ADVERTISEMENT

‌ട്ടും മയമില്ലാതെ ഇന്ത്യയെ പിടിച്ചുമുറുക്കുകയാണു രണ്ടാംതരംഗത്തിലെ കോവിഡ്. എവിടെനിന്ന്, എങ്ങനെ രോഗം പകരുന്നുവെന്നു പോലും പിടികിട്ടാത്തവിധം മഹാമാരിയുടെ ദുരിതപ്പെയ്ത്ത്. ആദ്യവരവിൽ കൊറോണ വൈറസിന്റെ വ്യാപനച്ചങ്ങല പൊട്ടിച്ച് ലോകത്തിനു മാതൃകയായ ഇന്ത്യയിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത് 3,14,835 പുതിയ കേസ്. ഏറ്റവും രൂക്ഷമായി ബാധിച്ച യുഎസിൽ മാത്രമാണു മുൻപ് മൂന്നു ലക്ഷത്തിലധികം കേസുകളുണ്ടായത്. പ്രതിദിന കേസുകളുടെ എണ്ണത്തിൽ ആഗോള തലത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ചാണ് ഇന്ത്യയുടെ കുതിപ്പെന്നു സ്വതന്ത്ര ഏജൻസിയായ കോവിഡ്19ഇന്ത്യ.ഓർഗ് (covid19india.org) സൂചിപ്പിക്കുന്നു.

കോവിഡ് പ്രതിരോധത്തിൽ ലോക്ഡൗൺ അവസാന ആയുധമാണെന്നും രോഗം വരാതിരിക്കാൻ ജനം ഒറ്റക്കെട്ടായി കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു സഹകരിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. 18 വയസ്സിനു മുകളിലുള്ളവർക്കായി മേയ് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കുള്ള വാക്സീൻ വാങ്ങേണ്ടി വരുന്ന സാഹചര്യം. സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കോവിഷീൽഡ് വാക്സീന്റെ വില പ്രഖ്യാപിച്ചു– കേന്ദ്രത്തിന് 150 രൂപ, സംസ്ഥാനങ്ങൾക്ക് 400 രൂപ, സ്വകാര്യആശുപത്രികൾക്ക് 600 രൂപ. ഇതുവരെ കണ്ടതല്ല കാണാനിരിക്കുന്നതെന്നു നാൾക്കുനാൾ ഓർമിപ്പിക്കുകയാണ് കോവിഡ്.

∙ സഹായിക്കുമോ എന്നെ, ഓക്സിജൻ കിട്ടാൻ?

ഉത്തർപ്രദേശിലെ ലക്നൗവിൽനിന്ന് വിനയ് ശ്രീവാസ്തവ എന്ന മാധ്യമപ്രവർത്തകൻ തുടർച്ചയായി ചെയ്ത ട്വീറ്റുകൾക്കു ജീവന്റെ വിലയുണ്ടായിരുന്നെന്ന് ഇപ്പോൾ രാജ്യം മനസ്സിലാക്കുകയാണ്. ‘‘എന്റെ ഓക്സിജൻനില 31 ആണ്, ആരെങ്കിലും സഹായിക്കുമോ?’’ – ഇതായിരുന്നു ശ്രീവാസ്തവയുടെ അവസാന ട്വീറ്റ്. ഏപ്രിൽ 17ന് തന്റെ വീട്ടിൽ പ്രാണവായു കിട്ടാതെ ശ്രീവാസ്തവ മരിച്ചുവെന്നായിരുന്നു പിന്നീടുള്ള വാർത്ത. 95 മുതൽ 100 വരെ എന്ന അളവ് വേണ്ടിടത്ത് അതിലും എത്രയോ താഴെയായിരുന്നു ശ്രീവാസ്തവയുടെ ഓക്സിജന്റെ അളവ്.

