ആത്മവിശ്വാസം കൂട്ടി അസം വിജയം ; കോൺഗ്രസിനെ തടഞ്ഞ് ബിജെപി

1200-sonowal-bjp
മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ
SHARE

അസം ബിജെപിക്ക് വിജയത്തിന്റെ മറ്റൊരു വാതിൽ കൂടിയാണ് തുറക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പാർട്ടിയുടെ പ്രവേശനത്തിന്റെ വഴി കൂടുതൽ സുഗമമാക്കും. അസം തിരഞ്ഞെടുപ്പു വിജയത്തോടെ  വടക്കുകിഴക്കൻ മേഖലയിലെ കോൺഗ്രസിന്റെ മേൽക്കൈയ്ക്ക് തടയിടുകയാണ് ബിജെപി ചെയ്തത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം കൂടി 25 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. അസമിലെ 14 സീറ്റ് അടക്കം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിലെ വിജയവും ബിജെപിക്ക് ഗുണം ചെയ്യും. കോൺഗ്രസിന്റെ 15 വർഷത്തെ തുടർച്ചയായ ഭരണം അട്ടിമറിച്ചാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിൽ വന്നത്.  126 അംഗ നിയമസഭയിൽ  ബിജെപി, എജിപി, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് എന്നിവ 86 സീറ്റ് നേടിയത് കോൺഗ്രസിനെ ഞെട്ടിച്ചു. കാരണം കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമായിരുന്നു അസം.

ശക്തമായ അടിത്തറയുള്ള സംസ്ഥാനത്ത് ഇത്തവണ എങ്ങനെയും ഭരണം പിടിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കോ‍ൺഗ്രസ് മുന്നോട്ടുനീങ്ങിയത്. ഇതിനായി ഉദാരമായ സഖ്യത്തിന് തയാറായി. എഐയുഡിഎഫ്, ബിപിഎഫ്, സിപിഎം, സിപിഐ, സിപിഐ– എംഎൽ, അഞ്ചാലിക് ഗണ മോർച്ച എന്നിവയുടെ സഖ്യമുണ്ടാക്കി. എന്നിട്ടും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാനായില്ല. രാഹുലും പ്രിയങ്കയും നടത്തിയ പ്രചണ്ഡമായ പ്രചാരണത്തിനും പാർട്ടിയെ കരകയറ്റാനായില്ല.

ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് മാറിയതോടെ ബിജെപി പക്ഷത്ത് അസം ഗണപരിഷത്തും ബോഡോ പാർട്ടിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും മാത്രമാണെന്നതും കോൺഗ്രസിന് അനുകൂലമായ സാഹചര്യമൊരുക്കുമെന്നായിരുന്നു വിശ്വാസം. പക്ഷേ ഒന്നും സംഭവിച്ചില്ല.

∙ നേതാവില്ലാതെ കോൺഗ്രസ്

മൂന്നു വട്ടം മുഖ്യമന്ത്രിയായിരുന്ന കരുത്തനായിരുന്നു തരുൺ ഗൊഗോയ്. കഴിഞ്ഞ നവംബറിൽ കോവിഡ് ബാധിതനായി അദ്ദേഹം അന്തരിച്ച ശേഷം പ്രബലനായ ഒരു നേതാവിന്റെ അഭാവമാണ് കോൺഗ്രസ് നേരിട്ടത്. വലിയ ശൂന്യത ഉണ്ടായപ്പോൾ പകരം നേതാവിനെ തീരുമാനിക്കുന്നതിനു പകരം ഒരു സംഘം നേതാക്കൾ, കൂട്ടുത്തരവാദിത്തം തുടങ്ങിയ എന്നീ ന്യായങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ഗൗരവ് ഗൊഗോയ്, സംസ്ഥാന അധ്യക്ഷൻ റിപു‍ൻ ബോറ, ലോക്സഭാംഗങ്ങളായ ദേബബ്രത സൈക്കിയ, പ്രദ്യുത് ബോർദൊലോയ്, മഹിള കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരാണ് പാർട്ടിയെ നയിച്ചത്. എങ്കിലും വിജയത്തിന് മറ്റൊരു കുതിപ്പുകൂടി കോൺഗ്രസിനു വേണ്ടിയിരുന്നു. കരുത്തനായ നേതാവ്. അതുണ്ടായില്ല.

