‘ആ ചിത്രം എടുത്തത് അമീറിന്റെ മകൻ; സിപിഎം കെണിയിൽ മുല്ലപ്പള്ളി വീണു’

HIGHLIGHTS
  • കെപിസിസി പ്രസിഡന്റിന്റെ പല തീരുമാനവും അറിയുന്നത് പത്രത്തിൽ
  • വർഗീയവാദിയാക്കാനുള്ള സിപിഎം നീക്കത്തിൽ മുല്ലപ്പള്ളിയും വീണു
  • 75–80 സീറ്റ് കിട്ടും, പാലായിൽ ജോസ് കെ. മാണി തോൽക്കും
MM Hassan Interview
എം.എം.ഹസ്സൻ (ചിത്രം: മനോരമ)
SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയുടെ ഏകോപനം ഉറപ്പുവരുത്തുക എന്ന ചുമതല നിർവഹിച്ച യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉറച്ച വിജയപ്രതീക്ഷയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അതേസമയം അദ്ദേഹം വൻ പ്രതിരോധത്തിലായിരുന്നു. വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ നീക്കുപോക്കിനെ ന്യായീകരിച്ച ഹസനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻതന്നെ പരസ്യമായി രംഗത്തുവന്നു. ജമാ അത്തെ ഇസ്‌ലാമി കേരള അമീറിനെ ഹസൻ സന്ദർശിച്ചത് അന്നു വിമർശകർ ഹസനെതിരെ ആയുധമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനൊപ്പം ഈ വിവാദങ്ങളിൽ തന്റെ വിശദീകരണം ഇതാദ്യമായി ‘ക്രോസ് ഫയറിൽ’അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി നടത്തിയ വിശദ അഭിമുഖത്തിൽ കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശൈലിക്കെതിരെയും ഹസൻ രൂക്ഷമായി തിരിഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്. വോട്ടെടുപ്പു കഴിഞ്ഞപ്പോഴുള്ള ആത്മവിശ്വാസത്തിൽ ചോർച്ച ഉണ്ടോ?

ഒട്ടുമില്ല. ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂ. കഴിഞ്ഞദിവസത്തെ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലെ കണക്കുകളും ഞങ്ങളുടെ ആത്മവിശ്വാസം ശക്തമാക്കുന്നതാണ്. പ്രചാരണത്തിന്റെ അവസാന ആഴ്ചയിലാണ് യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്ന ട്രെൻഡ് പ്രകടമായത്. മിക്ക തിരഞ്ഞെടുപ്പുകളിലും ആ അവസാന വട്ട ട്രെൻഡ് ആണ് വിധി നിർണയിക്കുന്നത്. 75–80 സീറ്റ് കിട്ടുമെന്നാണ്  വിലയിരുത്തൽ.

ഏതൊക്കെ ജില്ലകളിലാണ് യുഡിഎഫ്  മേധാവിത്തം പ്രതീക്ഷിക്കുന്നത്?

കഴിഞ്ഞതവണ പിന്നിലായിപ്പോയ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ തെക്കൻജില്ലകളിൽ വളരെ മുന്നോട്ടുവരും. ഒരു സീറ്റ് മാത്രം 2016ൽ ലഭിച്ച തൃശൂരിൽ വലിയ മാറ്റം ഉണ്ടാകും. സ്പ്രിൻക്ലർ മുതൽ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഓരോ അഴിമതികളിലും കഴമ്പുണ്ടെന്നു ജനം വിശ്വസിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ മാറണമെന്ന ജനവികാരം കേരളമാകെ പ്രതിഫലിക്കുന്നുണ്ട്.

kottayam-pinarai-and-jose-k-mani
ജോസ് കെ.മാണി പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. ചിത്രം: മനോരമ

കേരളകോൺഗ്രസ്(എം) യുഡിഎഫ് വിട്ടു പോയത് മധ്യകേരളത്തിൽ പക്ഷേ മുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയില്ലേ? 

