ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്തു കേസിൽ പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായർ നായർ എന്നിവർ സ്വർണം കടത്തിയതിനു തെളിവ് ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) സാധിച്ചിട്ടില്ലെന്നു വിചാരണക്കോടതി. ഇന്നലെ ഇരുവർക്കും ജാമ്യം അനുവദിച്ചുകൊണ്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണു പരാമർശം. ഇഡി ഹാജരാക്കിയ കുറ്റപത്രത്തിൽ ഇരുവരുടെയും കുറ്റസമ്മത മൊഴിയല്ലാതെ സ്വർണം കടത്തിയതിനു തെളിവു ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നാണു കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 

ഇഡി അന്വേഷണം ഏറെക്കുറെ പൂർത്തിയായിട്ടും തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിക്കുന്നു. സ്വർണക്കടത്തിലെ മുഖ്യ സൂത്രധാരകർ സന്ദീപും സരിത്തുമാണെന്ന് ഇഡി വാദിക്കുമ്പോഴും തെളിവു ഹാജരാക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ഈ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ഇന്നലെ ഇരുവർക്കും ജാമ്യം അനുവദിച്ചത്. അന്വേഷണം ഏതാണ്ട് പൂർത്തിയായിട്ടുള്ളതിനാൽ ജാമ്യം നൽകുന്നതിനു തെറ്റില്ലെന്ന വിലയിരുത്തലിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുമാണ് കോടതി ജാമ്യം നൽകിയത്. 

അതേസമയം വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ മെറിറ്റ് പരാമർശിച്ചു നടത്തിയ നിരീക്ഷണങ്ങൾക്കെതിരെയും അപ്പീൽ നൽകാനാണ് ഇഡി തീരുമാനം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മെറിറ്റിലേക്കു സാധാരണ നിലയിൽ കോടതി പരാമർശിക്കുന്ന പതിവില്ല. എന്നാൽ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ കോടതി നടത്തിയ നിരീക്ഷണങ്ങൾ വരും ദിവസങ്ങളിൽ കേസിന്റെ വിചാരണയെ ബാധിക്കും എന്നതു കണക്കിലെടുത്താണ് ഇഡി നീക്കം. 

English Summary: Sandeep Nair, Sarith get bail in ED case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com