ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ തുടർഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലം. ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ, എൻഡിടിവി, ടൈംസ് നൗ – സി വോട്ടർ, റിപബ്ലിക് ടിവി – സിഎൻഎക്സ് എന്നീ ദേശീയ മാധ്യമങ്ങളാണ് കേരളത്തിൽ തുടർഭരണം പ്രവചിക്കുന്നത്.

ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ എൻഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങൾ പ്രവചിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ, എൻഡിടിവി എന്നീ മാധ്യമങ്ങൾ‌ പ്രവചിക്കുന്നു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അസമിൽ എൻഡിഎ സഖ്യം ഭരണം നിലനിർത്തുമ്പോൾ പുതുച്ചേരിയിൽ എൻഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. 

കേരളത്തിൽ ആകെയുള്ള 140 സീറ്റുകളിൽ 104 മുതൽ 120 സീറ്റുകൾ വരെ നേടി എൽഡിഎഫ് ഭരണം നിലനിർത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. യുഡിഎഫ് 20 മുതൽ 36 സീറ്റുകളിൽ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എൻഡിഎ രണ്ടു സീറ്റുകൾ വരെ നേടിയേക്കാം. മറ്റുള്ളവർക്കും രണ്ടു സീറ്റു വരെ ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എൽഡിഎഫ് 47 ശതമാനം വോട്ടുകളും യുഡിഎഫ് 38 ശതമാനം വോട്ടുകളും നേടും. എൻഡിഎ 12 ശതമാനവും മറ്റുള്ളവർ മൂന്നു ശതമാനം വോട്ടും നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

എൻഡിടിവി എക്സിറ്റ് പോൾ ഫലപ്രകാരം 88 സീറ്റുമായി എൽഡിഎഫ് ഭരണം നിലനിർത്തും. യുഡിഎഫിന് 50 സീറ്റുകൾ ലഭിക്കും. എൻഡിഎ രണ്ടു സീറ്റുകൾ വരെ നേടാമെന്നും എൻഡിടിവി പ്രവചിക്കുന്നു. എൽഡിഎഫ് 74 സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ – സി വോട്ടർ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 65 സീറ്റുകൾ നേടുമ്പോൾ മറ്റുള്ളവർ ഒരു സീറ്റു നേടിയേക്കാമെന്നും പ്രവചിക്കുന്നു. 

എൽഡിഎഫ് 72 മുതൽ 80 സീറ്റുകൾ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി – സിഎൻഎക്സ് എക്സിറ്റ് പോൾ ഫലം. യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. എൻഡിഎ ഒന്നു മുതൽ അ‍ഞ്ച് സീറ്റുവരെ നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു. എൻഡിഎഫ് 42.50 ശതമാനം വോട്ടും യുഡിഎഫ് 36.95 ശതമാനം വോട്ടും എൻഡിഎ 18.56 ശതമാനം വോട്ടും നേടുമെന്നും റിപബ്ലിക് ടിവി പ്രവചിക്കുന്നു. 

കടുത്ത പോരാട്ടം നടന്ന ബംഗാളിൽ എൻഡിഎ 134 മുതൽ 160 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ, തൃണമൂൽ കോൺഗ്രസ് 130 മുതൽ 156 വരെ നേടുമെന്നും പറയുന്നു. ഇടത് – കോൺഗ്രസ് സഖ്യം രണ്ടു സീറ്റുകൾ വരെയും മറ്റുള്ളവർ ഒരു സീറ്റുവരെയും നേടിയേക്കാം. തൃണമൂൽ കോൺഗ്രസും (44% വോട്ട്) എൻഡിഎയും (43% വോട്ട്) തമ്മിൽ ഒരു ശതമാനത്തിന്റെ മാത്രം വോട്ടു വ്യത്യാസമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. 

എൻഡിഎ 138 മുതൽ 148 സീറ്റുകൾ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി – സിഎൻഎക്സ് പ്രവചനം. തൃണമൂൽ കോൺഗ്രസ് 128 മുതൽ 138 വരെ സീറ്റുകൾ വരെ നേടും. ഇടത് – കോൺഗ്രസ് സഖ്യം 11 മുതൽ 21 സീറ്റുകൾ മാത്രമായി ഒതുങ്ങും. തൃണമൂൽ കോൺഗ്രസ് 148 സീറ്റുകൾ ജയിക്കുമെന്ന് പ്രവചിക്കുന്ന എൻഡിടിവി, എൻഡിഎക്ക് 131 സീറ്റുകളും പ്രവചിക്കുന്നു.  