ജോസ് കെ.മാണി പോയതിനെത്തുടർന്ന് ക്രിസ്ത്യൻ വിഭാഗത്തിൽ യുഡിഎഫിനെതിരെ വികാരം ശക്തിപ്പെട്ടുവെന്നായിരുന്നു പ്രചാരണം. എന്നാൽ ചങ്ങനാശേരി, തൃശൂർ ബിഷപ്പുമാർ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പുറപ്പെടുവിച്ച പ്രസ്താവനകളോടെ അത് അസ്ഥാനത്തായി. അഴിമതിക്കും അക്രമത്തിനും വർഗീയതയ്ക്കും എതിരെ ജനവികാരം പ്രതിഫലിക്കണമെന്ന ആഹ്വാനമാണ് ഇവരിൽനിന്നുണ്ടായത്. പ്രാദേശിക തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ചെന്നതിന്റെ പ്രയോജനം കുറച്ചൊക്കെ എൽഡിഎഫിനു കിട്ടിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അതുണ്ടാകുമെന്നു കരുതുന്നില്ല.

ജോസ് കെ. മാണി വിഭാഗത്തിന് എത്ര സീറ്റ് കിട്ടും?

എൽഡിഎഫിലെ ഓരോ കക്ഷിക്കും എത്ര സീറ്റ് എന്ന വിലയിരുത്തൽ നടത്തിയിട്ടില്ല. എന്തായാലും ജോസ് കെ.മാണി മത്സരിച്ച പാലായിൽ‍ അദ്ദേഹം തോൽക്കും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, കടുത്തുരുത്തി എന്നിവിടങ്ങളിലെല്ലാം വിജയപ്രതീക്ഷയിലാണ്. ഏഴോളം സീറ്റുകൾ കോട്ടയത്ത് യുഡിഎഫിനു കിട്ടുന്നതോടെ മുന്നണി വിട്ട അവരുടെ തീരുമാനം പിഴയ്ക്കും.

ജോസ്–ജോസഫ് പോരിൽ അപ്പോൾ ജോസഫിനാകും നേട്ടം എന്ന വിശ്വാസത്തിലാണോ?

അതെ. ജോസഫ് വിഭാഗത്തിന് 3–4 സീറ്റ്  സീറ്റ് കോട്ടയത്ത് കിട്ടിയാൽ ഇടുക്കിയും തൊടുപുഴയും മറ്റും വരുമ്പോൾ 6–8 സീറ്റ് എന്നാണ് അവരുടെ വിലയിരുത്തൽ എന്നാണ് മനസ്സിലാക്കുന്നത്.

M-M-Hassan-1
എം.എം.ഹസ്സൻ (ചിത്രം: മനോരമ)

11 ഘടകകക്ഷികളായി എൽഡിഎഫ് വികസിച്ചതിന്റെ പ്രയോജനം ഉണ്ടാകില്ലെന്നാണോ?

ജോസ് വിഭാഗത്തിന്റെ സ്ഥിതി  പറഞ്ഞല്ലോ. യുഡിഎഫിൽനിന്ന് എൽഡിഎഫിലേക്കു തിരിച്ചു പോയത് എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നവരാണ്. ആ പാർട്ടിക്ക് കൽപ്പറ്റ  ജയിക്കാൻ സാധിക്കില്ല. വടകരയും യുഡിഎഫ് പിടിക്കും.

കോൺഗ്രസിന് 45 സീറ്റ് എങ്കിലും കിട്ടിയാലേ അധികാരം ലഭിക്കാൻ ഇടയുള്ളൂ. അതു നടക്കുമോ?

അതാണ് ഞങ്ങൾ‍ പ്രതീക്ഷിക്കുന്നത്. 50 സീറ്റ് ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചത്. അതിരുകളും എതിരുകളും ഇല്ലാത്ത പിണറായി വിജയൻ ഭരണത്തിന് തിരിച്ചടി ലഭിക്കും. പിണറായി വിരുദ്ധ തരംഗം അതിശക്തമായി ആഞ്ഞടിച്ചാൽ ഈ പറഞ്ഞ കണക്കുകൾക്ക് അപ്പുറത്തേയ്ക്ക് യുഡിഎഫ് മുന്നേറും.

എറണാകുളം ജില്ലയിൽ ട്വന്റി ട്വന്റിയും പൂഞ്ഞാറിൽ‍ പി.സി.ജോർജും അട്ടിമറി നടത്തുമോ?

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പോലെ  ഒരു അട്ടിമറിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് കഴിയില്ലെന്നാണ് കരുതുന്നത്. പി.സി.ജോർജിന്റെ കാര്യം പറയാൻ കഴിയില്ല. ഒടുവിൽ ബിജെപിയുടെ പിന്തുണ അദ്ദേഹത്തിനു ലഭിച്ചു. അതിനുള്ള പ്രത്യുപകാരമായിരുന്നു അദ്ദേഹത്തിന്റെ തൊടുപുഴ പ്രസംഗം.