65 കാരനായ ശ്രീവാസ്തവ തലേദിവസം രാത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയാണെന്നും 52ൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കു ആശുപത്രി കിടക്കയോ ഡോക്ടറോ കോവിഡ് പരിശോധനയോ നടത്താനായില്ലെന്നും സൂചിപ്പിച്ചു. ഒറ്റരാത്രികൊണ്ട് ഒന്നും മാറിയില്ല. അടുത്ത ദിവസവും ആശുപത്രിയിൽ കിടക്ക കിട്ടാനുള്ള ശ്രമം ശ്രീവാസ്തവയും മകനും തുടർന്നെങ്കിലും പരാജയപ്പെട്ടു. അവർക്കു സാധ്യമായത് ഒന്നു മാത്രമായിരുന്നു– ഒന്നിലധികം ഭാഷകളിൽ ദുരവസ്ഥ വിവരിച്ചു ട്വീറ്റ് ചെയ്യുക.

Tweet
വിനയ് ശ്രീവാസ്തവയുടെ ട്വീറ്റ്. ചിത്രം: ട്വിറ്റർ

‘‘എന്റെ ഓക്സിജൻനില ഇപ്പോൾ 50 ആണ്. ബൽ‌റാംപൂർ ആശുപത്രിയിലെ ഗേറ്റ്  കാവൽക്കാരൻ അകത്തേക്കു പ്രവേശിക്കാൻ പോലും അനുവദിച്ചില്ല’’– ശ്രീവാസ്തവ എഴുതി. ട്വീറ്റുകൾ വൈറലായെങ്കിലും കൃത്യസമയത്ത് ഒരു സഹായവും ലഭിച്ചില്ല. 45 മിനിറ്റിനു ശേഷം നിരാശനായ ശ്രീവാസ്തവ തന്റെ അവസാന ട്വീറ്റിട്ടു, ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. കോവിഡിൽ ഇടറിവീണ ആയിരമായിരം ഇരകളിലെ ഒരാളുടെമാത്രം ജീവിതസാക്ഷ്യമാണു ശ്രീവാസ്തവയുടെ അനുഭവം. മരുന്നില്ലാതെ, ഓക്സിജൻ കിട്ടാതെ, വാക്സീനില്ലാതെ നിസ്സഹായരായി പൊലിഞ്ഞുവീഴുന്ന എത്രയോ മനുഷ്യർ നമുക്കിടയിലുണ്ട് എന്ന പൊള്ളുന്ന ഓർമപ്പെടുത്തൽ.

∙ മഹാമാരിയെ മരവിപ്പിക്കുമോ മഹാറാലികൾ?

എല്ലാം ശാന്തമാകുന്നു, ജീവിതം പച്ചപിടിച്ചു വരുന്നു എന്നു തോന്നി ജനം കൈവീശി പുറത്തിറങ്ങി തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി കോവിഡിന്റെ രണ്ടാംവരവ്. ആദ്യത്തേക്കാൾ ക്രൂരമായിരുന്നു രണ്ടാമത്തെ വൈറസ്. തീവ്രത കൂടിയ സർവവ്യാപി. തിരഞ്ഞെടുപ്പുകളും രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരുകളുടെയും നിലപാടുകളും ജനത്തിന്റെ ഇടയിൽ ഭയം കുറച്ചു. അതിന്റെ കൂടി ഫലമാകണം പുതിയ റെക്കോർഡുകളുമായി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡിന്റെ കുതിപ്പ്. ഒരുപരിധിവിട്ട് കേസുകൾ കൂടിയാൽ നമുക്കൊന്നും ചെയ്യാനാവില്ലെന്ന് അധികൃതർ മുന്നറിയിപ്പ് തന്നുകൊണ്ടേയിരിക്കുന്നു.

ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദിത്തമില്ലാതെയാണു കേരളത്തിലും അവസാന ഘട്ടമായപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ കലാശക്കൊട്ട് നിരോധിച്ചപ്പോൾ, റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ട പ്രകടനം നടത്തിയാണു പാർട്ടികൾ ആഘോഷിച്ചത്. ധർമടം മണ്ഡലത്തിൽ റോഡ് ഷോ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് വോട്ടെടുപ്പിനു പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പും കോവിഡ് ബാധയും മൂലം കണ്ണൂരിലെ വീട്ടിൽ കഴിയുകയായിരുന്ന മുഖ്യമന്ത്രി കഴിഞ്ഞദിവസമാണു തലസ്ഥാനത്തു തിരികെയെത്തി പ്രതിരോധ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തത്.

