ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടാതെ അർഹമായ വാക്സീൻ വിതരണം ചെയ്യാൻ കേന്ദ്രം തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വാക്സീന് 400 രൂപ നിരക്ക് ഏർപ്പെടുത്തിയത് കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരിയുടെ സാഹചര്യത്തിൽ കോവിഡ് വാക്സീൻ കേന്ദ്രം സൗജന്യമായി നൽകണം. 45 വയസ്സിനു മുകളിലുള്ള 1.15 കോടി ആളുകൾക്ക് മേയ് 20ന് അകം വാക്സീൻ നൽകാൻ നിത്യേന 2.5 ലക്ഷം ആളുകൾക്കു വിതരണം ചെയ്യാനാണ് സംസ്ഥാനം തീരുമാനിച്ചത്. വാക്സീൻ ദൗർലഭ്യം കാരണം അത് തടസപ്പെട്ടു. 3.70 ലക്ഷം പേർക്കു ദിവസേന വിതരണം ചെയ്താലേ ഇനി ആ ലക്ഷ്യം കൈവരിക്കാനാകൂ.

50 ലക്ഷം ഡോസ് വാക്സീൻ അടിയന്തരമായി ആവശ്യപ്പെട്ടിട്ടും 5.5 ലക്ഷം ഡോസാണ് ലഭിച്ചത്. ഇതിനാൽ സ്പോട്ട് റജിസ്ട്രേഷൻ തടസപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ ദിവസത്തെ രോഗവിവരങ്ങളും അറിയിക്കണം. പൊതുയിടങ്ങളിൽ സ്ഥാപിക്കുന്ന പോസ്റ്ററിലൂടെയും നോട്ടിസിലൂടെയും രോഗവ്യാപനത്തിന്റെ വിവരങ്ങളും അറിയിപ്പുകളും നൽകണം. കുടുംബങ്ങൾക്ക് സഹായം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയും. വാർഡുതല സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണം.

ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസിയെങ്കിലും ഉണ്ടാക്കും. രോഗികൾ വർധിക്കുന്നതനുസരിച്ച് കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കും. 35 ശതമാനത്തിനു മുകളിൽ രോഗവ്യാപനമുള്ളയിടത്ത് യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടൽ നടത്തും. ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. മേയ് ഒന്നിനു ശേഷം 18 വയസ്സിനു മുകളിലുള്ളവർക്കും വാക്സീൻ നൽകേണ്ടതിനാൽ തിരക്ക് ഉണ്ടാകും. തിരക്കില്ലാതെ വാക്സീൻ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തും. എല്ലായിടത്തും ഓൺലൈൻ ബുക്കിങ് ഉണ്ടാകും. ബുക് ചെയ്ത് അറിയിപ്പു ലഭിച്ചാൽ മാത്രം സെന്ററിൽ എത്തിയാൽ മതിയാകും. കോവിഡ് പ്രതിരോധത്തിന് എസ്എംഎസ് ക്യാംപയിനുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: COVID-19: CM Pinarayi Vijayan Press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com