യുഡിഎഫ് കൺവീനറായ താങ്കൾക്ക്  ഇത്തവണ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നു  കേട്ടിരുന്നു. പിൻ‍വാങ്ങിയതാണോ?

പുതുമുഖങ്ങൾക്കും ചെറുപ്പക്കാർക്കും പരിഗണന നൽകാനായിരുന്നു ഹൈക്കമാൻഡിന്റെ നിർദേശം. അതുകൊണ്ട് ഞങ്ങൾ പാർട്ടി പ്രവർത്തനത്തിലേക്ക് കേന്ദ്രീകരിച്ചു. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുക എന്നത് ഏതു  പ്രവർത്തകന്റെയും ആഗ്രഹമാണ്. അനുഭവ സമ്പത്തുള്ളവരുടെയും പുതുമുഖങ്ങളുടെയും മിശ്രണമാണ് രാഹുൽഗാന്ധി നിർദേശിച്ചത് എന്നതിനാൽ പരിചയസമ്പത്തുള്ള എന്നെപ്പോലെ ഒരാൾക്ക് സീറ്റ് ആഗ്രഹിക്കാം. എന്നാൽ  നാലും അഞ്ചും തവണ ജയിച്ചിട്ടുള്ളവർ സ്വയം പിൻവാങ്ങണമെന്ന അഭിപ്രായത്തിനു മുൻതൂക്കം ലഭിച്ചപ്പോൾ ഞാൻ പിന്മാറി.

എം.എം.ഹസന് ഒരു മണ്ഡലവും ഇക്കാലമത്രയും ഉറപ്പിക്കാൻ കഴിഞ്ഞില്ല എന്നു വിമർശിക്കുന്നവരുണ്ടല്ലോ?

രണ്ടുതവണ കഴക്കൂട്ടത്തും രണ്ടു തവണ തിരുവനന്തപുരം വെസ്റ്റിലും ജയിച്ചു. വെസ്റ്റിൽ തോറ്റശേഷം കായംകുളത്ത് മത്സരിച്ചു ജയിച്ചു. വീണ്ടും അവിടെ  ജയിക്കാൻ  എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ ഐക്യമുന്നണി സംവിധാനത്തിൽ ആ സീറ്റ് വിട്ടുകൊടുക്കേണ്ടിവന്നു. മറ്റൊരിടത്തും ലഭിക്കാതെയും പോയി. ഒരു നിയോജകമണ്ഡലത്തെ നല്ല നിലയിൽ പരിപാലിച്ച് വീണ്ടും ജയിക്കാമെന്ന സ്ഥിതി വന്നപ്പോഴാണ് ഞാൻ സ്ഥാനാർഥി അല്ലാതായത്.

M-M-Hassan-Shashi-Tharoor-Ramesh-Chennithala
രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർക്കൊപ്പം എം.എം.ഹസ്സന്‍ (ചിത്രം: മനോരമ)

തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം യുഡിഎഫിനെ വലിയ വിവാദങ്ങളിൽ ചാടിച്ചു. താങ്കൾ ആ സഖ്യത്തിന്റെ വക്താവായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയെക്കുറിച്ച് കേൾക്കാതെ പോയത്  ആ സഖ്യം യുഡിഎഫ് ഉപേക്ഷിച്ചതു കൊണ്ടാണോ?

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടായ തിക്താനുഭവങ്ങളുടെ അടിസ്ഥാനത്തിൽ യുഡിഎഫുമായി ഒരു തിരഞ്ഞെടുപ്പ് ബന്ധത്തിന് ഇല്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ആ ബന്ധം വിവാദമാക്കിയത് സിപിഎമ്മാണ്. അവരുടെ  പ്രചാരണക്കെണിയിൽ പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചില പ്രസ്താവനകൾ നടത്തി.  2015ലെ തിരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയുമായി സഖ്യമുണ്ടാക്കി 56 പഞ്ചായത്തുകളിൽ അധികാരം പങ്കിട്ടവരാണ് വെൽഫെയർ പാർട്ടി. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫാഷിസത്തിനെതിരെ നിലപാട് എടുത്ത് കോൺഗ്രസിനെയും യുഡിഎഫിനെയും അവർ പിന്തുണച്ചു. അന്ന് അവരുമായി സംസാരിക്കുകയും പിന്തുണ ഉറപ്പിക്കുകയും ചെയ്തതു യുഡിഎഫ് നേതാക്കൾ‍ തന്നെയാണ്. അപ്പോഴൊന്നും വിവാദം ഉണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ അവരെ പോലെയുള്ള ഗ്രൂപ്പുകളുമായി പ്രാദേശികമായ നീക്കുപോക്ക് ഉണ്ടാക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി കൺവീനർ ആയ ഞാൻ സംസാരിച്ചത്.

ഇതിന്റെ ഭാഗമായി ജമാ അത്തെ ഇസ്ലാമി കേരള അമീറിനെ താങ്കൾ  സന്ദർശിച്ചത് വലിയ വിവാദം ഉണ്ടാക്കിയല്ലോ? ഇക്കാര്യത്തിൽ തെറ്റു പറ്റിയോ?

യുഡിഎഫ് കൺവീനറായശേഷം എല്ലാ സാമൂഹിക, സാമുദായിക സംഘടനാ നേതാക്കളെയും കാണാൻ തീരുമാനിച്ചിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും ബിഷപ്പുമാരെയും കണ്ടു, എ.പി.അബൂബക്കർ മുസലിയാർ, ഹുസൈൻ മടവൂർ, ജിഫ്രി തങ്ങൾ ഇവരെ എല്ലാം കണ്ടു. പ്രതിപക്ഷ നേതാവിനോടും ഉമ്മൻചാണ്ടിയോടും കാണുന്ന നേതാക്കളെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കണ്ട ശേഷം ആര്യാടൻ മുഹമ്മദിനെ സന്ദർശിച്ചപ്പോഴാണ് അടുത്തു താമസിക്കുന്ന അമീർ എം.ഐ.അബ്ദുൽ അസീസിനെ കണ്ടത്. അത് ഒരു സൗഹൃദസന്ദർശനം മാത്രമായിരുന്നു. ന്യൂനപക്ഷങ്ങളുടെ ഒരു മുന്നണിയാണ് യുഡിഎഫ് എന്നു വരുത്തിത്തീർക്കാനുള്ള പഴയ തന്ത്രം ഇതോടെ സിപിഎം പുറത്തെടുത്തു. കുഞ്ഞാലിക്കുട്ടി–ഹസൻ‍– അമീർ അച്ചുതണ്ട് ആരോപണവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ഇതോടെ മറ്റു ചിലരെ കൂടി കാണണമെന്ന് കെപിസിസി പ്രസിഡന്റ് നിർദേശിച്ചു. അങ്ങനെയാണ് താമരശേരി ബിഷപ്പിനെ കാണുന്നത്.

പക്ഷേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ താങ്കളുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞല്ലോ?

വിവാദം ഉയർന്നപ്പോൾ  കെപിസിസി പ്രസിഡന്റ് ആദ്യം പ്രതികരിച്ചത് എല്ലാ സമുദായ നേതാക്കളെയും ഹസൻ കാണുന്ന കാര്യം തനിക്കറിയാം എന്നായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹംതന്നെ പങ്കെടുത്ത പ്രചാരണ യോഗത്തിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥി പങ്കെടുത്തതിന്റെ  ചിത്രം ‘ദേശാഭിമാനിയിൽ’ വന്നതു ചൂണ്ടിക്കാട്ടി ചോദ്യം ഉയർന്നതോടെ അവരുമായി ഒരു ബന്ധമോ നീക്കുപോക്കോ ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. യഥാർഥത്തിൽ മുൻകാല ഇടതു ബന്ധം ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ പ്രചാരണത്തെ അങ്ങോട്ടു കടന്നാക്രമിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിനു പകരം അതോടെ  പ്രതിരോധത്തിലേക്ക് കോൺഗ്രസ് പോയി. 

Mullappally-Ramachandran-Ramesh-Chennithala-MM-Hassan
എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ (ചിത്രം: മനോരമ)

വെൽഫെയർ പാർട്ടി ബന്ധത്തെക്കുറിച്ചായി എവിടെയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ. ഭൂരിപക്ഷ വർഗീയതയെ ചൂഷണം ചെയ്യാൻ സിപിഎം ഈ വിവാദം ഉപയോഗിച്ചു. ഈ ബന്ധത്തിനു നേതൃത്വം കൊടുത്തവർക്കെതിരെ നടപടിയെടുക്കും എന്ന നിലയിലായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. ഇതോടെ യഥാർഥ വസ്തുത പറയണമെന്ന് പ്രതിപക്ഷ നേതാവ് എന്നോടു നിർദേശിച്ചു. വർഗീയതയ്ക്കും അഴിമതിക്കും ഫാഷിസത്തിനും അക്രമത്തിനും എതിരെ പോരാടുന്ന എല്ലാ സംഘടനകളുമായും സാമൂഹിക പ്രസ്ഥാനങ്ങളുമായും നീക്കുപോക്ക് ഉണ്ടാക്കാനുള്ള പ്രാദേശികതല അനുമതിക്ക് യുഡിഎഫ് യോഗം തീരുമാനിച്ച കാര്യം ഞാൻ പറഞ്ഞു. ആർഎംപിയും വെൽഫെയർ പാർട്ടിയും  ഈ ഗണത്തിൽ വരും. മുല്ലപ്പള്ളി ആർഎംപി ബന്ധത്തെയും  എതിർത്തല്ലോ.

ഈ യുഡിഎഫ് യോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്തിരുന്നോ?

പങ്കെടുത്തിരുന്നു. എതിർപ്പുണ്ടെങ്കിൽ അവിടെ വച്ച് അക്കാര്യം കട്ടായമായിട്ടു പറയാമായിരുന്നല്ലോ. കോൺഗ്രസിന്റെ അഖിലേന്ത്യാനയത്തിന് എതിരാകുമോ എന്ന തരത്തിൽ ഒരു വിയോജിപ്പ് അദ്ദേഹം പറഞ്ഞിരുന്നു. യഥാർഥത്തിൽ ഓരോ സംസ്ഥാനത്തും ഉണ്ടാക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തോടു വിശദീകരിച്ചും സാഹചര്യം ബോധ്യപ്പെടുത്തിയും അനുമതി വാങ്ങുകയല്ലേ ഇവർ ചെയ്യേണ്ടത്? എഐസിസി ജനറൽ സെക്രട്ടറി എന്നോട് ഇക്കാര്യം ചോദിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഒരു കാലത്ത് ശക്തമായി എതിർത്തിരുന്ന ശിവസേനയുമായി കോൺഗ്രസ് കൂട്ടുകൂടിയില്ലേ എന്ന് ഞാൻ അദ്ദേഹത്തോട്  ചോദിച്ചു. ആ സംസ്ഥാനത്ത് ബിജെപിയെ അകറ്റി നിർത്താൻ ആവശ്യമായ  ഒരു രാഷ്ട്രീയ നിലപാട് അവർ അന്നു ദേശീയ നേതൃത്വത്തെ  ബോധ്യപ്പെടുത്തി. ഇവിടെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ച മാത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടായത് എന്നോർമിക്കണം.  

പക്ഷേ ജമാഅത്തെ അമീറിനെ താങ്കൾ കണ്ടതും കൂടിക്കാഴ്ച്ചയുടെ ചിത്രം പുറത്തുവന്നതും യുഡിഎഫിനെ പൊതുവിൽ പ്രതിരോധത്തിലാക്കിയില്ലേ? 

‘കൊട്ടും കുരവയുമായി’ ചിലരെ ഹസൻ കണ്ടു എന്നാണല്ലോ താങ്കളുമായുള്ള ‘ക്രോസ് ഫയറിൽ’  കെപിസിസി പ്രസിഡന്റ് ആക്ഷേപിച്ചത്. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. മറ്റു സമുദായ നേതാക്കളെ പലരെയും കണ്ടപ്പോൾ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. എന്നാൽ അമീറിനെ കാണാൻ പോയത് അങ്ങനെയല്ല. ഒരു ചാനലിനോടും വിളിച്ചുപറഞ്ഞില്ല. ഞാനും മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശുമാണ് കൂടിക്കാഴ്ച്ചയിൽ ഉണ്ടായത്. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ മകനും പേരക്കുട്ടികളും വന്നു. കുട്ടികൾ അടുത്തു വന്നിരുന്ന് ഞങ്ങളുടെ ഒരു പടമെടുക്കണം എന്നു പറഞ്ഞു.

chennithala-mm-hassan-oommen-chandy-mullappally
യുഡിഎഫിന്റെ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽനിന്ന്. (ചിത്രം: മനോരമ)

മകൻ അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു ഫോട്ടോ എടുത്തു. പിറ്റേന്ന് ‘അമീറിനെ കണ്ടിരുന്നോ’ എന്നു കൈരളി ചാനൽ എന്നെ വിളിച്ചു ചോദിച്ചു. ഒളിച്ചുവയ്ക്കാൻ ഒന്നുമില്ല എന്നുള്ളതിനാൽ കണ്ട കാര്യം  ഞാൻ പറഞ്ഞു. തലയിൽ മുണ്ടിട്ടു പോകേണ്ട ഒരു കാര്യവും ആ കൂടിക്കാഴ്ച്ചയിൽ ഉണ്ടായിരുന്നില്ല. പടമെടുത്ത കൂട്ടത്തിൽ അമീറും ഞങ്ങളും മാത്രമുളള ചിത്രവും മകൻ എടുത്തിരുന്നു. മീഡിയാ വൺ ചാനലും അവരും തമ്മിലെ ബന്ധം അറിയാമല്ലോ. കൂടിക്കാഴ്ച്ച  മകനോട് ചോദിച്ച് അവർ സ്ഥിരീകരിച്ചപ്പോൾ ഫോട്ടോ ഉണ്ടെങ്കിൽ തരാമോ എന്നു ചോദിച്ചു. അദ്ദേഹം അതു കൊടുക്കുകയും ചെയ്തു. മകനാണ് നൽകിയത് എന്ന് അമീർ തന്നെയാണ് പിന്നീടുള്ള അന്വേഷണത്തിൽ എന്നോടു പറഞ്ഞത്.

അദ്ദേഹം ബോധപൂർവം അങ്ങനെ ചെയ്തതല്ല. മീഡിയ വണ്ണിൽ വന്ന ചിത്രമാണ് കൈരളി ചാനൽ അടക്കം  പിന്നീട് ഉപയോഗിച്ചത്. എന്നെ ഒരു വർഗീയ വാദിയാക്കി ചിത്രീകരിക്കാൻ മാർക്സിസ്റ്റ് പാർട്ടി നടത്തിയ ശ്രമത്തെ പരോക്ഷമായി നമ്മുടെ ചില നേതാക്കൾ പിന്താങ്ങിയതായി എനിക്കു തോന്നി. ഏഴെട്ടു തിരഞ്ഞെടുപ്പിൽ മത്സരിച്ച എനിക്ക് ഒരു തിരഞ്ഞെടുപ്പിലും ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടില്ല, എതിർത്തിട്ടേ ഉള്ളൂ. തിരുവനന്തപുരം വെസ്റ്റിൽ ഞാൻ തോറ്റതു തന്നെ പിഡിപി സ്ഥാനാർഥിയുടെ സാന്നിധ്യം കൊണ്ടാണ്. 

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെയു മൊയ്തു മൗലവിയുടെയും പാരമ്പര്യം പിന്തുടരുന്ന ദേശീയതയിൽ അടിയുറച്ചു വിശ്വസിക്കുന്ന മതേതരവിശ്വാസിയാണ് ഞാൻ. അങ്ങനെയുള്ള എനിക്കെതിരെ സിപിഎം നടത്തിയ പ്രചാരണത്തിന്റെ കെണിയിൽ കെപിസിസി പ്രസിഡന്റിനെപോലെ ഒരാൾ വീണപ്പോൾ എനിക്ക് പരസ്യമായി പ്രതികരിക്കാൻ അപ്പോൾ പരിമിതി ഉണ്ടായി. ഇപ്പോൾ ഇക്കാര്യം വിശദീകരിക്കാവുന്ന ഒരു സാഹചര്യം വന്നതു കൊണ്ടു പറയുന്നു. 

കോൺഗ്രസിന്റെ ദേശീയ നയത്തിന് അനുസൃതമായ ഒരു നിലപാട് കെപിസിസി പ്രസിഡന്റ് എടുക്കുന്നതിൽ തെറ്റു പറയാൻ കഴിയുമോ? 

അങ്ങനെ ഒരു നിലപാട് അദ്ദേഹം  എടുക്കുമ്പോൾ യുഡിഎഫിന്റെ ചെയർമാനെയും കൺവീനറെയും വിശ്വാസത്തിലെടുക്കേണ്ടേ? കൊച്ചി യോഗത്തിൽ അദ്ദേഹം അതിനെ അനുകൂലിച്ചില്ല എന്നതു ശരി. പക്ഷേ മുന്നണി അക്കാര്യം  തീരുമാനിച്ചതാണ്. മുസ്‌ലിം ലീഗിന്റെ മുൻകയ്യിൽ എടുത്ത ആ തീരുമാനം അങ്ങനെതന്നെ  മുന്നോട്ടുപോകട്ടെ എന്നാണ് രാഷ്ട്രീയകാര്യസമിതിയും നിശ്ചയിച്ചത്. എന്നിട്ടും ആവർത്തിച്ച് അദ്ദേഹം മറിച്ചു പറഞ്ഞതുകൊണ്ടാണല്ലോ ഇതു വിവാദമായത്. കോൺഗ്രസിന്റെ നയം പറയേണ്ടത് തീർച്ചയായും കെപിസിസി പ്രസിഡന്റാണ്. പക്ഷേ അഖിലേന്ത്യാനേതൃത്വത്തോട് ഇവിടുത്തെ സാഹചര്യത്തെക്കുറിച്ചു വിശദീകരിക്കേണ്ട ബാധ്യതയും കെപിസിസി പ്രസിഡന്റിനില്ലേ? പ്രതീക്ഷിച്ച വിജയം ഉണ്ടാകാതെ വന്നതോടെ ഇതാണ് തോൽവിയുടെ കാരണം എന്നു ഞങ്ങളുടെ കൂട്ടത്തിലെ ചില കപടമതേതരവാദികൾ പറഞ്ഞു നടക്കാൻ തുടങ്ങി. പുറത്തു വലിയ വിമർശകരും അകത്ത് ഇവരെ എല്ലാം ആരാധിക്കുന്നവരുമാണ് ഇക്കൂട്ടർ. 

Oommen-Chandy-Chennithala-Ramesh-MM-Hassan
എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി

ആ ബന്ധം തിരഞ്ഞെടുപ്പിൽ ദോഷം ഉണ്ടാക്കിയില്ല എന്നാണോ? 

ബന്ധമല്ല പ്രശ്നമായത്, അതിന്റെ പേരിൽ ഉണ്ടാക്കിയ വിവാദങ്ങളാണ്. ഗുണമുണ്ടായോ എന്നത് വെൽഫെയർ പാർട്ടിക്കു സ്വാധീനമുള്ള പഞ്ചായത്തുകൾ നോക്കിയാൽ മനസ്സിലാകും. തെറ്റായ പ്രചാരണം ഭൂരിപക്ഷ വർഗീയതയെ സ്വാഭാവികമായും സ്വാധീനിക്കുമല്ലോ. നമ്മൾ തന്നെ ആ കെണി ഉണ്ടാക്കിക്കൊടുത്തു.

കെപിസിസി പ്രസിഡന്റിനോട് താങ്കൾ ഇക്കാര്യം സംസാരിച്ചോ? 

രാഷ്ട്രീയകാര്യസമിതിയിൽ ആദ്യം പറഞ്ഞു. അതിനുശേഷം ‘ക്രോസ് ഫയറി’ലെ ‘കൊട്ടും കുരവയും’ പരാമർശത്തോടുള്ള ശക്തമായ പ്രതിഷേധം നേരിട്ടു ധരിപ്പിച്ചു. ഞാനും കെപിസിസി പ്രസിഡന്റായിരുന്ന ആളാണ്, അതുകൊണ്ടാണ് മറ്റൊരു കെപിസിസി പ്രസിഡന്റിനെതിരെ  ഉടൻ  ഒരു പരസ്യ പ്രസ്താവനയ്ക്കു തയാറാകാത്തത് എന്നു പറഞ്ഞു. അദ്ദേഹം എന്നോട് ‘സോറി’യും പറഞ്ഞു. 

തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രവർത്തനത്തിൽ വീഴ്ച്ച ഉണ്ടായി എന്നു  കെപിസിസി പ്രസിഡന്റ് തുറന്നു പറഞ്ഞല്ലോ? തലസ്ഥാനത്ത് താമസിക്കുന്ന താങ്കൾ ഇക്കാര്യം ശ്രദ്ധിച്ചോ? 

സ്ഥാനാർഥിയുടെ പോസ്റ്ററുകൾ അക്രിക്കടയിൽ കണ്ട സംഭവം പുറത്തു വന്ന  ഉടനെ ഡിസിസി നടപടിയെടുക്കുകയും അന്വേഷിക്കാൻ സമിതിയെ വയ്ക്കുകയും ചെയ്താണ്. അപ്പോൾ അത്രയുമായിരുന്നു ഉചിതം. തിര‍ഞ്ഞെടുപ്പു ഫലം വന്ന ശേഷം  മാത്രം കെപിസിസി ഇടപെട്ടാൽ മതിയായിരുന്നു. കെപിസിസി പ്രസിഡന്റ് എടുക്കുന്ന തീരുമാനത്തെ എല്ലാം പരസ്യമായി എതിർക്കാൻ പാടില്ലല്ലോ. കെപിസിസി തന്നെ  അന്വേഷണ സമിതിയെ വയ്ക്കാൻ എടുത്ത  തീരുമാനം ഞാനും പത്രത്തിൽ  വായിച്ചു. 

mullappally-ramachandran-02
മുല്ലപ്പള്ളി രാമചന്ദ്രൻ (ചിത്രം: മനോരമ)

മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭാഗത്തു നിന്ന് എല്ലാവരുമായും വേണ്ടത്ര കൂടിയാലോചനകൾ ഇല്ലെന്നാണോ? 

രാഷ്ട്രീയകാര്യസമിതി ഇപ്പോൾ അങ്ങനെ കൂടാറിലല്ലല്ലോ. അതുകൊണ്ട് അത്യാവശ്യം കുറപ്പേരോടെങ്കിലും ആലോചിച്ച് കാര്യങ്ങൾ ചെയ്യണമെന്ന് കഴിഞ്ഞ യോഗത്തിലും ഞങ്ങൾ തീരുമാനിച്ചതാണ്. പക്ഷേ യുഡിഎഫ് കൺവീനറായ ഞാനും പലതും പത്രത്തിൽ വായിച്ചാണ് അറിയുന്നത്. അഭിപ്രായ വ്യത്യാസം ഉടനെ പറഞ്ഞു നേതാക്കൾ വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന പ്രതീതി ഉണ്ടാക്കാതിരിക്കാനായി നിശബ്ദത പാലിക്കുന്നു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി?

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മത്സരിച്ചതു കൊണ്ടാണല്ലോ ഈ ചോദ്യം ഉയരുന്നത്. സാധാരണഗതിയിൽ ഭരണം നഷ്ടപ്പടുമ്പോൾ മുഖ്യമന്ത്രി ആയിരുന്ന ആളാണ് പ്രതിപക്ഷനേതാവാകുന്നത്. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിനുശേഷം പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവാകുന്നില്ല എന്ന് ഉമ്മൻചാണ്ടി സ്വയം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിന്റെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വത്തിലാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലേറിയാൽ ജയിച്ചു വരുന്ന എംഎൽഎമാരുടെ അഭിപ്രായവും ഹൈക്കമാൻഡിന്റെ നിർദേശവും പരിഗണിച്ച് ഒരു തീരുമാനമെടുക്കും. അക്കാര്യത്തി‍ൽ വലിയ തർക്കം ഉണ്ടാകില്ല. 

ഭരണം നഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവാകുന്നതാണ് രീതിയെങ്കിൽ ഭരണം കിട്ടിയാൽ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയും ആകുമെന്നു പറയാമല്ലോ?   

അങ്ങനെ അല്ലാതെയും സംഭവിച്ചിട്ടുണ്ടല്ലോ. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനും മത്സരിച്ചെങ്കിലും പിണറായി വിജയനല്ലേ ഇടതു മുന്നണിയുടെ മുഖ്യമന്ത്രി ആയത്. തീർച്ചയായും അതു മറ്റൊരു സാഹചര്യമാണ്. ഹൈക്കമാൻഡിന്റെ തീരുമാനമാണ് ഞങ്ങളുടെ കാര്യത്തിൽ പ്രധാനം. ജനങ്ങൾ ആഗ്രഹിക്കുന്നത് യുഡിഎഫ് യോജിച്ചു നിൽക്കണം എന്നാണ്. ആ ‘സ്പിരിറ്റ്’ ഉൾക്കൊണ്ട് ‍ ഐക്യത്തോടെ തീരുമാനമെടുക്കും. അല്ലാതെ അതിന്റെ പേരിൽ തല്ലു പിടിക്കാൻ പോയാൽ ജനങ്ങൾ യു‍ഡിഎഫിന് ശക്തമായി എതിരാകും. 

English Summary: Exclusive CrossFire Interview with Congress Leader MM Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA