ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് രണ്ടാം തരംഗത്തെ േനരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളു‌ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ വാക്സീൻ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കും. വാക്സിനേഷന് എല്ലാ സ്ഥലങ്ങളിലും ഓൺലൈന്‍ റജിസ്ട്രേഷനും സമയക്രമീകരണവും നിർബന്ധമാക്കും. വാക്സിനേഷൻ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സീൻ കേന്ദ്ര സർക്കാർ ഉറപ്പാക്കണം. ജനങ്ങളുടെ ജീവന്റെ കാര്യത്തിൽ അലംഭാവം പാടില്ല.

24, 25 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം നടപ്പാക്കും. ഈ തീയതികളിൽ അത്യാവശ്യ സർവീസുകൾ മാത്രം അനുവദിക്കും. 24ന് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി നൽകും. എന്നാൽ പരീക്ഷകൾക്കു മാറ്റമില്ല. രോഗം പിടിപെടാതെ പരമാവധി ആളുകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. രോഗവ്യാപനം തടയാൻ സംസ്ഥാനം സജ്ജമാണ്. സമഗ്രവും സുസജ്ജവുമായ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റം തോത് ശക്തമായിരിക്കുന്നതിനാൽ ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണം.

11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. കഴിഞ്ഞ തരംഗത്തിൽ ഡിലെ ദ പീക്ക് നയമാണ് സംസ്ഥാനം സ്വീകരിച്ചത്. ഇപ്പോൾ ക്രഷ് ദ കർവ് ആണ് സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുക എന്നതാണ് ആദ്യ ഘട്ടം. ബ്രേക്ക് ദ ചെയിൽ കൂടുതൽ ശക്തമാക്കും. തദ്ദേശ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.

രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും ഇവിടെ ഏറ്റവും അവസാനമാണ് ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാൻ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് 212 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിൽ വാക്സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്സീൻ നൽകാൻ സാധിക്കും. വാക്സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് േകന്ദ്രത്തെ അറിയിച്ചു. പുതിയ വാക്സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല. വാക്സീൻ ഉൽപാദനം വർധിപ്പിക്കണം.

നിയന്ത്രണങ്ങൾ കർക്കശമാക്കും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് ക്യംപെയ്ൻ ശക്തമാക്കും. ബോധവത്കരണ പരിപാടികൾ ശക്തമായി നടത്തും. സർക്കാർ ജീവനക്കാർക്ക് 50% പേർക്ക് വർക്ക് ഫ്രം ഹോം നൽകും. ചടങ്ങുകൾക്ക് 75 പേർ മാത്രമേ പങ്കെടുക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

English Summary: Covid: Pinarayi Vijayan's press meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com