭം നേടാനാണ്‌ ശ്രമം. വാക്‌സീന്‍ ഉൽപാദനത്തിന്റെ 50 ശതമാനം കൈവശമാക്കി കയറ്റുമതി ചെയ്യാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡോസിന്‌ 150 രൂപയ്‌ക്ക്‌ കേന്ദ്രത്തിന്‌ തുടര്‍ന്നും വാക്‌സീന്‍ കിട്ടും. അത്‌ കയറ്റുമതി ചെയ്യും. കമ്പനികള്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്‌ക്ക്‌ സംസ്ഥാനങ്ങള്‍ വാക്‌സീന്‍ വാങ്ങണമെന്നത്‌ ക്രൂരതയാണ്‌. കോവിഡ്‌ പ്രതിരോധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വവും സാമ്പത്തിക ബാധ്യതയും സംസ്ഥാനങ്ങളുടെ ചുമലില്‍ കയറ്റിവച്ച്‌ കൈകഴുകാനാണ്‌ കേന്ദ്രസര്‍ക്കാര്‍ നീക്കം.

വാക്‌സീന്‍ ദൗര്‍ലഭ്യം മൂലം കേരളീയര്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളെ പരിഹസിക്കുകയാണ്‌ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ഒരു ഡോസ്‌ വാക്‌സീന്‍ പോലും കേരളത്തിന്‌ അധികം നേടിയെടുക്കാന്‍ ഈ കേന്ദ്രമന്ത്രിക്ക്‌ കഴിഞ്ഞില്ല. വാക്‌സീന്‍ സൗജന്യമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്‌ക്കാന്‍ തയാറാകാത്ത മുരളീധരന്‍ കേരളത്തിന്റെ ശത്രുവാണെന്ന്‌ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: A Vijayaraghavan on COVID-19 Vaccine policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com