എന്താണ് സർവേകളുടെ കൃത്യത? എക്സിറ്റ് പോളിന് വിശ്വാസ്യത കൂടുന്നത് എന്തുകൊണ്ട്?

HIGHLIGHTS
  • സർവേകളെ മാത്രം അടിസ്ഥാനമാക്കി പൊതുജനാഭിപ്രായം രൂപീകരിക്കാനാകണമെന്നില്ല
  • വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവർ നടത്തുന്ന അന്വേഷണങ്ങളിൽ കൃത്യത കുറയാം
  • സർവേകൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളും ആപ്പുകളും
Exit Poll
Diptendu DUTTA/AFP
SHARE

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനഹിതം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എന്നാൽ കേരളത്തിന് അകത്തും പുറത്തുമുള്ള ദൃശ്യ മാധ്യമങ്ങൾ നടത്തിയ പ്രീ പോൾ, എക്സിറ്റ് പോൾ സർവേകളുടെ ഫലം പുറത്തുവന്നു കഴിഞ്ഞു. എന്താണ് ഇത്തരം സർവേകളുടെ സ്വഭാവം. അതിലെ കൃത്യത എത്രമാത്രമാണ്? എന്തൊക്കെയാണ് ഇത്തരം സർവേകൾ നേരിടുന്ന വെല്ലുവിളികൾ? പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള സർവകലാശാല രാഷ്ട്രതന്ത്ര വിഭാഗം മുൻ പ്രഫസറുമായ ഡോ. ജെ.പ്രഭാഷ് ‘മനോരമ ഓൺലൈനോടു’ സംസാരിക്കുന്നു..

തിരഞ്ഞെടുപ്പു പഠനങ്ങൾ

ഇന്ത്യയിൽ തിരഞ്ഞെടുപ്പു പഠനങ്ങൾ ആരംഭിക്കുന്നത് അറുപതുകളോടെയാണ്. ജനങ്ങളുടെ രാഷ്ട്രീയ സമീപനങ്ങൾ മനസ്സിലാക്കാനുള്ള അക്കാദമികമായ പഠനങ്ങളായി മാത്രമായാണ് അവ ആദ്യ ഘട്ടങ്ങളിൽ നിലനിന്നിരുന്നത്. 1967ലാണ് കൃത്യമായ തിരഞ്ഞെടുപ്പു സർവേ തുടങ്ങിയത്. ജനഹിതം അറിയുക മാത്രമായിരുന്നു അതിന്റെയും ലക്ഷ്യം. അന്ന് റേഡിയോ മാത്രമാണല്ലോ ഉണ്ടായിരുന്നത്. ടിവി വന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിന്റെ ഫലം ജനങ്ങളിലേക്ക് എത്തിക്കുക എളുപ്പമായിരുന്നില്ല. പണ്ഡിത സദസ്സുകളിലെയും ഗവേഷകരിലെയും ചർച്ചയിൽ മാത്രമായി അത് ചുരുങ്ങി. അതിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് സർവേകൾ ക്രമാനുഗതമായി പുരോഗമിച്ചു. 

Polling Exit Poll
Diptendu DUTTA / AFP

വീഴ്ചകളും തെറ്റുകളും മനസ്സിലാക്കിയാണവ കൃത്യതയിലേക്കു നീങ്ങിയത്. 1980കളോടെ അച്ചടി മാധ്യമങ്ങൾ അത് ഏറ്റെടുത്തു. പിന്നാലെ ദൃശ്യ മാധ്യമങ്ങൾ വന്നു. വിവിധ മാർക്കറ്റിങ് ഗ്രൂപ്പുകൾ വന്നു. ഈ രംഗത്ത് സാങ്കേതികത ആധിപത്യം നേടി. അങ്ങനെ ഏറെക്കുറെ കൃത്യതയെന്ന ലക്ഷ്യത്തിലേക്ക് സർവേകൾ എത്തിച്ചേരുകയാണ്. എങ്കിലും നൂറുശതമാനം കൃത്യത ഒരു സർവേയിലും സാധ്യമാവുകയില്ല. ഏറെക്കുറെ ശരിയാകാമെന്നു മാത്രം. പൂർണമായി തെറ്റിപ്പോയ സർവേകളുമുണ്ട്. ശരിയായ സന്ദർഭങ്ങളും. എന്നാൽ സർവേകളെ മാത്രം അടിസ്ഥാനമാക്കി ഒരു പൊതുജനാഭിപ്രായം രൂപീകരിക്കാൻ കഴിയണമെന്നില്ല.

സാംപിൾ ശേഖരണത്തിലെ പ്രശ്നങ്ങൾ

സർവേകളുടെ വിജയത്തിൽ സാംപിൾ ശേഖരണത്തിനു വലിയ പങ്കുണ്ട്. അരിയുടെ വേവു നോക്കുന്ന ഒരു പ്രക്രിയ പോലെയാണിത്. വേവു നോക്കുന്നതിനു മുൻപ് അരി ഒന്നിളക്കാറുണ്ട്. എന്നിട്ട് ഏതാനും വറ്റുകളെടുത്തു പരിശോധിക്കുന്നു. ഇതാണ് സാംപിൾ സർവേകളുടെയും സ്വഭാവം. ജനാധിപത്യത്തിൽ മുഴുവൻ വോട്ടർമാരുടെയും അഭിപ്രായം തിരഞ്ഞുള്ള സർവേകൾ ഒരിക്കലും സാധ്യമല്ലാത്തതിനാലാണ് സാംപിൾ സർവേകളെ ആശ്രയിക്കുന്നത്. എങ്ങനെ സർവേ നടത്തുന്നു, ആരു നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോന്നിന്റെയും കൃത്യത. 

INDIA-VOTE

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളുകൾ നടത്തുന്ന അന്വേഷണങ്ങൾക്കു കൃത്യത ഉണ്ടാകണമെന്നില്ല. നിഷ്പക്ഷമായും രാഷ്ട്രീയ നിലപാടുകൾ മാറ്റിവച്ചും നടത്തുന്ന സർവേകൾക്കു മാത്രമേ കൃത്യത നൽകാനാകൂ. വോട്ടർമാരോടു നേരിൽ സംസാരിച്ച് വ്യക്തിഗത അഭിപ്രായം ശേഖരിക്കുമ്പോഴാണ്  സർവേകൾക്കു കൃത്യതയുണ്ടാകുന്നത്. ഇതിൽ ചോദ്യാവലിക്കു വലിയ പങ്കുണ്ട്.

സമ്മതിദായകരുടെ മനസ്സു തുറപ്പിക്കുകയാകണം ചോദ്യങ്ങളുടെ ലക്ഷ്യം. അതു കൃത്യമായി രേഖപ്പെടുത്താനും വിശകലനം ചെയ്യാനുംകൂടി കഴിയുമ്പോഴാണു സർവേകൾ വിജയിക്കുന്നത്. രണ്ടു രീതികളാണ് പ്രധാനമായി തിരഞ്ഞെടുപ്പ് സർവേകളിൽ പൊതുവേ സ്വീകരിക്കുന്നത് ആക്സിഡന്റൽ റാൻഡം സാംപ്ലിങ്, റാൻഡം സാംപ്ലിങ്.

ആക്സിഡന്റൽ റാൻഡം സാംപ്ലിങ്

പ്രത്യേകിച്ച് ഒരു രീതിശാസ്ത്രമില്ലാതെ വ്യത്യസ്ത വിഭാഗങ്ങളിൽപെട്ടവരെ മുൻകൂട്ടി തീരുമാനിക്കാതെ കണ്ടുമുട്ടി സർവേ നടത്തുന്ന രീതിയെയാണ് ആക്സിഡന്റൽ റാൻഡം സാംപ്ലിങ് എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ കണ്ടുമുട്ടുന്നവർ കൃത്യമായി ഉത്തരം നൽകുമെന്നാണു നാം പ്രതീക്ഷിക്കുന്നത്. അത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. 

റാൻഡം സാംപ്ലിങ്

voting-machine-representational-image

വോട്ടർ പട്ടികയിൽനിന്ന് സർവേയ്ക്കു വിധേയരാക്കുന്നവരുടെ പട്ടിക തയാറാക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് ഓരോ അഞ്ഞൂറാമത് വോട്ടർമാരെയുമാണു സർവേ ചെയ്യുന്നതെന്നു കരുതുക. അതിനു കൃത്യമായ പ്രാതിനിധ്യ സ്വഭാവമുണ്ടാകും. പ്രായം, ലിംഗം, ജാതി, സമുദായം, തുടങ്ങിയ എല്ലാ ഘടകങ്ങളും ഇതിൽ ഉൾപ്പെടുത്താനാകും. അതിനും ചില പ്രശ്നങ്ങളുണ്ട്. ഇങ്ങനെ സമീപിക്കുന്ന വോട്ടർമാരിൽ ചിലർ മരിച്ചു പോകാം, സ്ഥലത്തില്ലാതാകാം, വീടുമാറിപോയിട്ടുണ്ടാകാം. അതിനു പകരം ആരെ സമീപിക്കുന്നുവെന്നതു പ്രധാന വെല്ലുവിളിയാണ്.

വോട്ടർമാരിൽനിന്നു വ്യക്തിഗതമായ അഭിപ്രായം ശേഖരിക്കലാണു പ്രധാനം. പലപ്പോഴും അതു കൃത്യമായി നടക്കണമെന്നില്ല. കുടുംബാംഗങ്ങൾ അഭിപ്രായം പറഞ്ഞെന്നു വരാം. ചില വോട്ടർമാരെ പൊതു സ്ഥലങ്ങളിൽ വച്ചായിരിക്കും കണ്ടുമുട്ടുന്നത്.  അവരും ശരിയായ അഭിപ്രായം പറഞ്ഞുവെന്നു വരില്ല. ഇത്തരം ഘട്ടങ്ങളിലാണ് സർവേകളുടെ കൃത്യത നഷ്ടപ്പെടുന്നത്. 

എക്സിറ്റ് പോൾ സർവേകളുടെ സാധ്യതകൾ

വോട്ട് ചെയ്ത് ഇറങ്ങിയ ആളുകളോടു നേരിട്ടു ചോദ്യം ചോദിക്കുന്നതാണ് എക്സിറ്റ് പോൾ. ഇതിനു താരതമ്യേന കൃത്യതയ്ക്കു സാധ്യത കൂടുതലാകുമെന്നാണു വിശ്വാസം. വോട്ടു രേഖപ്പെടുത്തിയിറങ്ങുന്നയാളുടെ പെട്ടെന്നുള്ള പ്രതികരണം സത്യസന്ധമാകുമെന്നതാണ് അതിനു പിന്നിലെ സങ്കൽപം. പ്രീ പോൾ, പോസ്റ്റ് പോൾ സർവേകൾ അങ്ങനെയല്ല. തിരഞ്ഞെടുപ്പു കഴിഞ്ഞ് കുറച്ചു ദിവസം കഴിയുമ്പോൾ സമ്മതിദായകർക്കു വ്യത്യസ്തമായ നിലപാട് എടുക്കാൻ കഴിയും. ആ അഭിപ്രായം സത്യസന്ധമാകണമെന്നില്ല. തിരഞ്ഞെടുപ്പിനു മുൻപുള്ള അഭിപ്രായത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ ഉണ്ടാകാം.

kannur-election-voting-day-sub

മൈക്രോ ടാർഗറ്റിങ്

സർവേകൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് സമൂഹ മാധ്യമങ്ങളും ആപ്പുകളുമാണ്. വിവര സാങ്കേതികവിദ്യയുടെ അൽഗോരിതങ്ങൾക്കു മനുഷ്യരുടെ മനസ്സു വായിച്ചറിയാനുള്ള കഴിവു കൂടുതലാണ്. സമൂഹ മാധ്യമങ്ങളിൽ ഓരോരുത്തരും നടത്തുന്ന ഇടപെടലുകൾ കണ്ടെത്തിയാണ് അവരുടെ രാഷ്ട്രീയം മനസ്സിലാക്കുന്നത്. അതിലൂടെ  വിവിധ രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ പരോക്ഷമായി വ്യക്തികളെ സ്വാധീനിക്കാൻ കഴിയും.

j-prabhash
ഡോ.ജെ.പ്രഭാഷ്

ഇതിനെയാണ് മൈക്രോ ടാർഗറ്റിങ് എന്നു വിശേഷിപ്പിക്കുന്നത്. ഉദാഹരണത്തിന് ചില വ്യക്തികൾ നവ ലിബറൽ നയങ്ങളുടെ ആരാധകരാണെന്നു കരുതുക. അവരെ സമീപിക്കുന്നത് ആ നയം പിന്തുടരുന്ന രാഷ്ട്രീയ പാർട്ടിതന്നെയാകണമെന്നില്ല, വിരുദ്ധ ചേരിയിലുള്ളവരും ഇതേ കാര്യം പറഞ്ഞ് സമീപിച്ചെന്നിരിക്കും. ഈ ഒരു പ്രവണത സമൂഹ മാധ്യമങ്ങളുടെ വരവോടെ ശക്തമാവുകയാണ്. ഈ രീതിയിലും വ്യക്തിയുടെ സമ്മതിദാന നയം വായിച്ചെടുക്കാനാകും. 

സർവേകൾ പരാജയപ്പെടുന്നത്

കാലാനുസൃതമായ കൃത്യതകൾ പല സർവേകളും ആർജിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവ പരാജയപ്പെടാറുണ്ട്. ഉദാഹരണത്തിന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പല സർവേകളിലും എൽഡിഎഫിന് 8 മുതൽ 10 സീറ്റു വരെ കിട്ടുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ യുഡിഎഫിന് 19 സീറ്റുകൾ ലഭിക്കുകയും എൽഡിഎഫിന് ഒരു സീറ്റുകൊണ്ടു മാത്രം തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. അമേരിക്കയുൾപ്പെയുള്ള വിദേശ രാജ്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. 

ഇന്ത്യ തിളങ്ങുന്നുവെന്ന് വാജ്പേയി സർക്കാർ മുദ്രാവാക്യം രചിച്ച കാലത്തെ സർവേകളിലും എൻഡിഎ സർക്കാരിന്റെ തിരിച്ചുവരവ് ഭൂരിപക്ഷം സർവേകളും പ്രവചിച്ചിരുന്നു. എന്നാൽ യുപിഎ അധികാരത്തിൽ വരികയായിരുന്നു. അതിനു കാരണം ഭരണാധികാരിയോടുള്ള അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാത്ത വലിയൊരു ജനവിഭാഗമുണ്ടാകാമെന്നതാണ്. അവർ നിലപാട് പരസ്യമായി പുറത്തു പ്രകടിപ്പിക്കാറില്ല. ജയിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്തുവെന്നു പറയാനാകും  താൽപര്യപ്പെടുക. അവർ നിശബ്ദമായി വ്യത്യസ്തമായ സമീപനം വോട്ടിങ്ങിൽ പ്രകടമാക്കിയെന്നുവരാം. അത്തരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. 

നിഷ്‌പക്ഷ വോട്ടർമാർ

തിരഞ്ഞെടുപ്പുകളിലെ നിർണായക ശക്തി നിഷ്പക്ഷ വോട്ടർമാരാണ്. വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല അവർ വോട്ട് ചെയ്യുന്നത്. അതതു സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും. അത്തരക്കാരെ കണ്ടെത്തുന്നതിനും അവരുടെ നിലപാട് കൃത്യമായി വായിച്ചെടുക്കാൻ കഴിയുകയും ചെയ്യുമ്പോൾ മാത്രമാണ് സർവേകൾ വിജയിക്കുന്നത്. 

English Summary: What Are Exit Polls, Pre Poll Survey, Post Poll Survey? How true and accurate are they?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA