ADVERTISEMENT

പട്ന∙ ബിഹാറിലെ ‘ബാഹുബലി’ നേതാവ് മുഹമ്മദ് ഷഹാബുദ്ദീൻ (53) കോവിഡ് ബാധിച്ചു മരിച്ചു. ന്യൂഡൽഹി തിഹാർ ജയിലിലായിരുന്ന ഷഹാബുദ്ദീനെ ഒരാഴ്ച മുൻപാണു കോവിഡ് രോഗബാധിതനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്കു മാറ്റിയത്.

∙ ലാലുവിന്റെ വലംകൈ

ബിഹാറിലെ സിവാൻ മേഖല അടക്കിവാണ ഷഹാബുദ്ദീനു രാഷ്ട്രീയ പിൻബലമേകിയത് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവാണ്. യാദവ–മുസ്‌ലിം വോട്ടു ബാങ്ക് രാഷ്ട്രീയത്തിൽ ലാലു ഉയർത്തിക്കാട്ടിയതും ഷഹാബുദ്ദീനെയായിരുന്നു. സിവാൻ മണ്ഡലത്തിൽനിന്നു നാലു തവണ ലോക്സഭയിലേക്കും (1996, 98, 98, 2004) സിവാനിലെ സിരാദയി മണ്ഡലത്തിൽനിന്നു രണ്ടു തവണ നിയമസഭയിലേക്കും (1990, 95) തിരഞ്ഞെടുക്കപ്പെട്ടു. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി മുപ്പതിലേറെ കേസുകളിൽ പ്രതിയായ ഷഹാബുദ്ദീൻ ബിഹാറിൽ ലാലു ഭരണം അവസാനിച്ചതോടെ അഴിക്കുള്ളിലായി.

∙ നക്സലുകളുടെ ചോരപ്പുഴ

നക്സൽ പ്രസ്ഥാനങ്ങൾക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് സിവാൻ. ജന്മിമാരുടെ ഭൂമി കൊടി നാട്ടി പിടിച്ചെടുത്തു കർഷകർക്കു നൽകുകയായിരുന്നു സിപിഐ (എംഎൽ) ലിബറേഷൻ പ്രക്ഷോഭ ശൈലി. നക്സൽ ഭീഷണി നേരിടുന്ന ഭൂപ്രഭുക്കന്മാരുടെ രക്ഷകനായാണ് ഷബാഹുദ്ദീൻ അവതരിച്ചത്. നക്സലുകളും ഷഹാബുദ്ദീന്റെ സംഘവുമായുള്ള ഏറ്റുമുട്ടലുകൾ സിവാനെ നടുക്കിയ കാലം. പതിനഞ്ചോളം സിപിഐ (എംഎൽ) ലിബറേഷൻ പ്രവർത്തകരെയാണു ഷഹാബുദ്ദീൻ സംഘം സിവാനിൽ വകവരുത്തിയത്.

ഷഹുബുദ്ദീന്റെ ഗുണ്ടാധിപത്യത്തെ ചോദ്യം ചെയ്ത യുവ നേതാവ് ചന്ദ്രശേഖറിന്റെ വധം (1997) വൻ പ്രതിഷേധം സൃഷ്ടിച്ചു. ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷനായ ചന്ദ്രശേഖറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ഡൽഹിയിലും വിദ്യാർഥികൾ ജയിലിലിറങ്ങി. സിപിഐ (എംഎൽ) ലിബറേഷൻ പ്രവർത്തകനായിരുന്ന ഛോട്ടേലാൽ ഗുപ്തയുടെ തട്ടിക്കൊണ്ടു പോകൽ തിരോധാന കേസിലാണ് ഷഹാബുദ്ദീൻ ആദ്യമായി ജയിലിലായത്.

∙ നടുക്കുന്ന ക്രൂരതകൾ

സിവാനിൽ ഷഹാബുദ്ദീൻ സംഘത്തിന്റെ ഗുണ്ടാപ്പിരിവിനു വഴങ്ങാത്തതിന്റെ പേരിലാണു കടയുടമകളായ മൂന്നു സഹോദരന്മാർക്കു ജീവൻ നഷ്ടമായത്. സതീഷ് രാജിനെയും ഗിരീഷ് രാജിനെയും സഹോദരനായ രാജീവ് റോഷന്റെ കൺമുന്നിലിട്ട് ആസിഡൊഴിച്ചു കൊലപ്പെടുത്തി. സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട രാജീവ് റോഷനെ സഹോദരന്മാരുടെ കൊലക്കേസിൽ കോടതിയിൽ സാക്ഷിമൊഴി നൽകാനെത്തേണ്ടതിനു രണ്ടു ദിവസം മുൻപു വെടിവച്ചു കൊന്നു. ഷഹാബുദ്ദീന് എതിരായ വാർത്തകൾ കൊടുക്കാൻ മാധ്യമ പ്രവർത്തകരും ഭയപ്പെട്ടിരുന്നു.

∙ ജയിൽവാസം

ആശുപത്രിയിലേക്കു മാറ്റിയ ഷഹാബുദ്ദീൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വാർത്തയുടെ പേരിലാണ് മാധ്യമ പ്രവർത്തകനായ രാജീവ് ദേവ് രഞ്ജനെ ഷഹാബുദ്ദീൻ സംഘം കൊലപ്പെടുത്തിയത്. ബിഹാറിൽ ജയിലിനുള്ളിൽ നിന്ന് തന്റെ അധോലോക സംഘത്തെ നിയന്ത്രിച്ചിരുന്ന ഷഹാബുദ്ദീന്റെ ചെയ്തികൾ അതിരുവിട്ടപ്പോഴാണ് ഡൽഹിയിലെ തിഹാറിലേക്കു മാറ്റാൻ കോടതി നിർദേശിച്ചത്.

English Summary: Mohammad Shahabuddin dies due to COVID-19

വോട്ടെണ്ണാം മനോരമ ഓൺലൈനൊപ്പം - നാളെ രാവിലെ മുതൽ തൽസമയം. കൂടുതൽ തിരഞ്ഞെടുപ്പു വാർത്തകൾക്കു സന്ദർശിക്കൂ www.manoramaonline.com/elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com