ADVERTISEMENT

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ വൈകുന്നേരം 5 മണി വരെ 79.09 ശതമാനം പോളിങ് രേഖപ്പെടുത്തി. പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും വിവിധയിടങ്ങളിൽ അക്രമമുണ്ടായി.

ഉത്തർ ദിനാജ്പുരിലെ ചോപ്ര പ്രദേശത്ത് പോളിങ് ബൂത്തിലെ ഏജന്റുമാർ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. വെടിവയ്പ് ഉണ്ടായെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇരു പാർട്ടികളും ഇതു നിഷേധിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ വിശദീകരണം തേടി. റൈഗഞ്ചിൽ, ബിജെപി പ്രവർത്തകന്റെ കുത്തേറ്റ് തൃണമൂൽ പ്രവർത്തകന് പരുക്കേറ്റു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.

43 മണ്ഡലങ്ങളിലായി 306 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടം സമ്മാനിച്ച മണ്ഡലങ്ങളാണ് ഇവ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 43ൽ 32ഉം തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. എന്നാൽ 2019ലെ വോട്ടുവിഹിത പ്രകാരം 19 സീറ്റുകളിൽ ബിജെപി മുന്നേറി.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ് ഉൾപ്പെടെയുള്ള നേതാക്കൾ ആറാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. നാഡിയ ജില്ലയിലെ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തിലാണ് മുകുൾ റോയ് മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനായി നടി കൗഷാനി മുഖർജിയും കോൺഗ്രസ് സ്ഥാനാർഥിയായ സിൽവി സാഹയും മത്സരിക്കുന്നു. മുകുൾ റോയിയുടെ മകൻ ശുഭ്രാംശു റോയ് ബിജ്പുർ മണ്ഡലത്തിലും മത്സരിക്കുന്നു.

മമത ബാനർജി മന്ത്രിസഭയിലെ രണ്ടു മുതിർന്ന മന്ത്രിമാരും വ്യാഴാഴ്ച ജനവിധി തേടുന്നവരുടെ കൂട്ടത്തിലുണ്ട്. ആരോഗ്യ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ദം ദം ഉത്തർ മണ്ഡലത്തിൽനിന്നും ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മാലിക് ഹബ്രയിൽനിന്നുമാണ് മത്സരിക്കുന്നത്. പ്രമുഖ സംവിധായകൻ രാജ് ചക്രബർത്തി ബാരക്പുരിൽനിന്നും തൃണമൂൽ ടിക്കറ്റിൽ മത്സരിക്കുന്നു.

English Summary: Phase 6 Of Bengal Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com