സാരി വലിച്ചഴിച്ച് നിയമസഭയിൽ അപമാനം; ഉഗ്രശപഥമെടുത്ത എംജിആറിന്റെ അമ്മു

SHARE

ഏപ്രിൽ ആറിന് തമിഴ്നാടും വോട്ടു കുത്തി. ‘അമ്മ’ ജയലളിതയും ‘കലൈജ്ഞർ’ കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പ്. മുടിപ്പിന്നൽ പോലെ സിനിമയും രാഷ്ട്രീയവും പിണഞ്ഞ തമിഴ്നാട്ടിൽ, രണ്ടിലേക്കും മനസ്സില്ലാ മനസ്സോടെ എത്തി നമ്പർ വൺ നായികയായ ജെ.ജയലളിത. എംജിആർ വിടപറഞ്ഞതിനു ശേഷം ‘അമ്മ’യായിരുന്നു അണ്ണാഡിഎംകെ.

‘പുരട്ചി തലൈവി അമ്മ’ മാത്രം താരമായിരുന്ന പാർട്ടി, പലരിലേക്ക് പടർന്ന ഈതിരഞ്ഞെടുപ്പ് കാലം മാത്രമല്ല, ജയയെ വീണ്ടും ഓർമിപ്പിച്ചത്. ‘തലൈവി’ എന്ന ജീവചരിത്ര സിനിമയുടെ കഴിഞ്ഞദിവസത്തെ ട്രെയ്‌ലറും പാട്ടുകളും ഓർമകളിലേക്കുള്ള തിരശീല നീക്കി. അതിൽ, ലോറിയിൽനിന്ന് നായിക താഴെ റോഡിലേക്ക് എടുത്തെറിയപ്പെടുമ്പോൾ, പിന്നീട് കൗരവസദസ്സിലെ ദ്രൗപദിയെപ്പോലെ മുടിയുലഞ്ഞും സാരി അഴിഞ്ഞും നിൽക്കുമ്പോൾ, അന്നത്തെ ജയയെ ഓർക്കാതിരിക്കുന്നതെങ്ങനെ? അമ്മു എന്ന ചെല്ലക്കുട്ടിയിൽനിന്ന് ‘അമ്മ’യിലേക്കുള്ള മാറ്റത്തെ ഒരിക്കൽക്കൂടി കാണാതിരിക്കുന്നതെങ്ങനെ?

ഒന്നാം റാങ്കുകാരിയിൽനിന്ന് സിനിമയിലേക്ക്

സൗന്ദര്യത്തെക്കുറിച്ചല്ല, വായനയെപ്പറ്റിയായിരുന്നു കൂട്ടുകാരോട് അമ്മുവിന്റെ വർത്തമാനം. ഡോക്ടറാകണം, പൽക്കീവാലയെപ്പോലെ അഭിഭാഷകയാകണം, ഐഎഎസ് എടുക്കണമെന്നെല്ലാമായിരുന്നു സ്വപ്നങ്ങൾ. വായന, കവിതയെഴുത്ത്, പഠനം– അതിലൊതുങ്ങി ലോകം. നന്നായി നൃത്തം ചെയ്തിരുന്നെങ്കിലും അതു പഠിച്ചതുതന്നെ മനസ്സില്ലാ മനസ്സോടെയാണ്. അമ്മ സന്ധ്യ(വേദവതി) സിനിമകളിൽ കൊച്ചു റോളുകളുമായി ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്നതു കണ്ടറിഞ്ഞെങ്കിലും സിനിമ അവളുടെ ചിന്തയിൽ പോലും ഇല്ലായിരുന്നു. ഉള്ളതുപറഞ്ഞാൽ, സിനിമ എന്നു കേൾക്കുന്നതുതന്നെ ദേഷ്യവുമായിരുന്നു.