കുറെ ദിവസങ്ങളായി കോവിഡ് നേരിടുന്നതിനുള്ള യോഗങ്ങൾ വിളിക്കുകയും തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നത് ഉദ്യോഗസ്ഥരായിരുന്നു. പല ജില്ലകളിലും പല രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതു മൂലമുള്ള ആശയക്കുഴപ്പത്തിനിടെയാണു മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കുന്ന വിധത്തിൽ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നതു വലിയ ചർച്ചയായിരുന്നു. കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു വന്നപ്പോഴും മടങ്ങിയപ്പോഴും ഭാര്യ കൂടെയുണ്ടായിരുന്നതു കുടുംബബന്ധത്തിൽ സാധാരണ നടക്കുന്ന കാര്യമെന്നു പറഞ്ഞാണു മുഖ്യമന്ത്രി ന്യായീകരിച്ചത്.

കോവിഡ് രണ്ടാം തരംഗം രാജ്യത്തു ശക്തമായിരിക്കെ അനാവശ്യ ഭീതി പരത്തുന്ന പ്രചാരണം ഉത്തരവാദപ്പെട്ടവരിൽനിന്ന് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഉന്നമിട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. മോദി സർക്കാർ പിണറായി സർക്കാരിനെ പോലെയല്ല. പറഞ്ഞ വാക്കു പാലിക്കും. പരിഹരിക്കാൻ പറ്റുന്ന പ്രതിസന്ധിയേ രാജ്യത്തുള്ളൂ. സംസ്ഥാനത്ത് എല്ലാവർക്കും കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്നു ഡിസംബറിൽ പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്സീനു വേണ്ടി പ്രധാനമന്ത്രിക്കു കത്തയച്ചിരിക്കുന്നു. കേന്ദ്രം നൽകുന്ന വാക്സീൻ വിതരണം ചെയ്യുന്ന ജോലിയേ സംസ്ഥാനത്തിനുള്ളൂവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി

മുംബൈയിലെ കോവിഡ് പരിശോധന (Photo by INDRANIL MUKHERJEE / AFP)
മുംബൈയിലെ കോവിഡ് പരിശോധന (Photo by INDRANIL MUKHERJEE / AFP)

ശ്രീവാസ്തവ മരിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെ അസൻസോൾ നഗരത്തിൽ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുകയായിരുന്നു. ‘ഞാൻ ഇതുപോലൊരു റാലിയിൽ പങ്കെടുത്തിട്ടില്ല, കണ്ണിനു കാണാൻ കഴിയുന്നിടത്തോളം ദൂരം ജനക്കൂട്ടം നിറഞ്ഞിരിക്കുന്നു’– അണികളോടായി മോദി പറഞ്ഞു. അതിനു ഏതാനും ദിവസം മുൻപു വൈറസിനെ നിസ്സാരമായി കാണുന്നതിന് ഇന്ത്യക്കാരെ പരിഹസിച്ച കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഹർഷ് വർധൻ മോദിയുടെ റാലിയുടെ തത്സമയ വെബ്കാസ്റ്റ് ലിങ്ക് പങ്കുവെച്ച് ട്വിറ്റർ അനുയായികളോട് പറഞ്ഞു: ‘ഇതു കാണുക!’

ഏതാനും ദിവസമായി ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ രാജ്യം കടന്നു പോവുകയാണ്. കുറച്ച് മണിക്കൂറുകൾക്കുള്ള ഓക്സിജൻ ശേഖരമേ ഉള്ളൂവെന്നു രാജ്യതലസ്ഥാനത്തെ പല മുൻനിര ആശുപത്രികളും പറയുന്നു. കഴിഞ്ഞ ദിവസം 24,368 പുതിയ കേസും 249 മരണവുമാണു ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 28,395 കേസുകളായിരുന്നു. കോവിഡിന്റെ ലോകക്കണക്കിൽ യുഎസിന്റെ തൊട്ടുപിന്നിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രിൽ 18ലെ 2.73 ലക്ഷം കേസെന്നത് അമേരിക്ക, ബ്രസീൽ, തുർക്കി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ആകെ രോഗബാധിതരേക്കാൾ കൂടുതലായിരുന്നു.

