ADVERTISEMENT

കോട്ടയം∙ പൊന്നോമനയെ ഒരു നോക്കു കണ്ട് മെറിൻ മരണത്തിലേക്ക് യാത്രയായി. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) മഹാമാരി നൽകിയ മറ്റൊരു നൊമ്പരമായി. തനിക്ക് ജന്മം നൽകി അഞ്ചാം ദിനം അമ്മ മരിച്ചതറിയാതെ പിഞ്ചു കുഞ്ഞ് ബന്ധുക്കളുടെ കൈകളിൽ.

ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യുവാണു (36) കോവിഡ് മൂലം മരിച്ചത്. അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിൻ. 8 മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി നടത്തിയ ആന്റിജൻ‌ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് പരിശോധന നടത്തിയത്.

തുടർന്ന് അത്യാഹിത വിഭാഗത്തിൽ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9നു മെറിൻ ‍ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ഒരു വട്ടം മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു. മെറിന് ശ്വാസ തടസ്സം രൂക്ഷമായതോടെ നടത്തിയ പരിശോധനയിൽ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി.

ഞായറാഴ്ച രാത്രി 10നു മരിച്ചു. സംസ്കാരം ഇന്നലെ മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി.  തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.

English Summary: Woman infected with Covid died on the fifth day after giving birth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com