മെട്രിക്കുലേഷനിൽ തമിഴ്നാട്ടിൽ ഒന്നാമതെത്തിയ മിടുക്കിക്ക് എത്രയും പെട്ടെന്നു സ്റ്റെല്ലാ മാരിസ് കോളജിൽ ചേർന്നാൽ മതിയായിരുന്നു. പക്ഷേ, അമ്മ സമ്മതിച്ചില്ല. ഭരതനാട്യം അരങ്ങേറ്റത്തിനിടെ കൊച്ചുജയയുടെ സൗന്ദര്യം കണ്ടു നിർമാതാക്കളും സംവിധായകരും സിനിമയുടെ വാതിൽ തുറക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. അതിനാണു സന്ധ്യ കാത്തിരുന്നതും. കരഞ്ഞിട്ടും പട്ടിണികിടന്നിട്ടുമൊന്നും മകളുടെ ‘സിനിമാ വിരോധ’ത്തിന് സന്ധ്യ വഴങ്ങിയില്ല.

വീട്ടിലെ കഷ്ടപ്പാടുകൾ അവളോടു പറഞ്ഞു. പെരുകിവരുന്ന കടത്തെക്കുറിച്ചും തന്നെ വലയ്ക്കുന്ന അസുഖങ്ങളെക്കുറിച്ചും സംസാരിച്ചു. ഒടുവിൽ ജയയ്ക്കു സമ്മതിക്കേണ്ടി വന്നു. അവധികളിൽ മാത്രം സിനിമ ചെയ്യാമെന്ന ‘കണ്ടീഷൻ’ അമ്മയെക്കൊണ്ടു സമ്മതിപ്പിച്ചു; അമ്മ വെറുതെ പറഞ്ഞതാണെന്നും പറ്റിക്കുകയാണെന്നും അറിയാതെ.

‘കന്നഡക്കാരിയല്ല, നാ‍ൻ തമിഴ്പൊണ്ണ്’

പതിനഞ്ചാം വയസ്സിൽ കന്നഡ, തമിഴ് സിനിമകളിലെത്തിയ ജയ പെട്ടെന്നുതന്നെ ഭംഗിയും കഴിവും ‘കുറുമ്പും’ കൊണ്ടു താരമായി.ഷൂട്ടിങ് സെറ്റിലെത്തിയാലും വായനയോടു വായന. ബഹുമാനവും കണ്ടാലുടനെ കാൽതൊട്ടു വന്ദിക്കലുമൊന്നുമില്ലാത്തതു സൂപ്പർതാരങ്ങളെ ചൊടിപ്പിച്ചു. ജയയുണ്ടോ മൈൻഡ് ചെയ്യുന്നു. സത്യത്തിൽ അവർക്ക് ഇക്കാര്യങ്ങളൊന്നും അറിയാമായിരുന്നില്ലെന്നു ജീവചരിത്രകാരി വാസന്തി പറയുന്നു. ജയ ഒരു കുട്ടിയാണെന്ന പരിഗണന ആരും നൽകിയതുമില്ല. ഇതിനിടെ, ഒരു സിനിമാ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ താൻ കർണാടകക്കാരിയല്ല തമിഴ്നാട്ടുകാരിയാണെന്നു ജയ പറഞ്ഞതു കർണാടകയിൽ വലിയ പ്രതിഷേധത്തിനിടയാക്കി.

മൈസൂരുവിലെ ശ്രീരംഗത്ത് അയ്യങ്കാർ കുടുംബത്തിലാണു ജയയുടെ ജനനം. പക്ഷേ, അമ്മയുടെ നാടായ തമിഴകമായിരുന്നു ജയയ്ക്ക് ഇഷ്ടം. ഇതിനിടെ, സിനിമാ ഷൂട്ടിങ്ങിനായി മൈസൂരുവിലെത്തിയപ്പോൾ കന്നഡ സംഘടനകൾ പ്രതിഷേധവുമായി പാഞ്ഞടുത്തു, സംവിധായകനും നിർമാതാവുമുൾപ്പെടെ ഭയന്നു. ജയയോടു മാപ്പുപറഞ്ഞു രക്ഷപ്പെടാൻ ആവശ്യപ്പെട്ടു. എന്നാൽ, സമരനേതാക്കളെ കണ്ട ആ പതിനാറുകാരി പറഞ്ഞു ‘ ഞാൻ പറഞ്ഞതിൽ നിങ്ങൾക്കു തെറ്റു തോന്നുന്നുണ്ടെന്നു കരുതി അതു തിരുത്താനൊന്നും പറ്റില്ല. ഞാൻ തമിഴ്നാട്ടുകാരി തന്നെയാണ്. പേടിപ്പിച്ചാൽ അത് അങ്ങനെയല്ലാതെ ആകുകയുമില്ല,’’ വടിയേന്തിവന്നവർ പകച്ചുപോയെന്നു ചുരുക്കം.