കഴിഞ്ഞ ആഴ്ചയിൽ മാത്രം 7,800 ൽ അധികം പേർ കോവിഡ് മൂലം മരിച്ചുവെന്നാണ് സർക്കാർ കണക്ക്. കോവിഡ് മരണങ്ങൾ സാധാരണ അണുബാധകളേക്കാൾ രണ്ടാഴ്ച പിന്നിലായാണു കണക്കാക്കപ്പെടുന്നതെന്നു വിദഗ്ധർ പറയുന്നു. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ ഭീകരതയുടെ നേർചിത്രം മേയ് ആദ്യ ആഴ്ച വരെ പ്രകടമാകണമെന്നില്ല. കോവിഡ് മരണനിരക്ക് കുറവാണ് രേഖപ്പെടുത്തുന്നത് എന്നാണു സർക്കാർ ആവർത്തിച്ചു പറയുന്നത്. പല മാനദണ്ഡങ്ങളിൽപ്പെടുത്തി ഇങ്ങനെ ഒഴിവാക്കുന്ന സംഖ്യകൾ കൂടി ചേർത്താൽ യഥാർഥ എണ്ണം വളരെയധികം ഉയർന്നേക്കാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പരിശോധനകൾ മുതൽ ആശുപത്രി കിടക്കകൾ, മരുന്ന്, ഓക്സിജൻ വിതരണം എന്നിവ വരെയുള്ള കാര്യങ്ങളുടെ ശോചനീയാവസ്ഥ എന്നിവ കണക്കിലെടുത്താൽ കേസുകളുടെ ഭാരം കൂടുന്നതു വലിയ പ്രതിസന്ധി സൃഷ്ടിക്കും. രോഗിയായ പിതാവിന് ആശുപത്രിയിൽ കിടക്ക കിട്ടാനായി മകൻ 24 മണിക്കൂറോളം വാഹനത്തിൽ ജീവൻ കയ്യിൽ പിടിച്ച് സഞ്ചരിക്കേണ്ടി വന്നതു മഹാമാരി ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയുടെ ഭീകരകഥകളിൽ ഒന്നുമാത്രം.

INDIA-HEALTH-VIRUS

∙ ഈ നേതാക്കൾക്ക് ഇതെന്തു പറ്റി?

ഈ ദുരന്തത്തിനിടയിലും പ്രധാനമന്ത്രിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും പകർച്ചവ്യാധിയിലല്ല, രാഷ്ട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നാണു പ്രതിപക്ഷ വിമർശനം. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിനായിരക്കണക്കിന് അണികൾ പങ്കെടുത്ത ഒൻപതു പ്രധാന റാലികളിലാണു മോദി പങ്കെടുത്തത്. ശരിയായി മാസ്ക് ധരിച്ച് അകലം പാലിച്ചുള്ള പൊതുപരിപാടികൾ രോഗവ്യാപന സാധ്യത കുറയ്ക്കും. പക്ഷേ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ, മാസ്ക് പോലും ധരിക്കാതെയാണു ജനം പങ്കെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സമാനമായിരുന്നു കാര്യങ്ങൾ.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് യുഎസിൽ ഡോണാൾഡ് ട്രംപിന്റെ റാലികളെക്കുറിച്ചുള്ള സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പഠനം കാണിച്ചതുപോലെ, മോദിയുടേതുൾപ്പെടെയുള്ള പ്രചാരണറാലികളും രോഗവ്യാപനത്തിനു കാരണമായിരിക്കാമെന്നു ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ തിരക്കേറിയ റാലികളിൽ മാത്രമല്ല വൻ റോഡ്‌ ഷോകളിലൂടെയും ബംഗാളിനെ ഇളക്കിമറിച്ചു. മുഖം മറയ്ക്കാതെ എത്തിയ ഷാ, തുറന്ന വാഹനത്തിൽനിന്നു ജനത്തെ അഭിവാദ്യം ചെയ്തു. രോഗത്തെക്കുറിച്ചു മറന്ന ജനം നേതാക്കൾക്കു പിന്നാലെ മുദ്രാവാക്യങ്ങൾ വിളിച്ചു തെരുവിൽ കൂട്ടമായിറങ്ങി.

ഏപ്രിൽ ഒന്നിന് 1,274 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ പിന്നീട് എണ്ണം കുതിച്ചുയർന്നു. മാർച്ച് 11ന് സജീവ രോഗികൾ 3110 ആയി താഴ്ന്നിരുന്ന സംസ്ഥാനത്ത് മാർച്ച് 20 മുതൽ കേസുകൾ കൂടുന്നതാണു കണ്ടത്. 1500 ശതമാനം വർധനയാണ് സജീവ കേസുകളിലുണ്ടായത്. പല കാരണങ്ങൾക്കൊപ്പം രാഷ്ട്രീയ യോഗങ്ങളും റാലികളും രോഗവ്യാപനത്തെ സഹായിച്ചെന്നു പറയേണ്ടി വരും. മറ്റെല്ലാ പ്രധാന രാഷ്ട്രീയ എതിരാളികളും പ്രചാരണങ്ങൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്തെങ്കിലും മോദിയും ഷായും തുടരുകയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

കോവിഡ് രൂക്ഷമായ ഡൽഹിയിലെ മാർക്കറ്റിൽ പ്രതിരോധ മാർഗങ്ങൾ എഴുതിയ ബോർഡുമായി കാവലിരിക്കുന്ന സുരക്ഷാ ജീവനക്കാരൻ. ഫയൽ ചിത്രം: Money SHARMA / AFP
കോവിഡ് രൂക്ഷമായ ഡൽഹിയിലെ മാർക്കറ്റിൽ പ്രതിരോധ മാർഗങ്ങൾ എഴുതിയ ബോർഡുമായി കാവലിരിക്കുന്ന സുരക്ഷാ ജീവനക്കാരൻ. ഫയൽ ചിത്രം: Money SHARMA / AFP

ഹരിദ്വാറിലെ പ്രധാന തീർഥാടനമായ കുംഭമേളയ്ക്കു ദശലക്ഷക്കണക്കിനു വിശ്വാസികളെ ഒത്തുകൂടാനും മോദി സർക്കാർ അനുവദിച്ചു. ഭക്തരെ സ്വാഗതം ചെയ്യുന്ന മോദിയുടെ മുഖവുമായി പത്രങ്ങളിൽ ഒന്നാം പേജ് പരസ്യങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ പ്രസിദ്ധീകരിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ രണ്ടായിരത്തിലധികം അണുബാധ നഗരത്തിൽ രേഖപ്പെടുത്തി, ചിലർ മരിച്ചു. ഉത്സവങ്ങൾ വെട്ടിക്കുറയ്ക്കണമെന്ന് ഒടുവിൽ പ്രധാനമന്ത്രിക്ക് അഭ്യർഥിക്കേണ്ടി വന്നു. ഇതിനു സമാന്തരമായി സമൂഹമാധ്യമങ്ങളിൽ നിസ്സഹായതയുടെ നേർചിത്രങ്ങളും പ്രചരിച്ചു. കിടക്കയ്ക്കായി മണിക്കൂറുകൾ കാത്തിരിക്കുന്ന രോഗികൾ, ആശുപത്രിയിൽ കിടക്കകൾ പങ്കിടാൻ നിർബന്ധിതരായവർ...

∙ കണക്കിൽ വെള്ളം ചേർക്കുന്ന അധികൃതർ

മരണങ്ങളെ കുറച്ചു കാണുന്ന രീതിയിലേക്കാണു തിരക്കേറിയ ശ്മശാനങ്ങളിലെ കാഴ്ചകൾ വിരൽ ചൂണ്ടുന്നത്. ഗുജറാത്തിൽ, റിപ്പോർട്ട് ചെയ്യപ്പെടാത്ത കോവിഡ് മരണത്തിന്റെ നിരവധി സംഭവങ്ങൾ മാധ്യമപ്രവർത്തകർ പുറത്തുകൊണ്ടുവന്നു. കണക്കുകൾ കൃത്യമായി ജനത്തെ അറിയിക്കാൻ അവിടെ ആശുപത്രികൾക്കും ശ്മശാനങ്ങൾക്കും പുറത്ത് മാധ്യമപ്രവർത്തകർ നിലയുറപ്പിച്ചിരിക്കുകയാണ് എന്നാണു റിപ്പോർട്ട്.

ഡൽഹിയിലെ എൽഎൻജിപി ആശുപത്രിക്കു സമീപം ഷെങ്ഹായ് ഹാളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കോവിഡ് ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്ന നഴ്സ്. ചിത്രം: പിടിഐ
ഡൽഹിയിലെ എൽഎൻജിപി ആശുപത്രിക്കു സമീപം ഷെങ്ഹായ് ഹാളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കോവിഡ് ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്ന നഴ്സ്. ചിത്രം: പിടിഐ

ഏപ്രിൽ 12ന് അഹമ്മദാബാദ് നഗരത്തിൽ സർക്കാർ റിപ്പോർട്ട് ചെയ്ത ആകെ മരണം 20. എന്നാൽ സർക്കാർ നടത്തുന്ന ഒരു കോവിഡ് ആശുപത്രിയിൽ മാത്രം 63 മരണങ്ങൾ സംഭവിച്ചതായി പ്രാദേശിക പത്രമായ ‘സന്ദേശ്’ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽനിന്ന് മൃതദേഹങ്ങളുമായി പുറത്തുപോയ ഓരോ ആംബുലൻസിന്റെയും വിശദാംശങ്ങൾ ഉൾപ്പെടെയായിരുന്നു വാർത്ത. ബിജെപിക്കു ഭരണമില്ലാത്ത സംസ്ഥാനങ്ങളും സ്ഥിതിവിവര കണക്കുകളിൽ വെള്ളം ചേർക്കുന്നതായി ആക്ഷേപമുണ്ട്. പക്ഷേ കൂടുതലും ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണെന്നാണു മാധ്യമ റിപ്പോർട്ടുകൾ.

പകർച്ചവ്യാധിയെ നാം മറികടന്നെന്ന രീതിയിലായിരുന്നു മോദി സർക്കാരിന്റെ അവകാശവാദങ്ങൾ. ഇന്ത്യ പകർച്ചവ്യാധിയുടെ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി മാർച്ച് ആദ്യം പ്രഖ്യാപിച്ചു. കോവിഡ് കർവ് രാജ്യത്തു പരന്നതായും ഈ വർഷമാദ്യം മന്ത്രി പറഞ്ഞു. യുകെയിൽ വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചതു ചൂണ്ടിക്കാട്ടിയപ്പോൾ, ‘സാങ്കൽപ്പിക സാഹചര്യം, സാങ്കൽപ്പിക സംവാദം, സാങ്കൽപ്പിക പരിഭ്രാന്തി’ എന്നു പറഞ്ഞു മന്ത്രി തള്ളിക്കളഞ്ഞു. നിങ്ങൾ ഇതിലൊന്നും വീഴരരുതെന്നു മാധ്യമപ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു.

Hand Wash | Hand Washing | Representational image

ആഞ്ഞടിച്ച് വൈറസ്, അവകാശവാദങ്ങൾ നിശബ്ദം

വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകവും ലോകാരോഗ്യ സംഘടനയും പ്രകീർത്തിച്ചിരുന്നെന്നതു സത്യമാണ്. പക്ഷേ ആ ജാഗ്രത നിലനിർത്താൻ നമുക്കായില്ല. രാജ്യത്തെ ഔഷധ വ്യവസായവും വാക്സീൻ നിർമാണ ശേഷിയും ചൂണ്ടിക്കാട്ടി ‘ലോകത്തിന്റെ ഫാർമസി’ ആയി ഇന്ത്യയെ മോദി പലതവണ ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ വാക്സീൻ നയതന്ത്രവും കയ്യടി നേടി. രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ ഈ അവകാശവാദങ്ങളെല്ലാം നിശബ്ദം. ഏപ്രിൽ 21 വരെ 94 രാജ്യങ്ങൾക്കായി 660.13 ലക്ഷം ഡോസുകൾ ഇന്ത്യ വിതരണം ചെയ്തു. ഫെബ്രുവരിയിലെയും മാർച്ചിലെയും വേഗം ഏപ്രിലിലുണ്ടായില്ല. ഏപ്രിൽ 19 വരെ അയച്ചത് 1.6 ദശലക്ഷം ഡോസ് മാത്രം.

വിദേശത്തുനിന്ന് അഭിനന്ദനം വാങ്ങിയ വാക്സീൻ നയതന്ത്രം രാജ്യത്തിനകത്ത് അത്ര ആവേശമുണ്ടാക്കിയില്ല. രാജ്യം വൈറസിന്റെ പുതിയ ആക്രമണത്തെ അഭിമുഖീകരിക്കുമ്പോഴും ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വാക്സിനേഷൻ ക്യാംപുകൾ സ്റ്റോക്കില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. കേന്ദ്രത്തോടു വാക്സീൻ ചോദിച്ചു കത്തയച്ചു കാത്തിരിക്കുകയാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. കയറ്റുമതി ചെയ്തിരുന്ന രാജ്യം വിദേശ നിർമിത വാക്‌സീനുകൾ ഇറക്കുമതി ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ. 

മുൻഗണനാ വിഭാഗങ്ങൾക്കു സൗജന്യമായി നൽകിയ കുത്തിവയ്പു പിന്നീടു സ്വകാര്യ ആശുപത്രികളിൽനിന്ന് 250 രൂപയ്ക്ക് എടുക്കാമെന്നായി. പുതിയ നയമനുസരിച്ച് മേയ് ഒന്നു മുതൽ 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചു.

നിർമാതാക്കൾ 50 ശതമാനം വാക്സീൻ കേന്ദ്രത്തിനും ബാക്കി പൊതുവിപണിയിലും സംസ്ഥാന സർക്കാരുകൾക്കും വിൽക്കാനുമാണ് അനുമതി നൽകിയത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കുന്ന കോവിഷീൽഡ് വാക്സീനു ഫലത്തിൽ മൂന്നു വിലയായി. മറ്റു കമ്പനികൾ വില പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും രണ്ടു ഡോസ് വാക്സീൻ സ്വീകരിക്കാൻ വലിയ വില ജനം കൊടുക്കേണ്ടി വരുമെന്ന് ഉറപ്പായി.

കോവിഷീൽഡ്, കോവാക്സിൻ വാക്സീനുകൾ അണുബാധകൾക്കെതിരായ മികച്ച ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നതാണ് ആശ്വാസകരം. വാക്സീനുകൾക്ക് പുറമെ, മെഡിക്കൽ ഓക്സിജന്റെ ക്ഷാമവും രാജ്യം നേരിടുന്നു. ന്യൂഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങൾ ‘ഓക്സിജൻ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചു. ആന്റിവൈറൽ മരുന്നായ റെംഡെസിവറിനും ദൗർലഭ്യമുണ്ട്. കരിഞ്ചന്തയിൽ പല ഇരട്ടി വിലയ്ക്കാണ് ഇവ വിൽക്കുന്നത്. വൈറസിനെ തടുക്കാൻ എത്ര വേണമെങ്കിലും സോപ്പിട്ടു കൈകഴുകാം, എന്നാൽ സർക്കാരുകൾ ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകരുതെന്ന അഭിപ്രായഗതിയിലാണ് ജനം.

English Summary: How covid badly hit India in the second wave?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com