ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സീന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രണ്ടാംതരംഗം തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സീന്‍ ജനങ്ങളിലെത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത നൽകുന്നതാണ് പുതിയ നയം. പൊതുവിപണിയില്‍നിന്നും സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാക്‌സീന്‍ വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമില്ല. വാക്‌സീന്‍ വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും മുല്ലപ്പള്ളി ആരോപിച്ചു. വാക്‌സീന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്ടിക്കുകയാണ്.

പുതിയ നയം അനുസരിച്ച് മേയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളും വാക്‌സീന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ നിരക്ക് കുത്തനെ ഉയരും. വാക്‌സീന്‍ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്. കേന്ദ്രസര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വാക്‌സീനുകളില്‍ 50 ശതമാനവും കയറ്റുമതി ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വാക്‌സീന്‍ വിതരണത്തില്‍ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ആവശ്യമായ വാക്‌സീനുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. കേരളത്തിന്റെ പല വാക്‌സീന്‍ കേന്ദ്രങ്ങളും ഇപ്പോള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണ്. അസാധാരണമായ തിക്കുംതിരക്കുമാണ് ഇവിടങ്ങളില്‍ അനുഭവപ്പെടുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

English Summary: Mullappally Ramachandran slams central Govt vaccine policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com