അഡൽറ്റ്സ് ഒൺലിയിൽ നായിക; പക്ഷേ തിയറ്ററിൽ കാണാൻ പറ്റില്ല!

1965ൽ ‘വെണ്ണിറൈ ആടൈ’ എന്ന തമിഴ് ചിത്രത്തിൽ ജയ ആദ്യമായി നായികയാകുന്നു. ചിത്രത്തിനു കിട്ടയത് ‘എ’ (അഡൽറ്റ്സ് ഒൺലി) സർട്ടിഫിക്കറ്റ്. കാരണം, നായിക വെള്ളച്ചാട്ടത്തിൽ സ്ലീവ്‌ലെസ് ഇട്ടു കുളിക്കുന്ന സീനുണ്ട്! തമിഴ്സിനിമയിലെ ആദ്യത്തെ അത്തരം സീൻ. സിനിമ ഹിറ്റ് ആയെങ്കിലും തിയറ്ററിൽ പോയി കാണാൻ പാവം നായികയെ നിയമം അനുവദിച്ചില്ല. അവർ അഡൽറ്റ് ആയിരുന്നില്ലെന്നതു തന്നെ കാരണം, അന്നു വയസ്സ് 17. ആ സിനിമയിലെ ഗാനം തലൈവിയുടെ ട്രെയിലറിലും കാണാം. എംജിആറിന്റെ നായികയായി ‘ആയിരത്തിൽ ഒരുവൻ’ പുറത്തിറങ്ങിയതോടെ പിന്നീടാകെ എംജിആർ–ജയ മയം.

തന്റെ മാത്രം നായികയാകണം ജയയെന്നായി എംജിആർ. ഹിറ്റുകൾക്കു പിന്നാലെ ഹിറ്റുകൾ. ഒട്ടേറെ പുരസ്കാരങ്ങൾ. ചില സിനിമകളിൽ പിന്നണിഗായികയുമായി. തന്നേക്കാൾ 35 വയസ്സിലേറെ പ്രായമുള്ള എംജിആറിന്റെ കരുതലും തണലും ജയയ്ക്ക് ഇഷ്ടപ്പെട്ടു; 23ാം വയസ്സിൽ അമ്മ മരിച്ച് ഒറ്റപ്പെട്ടപ്പോൾ പ്രത്യേകിച്ചും. ഇഷ്ടം പ്രണയവും ഒരുമിച്ചുള്ള യാത്രകളുമെല്ലാമായി വളർന്നെങ്കിലും വിവാഹമെന്ന ജയയുടെ സ്വപ്നം അകലെയായിരുന്നു. ഭാര്യ ജാനകിക്കുപുറമേ തന്നെയും തലൈവർ ഒപ്പം കൂട്ടുമെന്ന് അവർ കരുതി. ഒന്നിലേറെ ഭാര്യമാർ പതിവായിരുന്ന തമിഴ് രീതിയിലായിരുന്നു അവരുടെ പ്രതീക്ഷ. പക്ഷേ, ‘അമ്മു’ എന്നു വിളിച്ചു ചേർത്തു നിർത്തിയെങ്കിലും താലികെട്ടി ഭാര്യയാക്കാൻ എംജിആർ തയാറായില്ല. ഒരിക്കൽ, മൂകാംബികയിൽ വച്ചു താലികെട്ടാമെന്നു വാക്കുകൊടുത്തു പറ്റിക്കുകയും ചെയ്തു.

‘ശ്വാസം മുട്ടിച്ച്’ രക്ഷകർത്താവ്

സ്ക്രിപ്റ്റ് കേൾക്കുന്നത്, എങ്ങനെ അഭിനയിക്കണമെന്നു തീരുമാനിക്കുന്നത്, പ്രതിഫലം വാങ്ങുന്നത്, എത്ര ചെലവാക്കണമെന്നു നിർദേശിക്കുന്നത് – എല്ലാം എംജിആർ. എത്ര തണൽമരമായാലും ശിഖരം തലയിൽ മുട്ടി നിന്നാൽ വേദനിക്കും. ജയയ്ക്കും അങ്ങനെ തോന്നിയ നാളുകളുണ്ട്. ഇതിനിടെ, തന്നെയും എംജിആറിനെയും പിരിക്കാൻ ശ്രമിക്കുന്നവരുടെ കുത്തിത്തിരിപ്പുകൾ വേറെ. ശരിക്കും മടുത്ത നാളുകളിലൊന്നിൽ ജയ പൊട്ടിത്തെറിച്ചു. 1970ലെ ആ പിണക്കം 10 വർഷത്തോളം നീണ്ടു. മറ്റു നടിമാരെ എംജിആർ നായികമാരാക്കിയപ്പോൾ, ജയ തെലുങ്ക് നടൻ ശോഭൻ ബാബുവുമായി അടുത്തു. വിവാഹത്തിലെത്തുമെന്നു പ്രചരിച്ചെങ്കിലും ആ ബന്ധം പാതിവഴിയിൽ മുറിഞ്ഞു. അവർ രഹസ്യമായി വിവാഹിതരായിരുന്നെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. എന്തായാലും അവർ അകന്നു എന്നതു സത്യം. അതിനു പിന്നിലും എംജിആർ ആണെന്നും കഥകൾ പരന്നു.

INDIA-POLITICS-JAYALALITHAA
ജയലളിതയുടെ പേരിലുള്ള ചെന്നൈയിലെ മ്യൂസിയത്തിൽനിന്ന്. Photo: Arun SANKAR / AFP

ജയലളിതയ്ക്കു ശോഭൻ ബാബുവിലുണ്ടായ മക്കളാണെന്നു പറഞ്ഞു പലരും രംഗത്തെത്തി. കേസുകൾ പലതും കോടതി കയറിയെങ്കിലും ഉത്തരം ഇന്നും അജ്ഞാതം. അതിനിടെ, എംജിആർ 1977ൽ തമിഴ്നാട് മുഖ്യമന്ത്രിയായി. പിന്നീട് 4 വർഷത്തിനു ശേഷം ജയയെ അദ്ദേഹം ഫോണിൽ വിളിച്ചു, അണ്ണാ ഡിഎംകെയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ട്. ജീവിതത്തിന്റെ ആദ്യകാലം മുഴുവൻ അമ്മയുടെ, പിന്നീട് എംജിആറിന്റെ ആധിപത്യമായിരുന്നെന്നും അവർക്കു കീഴിൽ സ്വന്തം ലോകം ഉണ്ടായിരുന്നില്ലെന്നും ജയ ചില കൂട്ടുകാരോടു പറഞ്ഞിരുന്നു. കൈതമുള്ളിൽ പിടിച്ചതുപോലെ എംജിആറുമായുള്ള സ്നേഹത്തിൽ അവർ പിടഞ്ഞു. മുകളിലേക്കും താഴേക്കും വയ്യ; മുറിയും, ചോര പൊടിയും. താലിചാർത്താതെ ‘അണ്ണൻ’ ലോകം വിട്ടപ്പോൾ, അവർ മറ്റൊന്നു ചെയ്തു. അദ്ദേഹത്തിന്റെ മാനസപത്നിയായ അണ്ണാഡിഎംകെയെ സ്വയംവരം ചെയ്തു!

ഇന്ദിരാ ഗാന്ധിവരെ കയ്യടിച്ച പ്രസംഗം

അണ്ണാഡിഎംകെ കൊടിയുടെ നിറമുള്ള കരയോടെയുള്ള വെള്ളസാരി, വലിയ പൊട്ട്, മേക്കപ് തെല്ലുമില്ലാത്ത മുഖം– രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോൾ സിനിമയുടെ മോടികളെല്ലാം ഒഴിവാക്കിയുള്ള മേക്ക്ഓവറായിരുന്നു ജയയുടേത്. കിടിലൻ പ്രസംഗങ്ങളിലൂടെ അവർ അവിടെയും താരമായപ്പോൾ പാർട്ടിയിലെ മുതർന്ന നേതാക്കൾ ഞെട്ടി. എങ്ങനെയും ജയയെ ഒതുക്കണമെന്നായി അവരുടെ ചിന്ത. പാർട്ടിയുടെ പ്രൊപ്പഗാൻഡ സെക്രട്ടറിയായിരുന്ന കാലത്താണ്, വിഡിയോ കട നടത്തിയിരുന്ന, നന്നായി ക്യാമറ ഉപയോഗിക്കാനറിയാമായിരുന്ന വി.കെ.ശശികലയെ ജയ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഒരമ്മ പെറ്റ സഹോദരിമാരെപ്പോലെയായി എന്നതും ചരിത്രം.

1984ൽ രാജ്യസഭാംഗമായ ജയയുടെ കന്നിപ്രസംഗംതന്നെ സൂപ്പർ ഹിറ്റ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉൾപ്പെടെ ജയയെ അഭിനന്ദിച്ച പ്രസംഗം. സുന്ദരമായ, ഒഴുക്കുള്ള ഇംഗ്ലിഷിൽ തെന്നിന്ത്യക്കാരി പ്രസംഗിക്കുന്നതു കേട്ട് സഭയൊന്നാകെ കയ്യടിച്ചു. പക്ഷേ, അവിടെയും കഴിവ് ജയയ്ക്കു വിനയായി. തലൈവരെക്കാൾ പേരെടുക്കുന്നുവെന്ന് കിംവദന്തികൾ പരന്നതോടെ എംജിആറിനു കല്ലുകടിയായി.

ആ രണ്ടു വീഴ്ചകൾ; ഉഗ്രശപഥം

1987 ഡിസംബർ 24ന് എംജിആറിന്റെ മരണം. മൃതദേഹം കിടത്തിയ ഹാളിന്റെ വാതിൽക്കൽ ജയയെ അണികൾ തടഞ്ഞു. അവരെ വലിച്ചിഴച്ചു പുറത്താക്കി ഗേറ്റ് അടച്ചു. എന്നിട്ടും പോകുന്നില്ലെന്നായപ്പോൾ ഒരു സംഘം ആളുകൾ ചുറ്റുംനിന്ന് അധിക്ഷേപം ചൊരിഞ്ഞു തുടങ്ങിയതായും ജയ പിന്നീടെഴുതി. മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്ന രാജാജിഹാളിനു മുന്നിൽ കാത്തു നിന്നെങ്കിലും ജയയെ ഒഴിവാക്കാൻ വിലാപയാത്രാസംഘമെത്തിയതു പിൻവാതിൽ വഴി. എങ്ങനെയൊക്കെയോ മൃതദേഹത്തിടുത്തെത്തിയ ജയ 2 ദിവസത്തെ പൊതുദർശനത്തിൽ ഉടനീളം അതേ നിൽപു നിന്നു; പ്രതിമ പോലെ.

ഡിസംബർ 26 : മൃതദേഹം വഹിച്ചുള്ള പട്ടാളക്കാരുടെ ഗൺ ക്യാരേജിൽ ജയ കയറി ഇരുന്നതോടെ ഉന്നത ഉദ്യോഗസ്ഥർ ദേഷ്യപ്പെട്ടു. അവർ അവിടെ നിന്ന്, തൊട്ടടുത്തുള്ള ലോറിയിലേക്ക് കടക്കാൻ ശ്രമിച്ചു. എംജിആറിന്റെ ഭാര്യ ജാനകിയും മറ്റു ബന്ധുക്കളും അതിലാണ്. പക്ഷേ, പൊടുന്നനെ ചിലർ ചേർന്ന് അവരെ തള്ളിത്താഴെയിട്ടു. റോഡിലേക്കു തലയടിച്ചു വീണ അവരെ കൈപിടിച്ചെഴുന്നേൽപിച്ചത് ശശികലയാണെന്നും പറയുന്നു. പാർട്ടിപ്രവർത്തകർ ക്രൂരമായി പെരുമാറിയപ്പോഴും ‘ഇദയക്കനി’യുടെ കണ്ണീരിൽ ജനം അവർക്കൊപ്പം നിന്നു. വീഴ്ചയിൽനിന്ന് ഉഗ്രരൂപിയായി ജയ തിരിച്ചെത്തി, പാർട്ടിയെയും തിരിച്ചുപിടിച്ചു. ജാനകി അറിയാപ്പേരായി അണിയറയിലേക്ക് ഒതുങ്ങി.

1989ലാണ് അടുത്ത സംഭവം. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് ആദ്യമായി ഒരു വനിത – ജയലളിത– എത്തിയ വർഷം. മുഖ്യമന്ത്രിസ്ഥാനത്ത് ഡിഎംകെയുടെ കലൈജ്ഞർ കരുണാനിധി. മാർച്ച് 25നു ബജറ്റ് അവതരിപ്പിക്കുന്നതിനുമുൻപ് ചില അടിയന്തര പ്രശ്നങ്ങളുണ്ടെന്നും ചർച്ച ചെയ്യണമെന്നും ജയ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ ബഹളം പൊടുന്നനെ അടിപിടിയായി. ജയലളിതയെ അണികൾ ഒരു തരത്തിൽ സംരക്ഷിച്ചു പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഡിഎംകെ പ്രവർത്തകരിലൊരാൾ അവരുടെ സാരി വലിച്ചഴിച്ചെന്നും തലമുടിയിൽ പിടിച്ചു വലിച്ചെന്നും ആരോപണമുയർന്നു. സാരി വാരിപ്പുതച്ച്, അഴിഞ്ഞുലഞ്ഞ മുടിയും കലങ്ങിയ കണ്ണുകളുമായി ജയ ഉഗ്രശപഥമെടുത്തു– ഇനി മുഖ്യമന്ത്രിയായേ ഇവിടേക്കു തിരിച്ചുവരൂ. അവരതു പാലിച്ചു; 1991ൽ മുഖ്യമന്ത്രിയായി. ഒരിക്കൽ അല്ല, പിന്നീട് വീണ്ടും 3 വട്ടം കൂടി.

അഴിമതിയുടെയും ആഡംബരത്തിന്റെയും ഏകാധിപത്യത്തിന്റെയും എത്രയോ കഥകളാണു ജയയുടെ ആദ്യ ഭരണകാലത്തു പുറത്തുവന്നത്. മരണം വരെയും ആ കേസുകൾ വേട്ടയാടി. പക്ഷേ, തെറ്റുതിരുത്താനും പ്രതിഛായ മെച്ചപ്പെടുത്താനും അവർ ശ്രമിച്ചു, അതിൽവിജയിച്ചു. 1991–96ലെ അഴിമതിക്കേസുകൾ പുറത്തുവന്നപ്പോൾ ചെറുകമ്മലുകൾ ഉൾപ്പെടെ ധരിക്കുന്നത് അവർ ഒഴിവാക്കി. 14 വർഷത്തിനു ശേഷം 2011ലാണു വീണ്ടും കമ്മലണിഞ്ഞത്.

ജയ ഒരു സംഭവമോ പ്രസ്ഥാനമോ ഒക്കെ ആയി മാറുന്നത്, അവർക്കു വീഴ്ചകളോ തെറ്റുകളോ കുറവുകളോ ഇല്ലാത്തതു കൊണ്ടല്ല, അവയിൽ നിന്നെല്ലാം തിരിച്ചെത്തി ജ്വലിക്കാൻ കാട്ടിയ ഉൾശക്തി കൊണ്ടാണ്. മരിക്കും വരെ ജയയുടെ ഉള്ളിലെവിടെയോ അമ്മു ഉണ്ടായിരുന്നിരിക്കണം. ആഗ്രഹിച്ചത്ര പഠിക്കാൻ പറ്റിയില്ലെങ്കിലും വീടു മുഴുവൻ പുസ്തകങ്ങൾ കൊണ്ടു നിറച്ചത്, സമയം കിട്ടുമ്പോഴെല്ലാം വായിച്ചു കൂട്ടിയത് അതുകൊണ്ടാകണമല്ലോ. ജയയുടെ വീട്ടിൽ നിന്നു കണ്ടെത്തിയത് 8376 പുസ്തകങ്ങളായിരുന്നു!

English Summary: Jayalalitha's Journey from Ammu to Amma; What is the Real Story Behind 'Thalaivi'?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.