158 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ – സി വോട്ടർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. 115 സീറ്റുകൾ വരെ ബിജെപി നേടാം. സിപിഎം 19 സീറ്റു നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. 

തമിഴ്നാട്ടിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡിഎംകെ ഭരണത്തിലേക്കെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. 234 അംഗ സിയമസഭയിൽ ഡിഎംകെ സഖ്യത്തിന് 175 മുതൽ 195 സീറ്റുകൾ വരെയാണ് പ്രവചനം. എഐഎഡിഎംകെ – ബിജെപി സഖ്യത്തിന് 38 മുതൽ 54 സീറ്റുകൾ മാത്രമാണ് പ്രവചനം.

ഡിഎംകെ സഖ്യത്തിന് 160 മുതൽ 170 സീറ്റുകൾ വരെയാണ് റിപബ്ലിക് ടിവിയുടെ പ്രവചനം. എഐഎഡിഎംകെ സഖ്യം 58 മുതൽ 68 സീറ്റുകൾ വരെയും എഎംഎംകെ 4 മുതൽ 6 സീറ്റു വരെയും എംഎൻഎം രണ്ടും സീറ്റു വരെയും നേടിയാക്കാം. ഡിഎംകെ സഖ്യം 174 സീറ്റു നേടുമെന്ന് എൻഡിടിവി പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യം 57 സീറ്റുകളും നേടും. ഡിഎംകെ സഖ്യത്തിന് 165 സീറ്റാണ് ടൈംസ് നൗവിന്റെ പ്രവചനം. എഐഎഡിഎംകെ സഖ്യം 63 സീറ്റുകളും മറ്റുള്ളവർ 6 സീറ്റുവരെയും നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. 

അസമിൽ ബിജെപിക്ക് 75 മുതൽ 85 സീറ്റുകൾ വരെ ലഭിക്കാമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോൺഗ്രസ് സഖ്യം 40 മുതൽ 50 സീറ്റുവരെയും മറ്റു പാർട്ടികൾ 1 മുതൽ 4 സീറ്റുകൾ വരെയും നേടും. എൻഡിഎ 74 മുതൽ 84 സീറ്റുകൾ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി എക്സിറ്റ് പോൾ ഫലം. കോൺഗ്രസ് സഖ്യം 40 മുതൽ 50 സീറ്റുവരെയും മറ്റു പാർട്ടികൾ 1 മുതൽ 3 സീറ്റുകൾ വരെയും നേടും. ബിജെപി 69 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് എൻഡിടിവി പ്രവചിക്കുന്നു. കോൺഗ്രസ് സഖ്യത്തിന് 54 സീറ്റു വരെയെ നേടാനാവുയെന്നും എൻഡിടിവി പ്രവചിക്കുന്നു. ബിജെപിക്ക് 79 സീറ്റുകളാണ് ടൈംസ് നൗവിന്റെ പ്രവചനം. കോൺഗ്രസ് സഖ്യം 45 സീറ്റും മറ്റുള്ളവർ രണ്ടു സീറ്റും നേടും. 

പുതുച്ചേരിയിൽ 20 മുതൽ 24 വരെ സീറ്റുകളുമായി എൻഡിഎ സഖ്യം അധികാരം പിടിക്കുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. യുപിഎ 6 മുതൽ 10 സീറ്റുകൾ വരെ നേടിയാക്കാം. എൻഡിഎ സഖ്യം 18 സീറ്റുകളും യുപിഎ 12 സീറ്റും നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. റിപബ്ലിക് ടിവി എൻഡിഎ സഖ്യത്തിന് 16 മുതൽ 20 സീറ്റുവരെയും യുപിഎക്ക് 11 മുതൽ 13 സീറ്റുവരെയും പ്രവചിക്കുന്നു. 

English Summary: Assembly elections 2021 exit poll results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com