ADVERTISEMENT

തൃശൂർ∙ പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽവരവ് പഞ്ചവാദ്യം നടക്കവെ പുലർച്ചെ ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണ് 2 പേർ മരിച്ച പശ്ചാത്തലത്തിൽ, പകൽപ്പൂരം ഉപേക്ഷിച്ച് ഇന്നു രാവിലെ ഉപചാരം ചൊല്ലി പിരിയൽ ചടങ്ങ് നടത്തി. തൃശൂർ പൂരം സമാപിച്ചു. മേളത്തിന്റെ അകമ്പടിയില്ലാതെ ഇരുകൂട്ടരുടെയും ഓരോ ആനകൾ തിടമ്പുമായി വന്ന് പടിഞ്ഞാറേ നടയിൽ അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലുകയായിരുന്നു. രാവിലെ 11ന് നടക്കാറുള്ള ചടങ്ങ് ഇക്കുറി 8.30ന് ആയിരുന്നു. 

ഇന്നലെ തിരുവമ്പാടി വിഭാഗത്തിന്റെ രാത്രി പഞ്ചവാദ്യം നടക്കുമ്പോൾ ബ്രഹ്മസ്വം മഠത്തിനു സമീപത്തെ ആൽമരത്തിലെ കൊമ്പ് പൊട്ടി വീണാണ് അപകടം.  വാദ്യകലാകാരന്മാരടക്കം 15 പേർക്കു പരുക്കുണ്ട്.

അപകടത്തെ തുടര്‍ന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചിരുന്നു. വെടിക്കെട്ടിനുള്ള സാമഗ്രികൾ ഇതിനകം തന്നെ മൈതാനത്ത് നിരത്തിയതിനാൽ തിരിച്ചെടുക്കൽ അപ്രായോഗികമായതിനെ തുടർന്ന് നിറച്ച  വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. 

ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണ് പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്സിബിഷൻ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്. രമേഷ് മണ്ണുത്തി സ്വദേശിയാണ്. 27 പേർക്ക് പരുക്കുണ്ട്. 20 പേരെ ജില്ലാ ആശുപത്രിയിലും 7 പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 

ബ്രഹ്മസ്വം മഠത്തിനു സമീപം പഞ്ചവാദ്യം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൊമ്പ് ഒടിഞ്ഞുവീണത്. ഈ ബഹളത്തിനിടെ ആന എംജി റോഡിലേക്ക് നീങ്ങിയെങ്കിലും ഉടൻ നിയന്ത്രണത്തിലാക്കാനായി.  ചില മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് വൈദ്യുതി നിലച്ചതോടെ രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി.

English Summary: Thrissur pooram fireworks canceled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com