∙ ആക്ഷൻ പ്ലാൻ വെറുതെയായി

അസം ബാലികേറാമലയായി കോൺഗ്രസ് കരുതിയിട്ടില്ല. എന്തുവില കൊടുത്തും ഇത്തവണ പിടിക്കും എന്നായിരുന്നു പാർട്ടിയുടെ വിശ്വാസം. എഐസിസി ജനറൽ സെക്രട്ടറി ജിതേന്ദ്രസിങ് എംപിയുടേയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റേയും  കഠിനാധ്വാനവും തന്ത്രവും പാർട്ടിയെ തുണയ്ക്കുമെന്നാണ് കരുതിയത്. ജിതേന്ദ്ര സിങ്ങ് സംസ്ഥാനത്തെത്തി സംഘടനയെ ഊർജസ്വലമാക്കി. ഭൂപേഷ് ബാഗൽ ആകട്ടെ തന്റെ സംസ്ഥാനത്തു നിന്നുള്ള മികച്ച പ്രവർത്തകരെ അസമിൽ കൊണ്ടുവന്ന് അവിടെയുള്ളവർക്ക് പരിശീലനം നൽകി.  കോൺഗ്രസിന്റെ ചരിത്രത്തിൽ പതിവുള്ളതല്ല ഇക്കാര്യങ്ങൾ. ഇതിനു പുറമേയാണ് സർവേകളുടെ അടിസ്ഥാനത്തിൽ മികച്ച സ്ഥാനാർഥികൾക്ക് സീറ്റു നൽകിയത്. പൗരത്വ നിയമം നടപ്പാക്കില്ല എന്ന വാഗ്ദാനം നൽകി.  കോൺഗ്രസിന്റേയും സഖ്യകക്ഷികളുടേയും വിജയികളെ ബിജെപി ചാക്കിട്ടുപിടിക്കാനിടയുണ്ടെന്ന കാര്യം പോലും കോൺഗ്രസ് മുൻകൂട്ടി കണ്ടു. ഇതിന്റെ ഭാഗമായി മത്സരം കഴിഞ്ഞപ്പോൾ തന്നെ സ്ഥാനാർഥികളെ ഭൂട്ടാനിലേക്കും കോൺഗ്രസ് ഭരണമുള്ള രാജസ്ഥാനിലേക്കും മാറ്റിയിരുന്നു.

∙ ബിജെപി ജയിച്ചത്

തൊണ്ണൂറുകളിൽ അസമിൽ ബിജെപി തീർത്തും ദുർബലമായ പാർട്ടിയായിരുന്നു. എന്നാൽ 2016ൽ പാർട്ടി ഒറ്റയ്ക്കു നേടിയത് 60 സീറ്റ്. പല സംസ്ഥാനങ്ങളിലും സംഭവിച്ചപോലെ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ ഇടിച്ചുകയറിയാണ് ബിജെപി വളർന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കിഴക്കൻ അസമിൽ നിന്നാണ് കൂടുതൽ സീറ്റു പാർട്ടിക്ക് കിട്ടിയത്. ഇവിടത്തെ തേയിലത്തോട്ടം തൊഴിലാളികളാണ് ബിജെപിയെ പിന്തുണച്ചത്. അവർക്ക് നിരവധി വാഗ്ദാനങ്ങളും ബിജെപി നൽകിയിരുന്നു. വാക്കുനൽകിയിരുന്നതുപോലെ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും സർക്കാരിന്റെ ക്ഷേമപദ്ധതികൾ വഴി 2 തവണ അക്കൗണ്ടിലേക്കു പണം നൽകാനും സർക്കാരിനു കഴിഞ്ഞു. സ്കൂളുകൾ, ആശുപത്രികൾ എന്നിവയും തുടങ്ങി. ഇതെല്ലാം ബിജെപിക്ക് ഗുണം ചെയ്തു.

∙ പൗരത്വ നിയമം ബിജെപിക്ക് തടസ്സമായില്ല

സംസ്ഥാനത്തെ കിഴക്കൻ മേഖലയിലുള്ള ഗോത്രവിഭാഗങ്ങൾ പൗരത്വനിയമത്തിന് എതിരാണ്. ഇതു ബിജെപിയുടെ വോട്ടുകൾ ചോർത്തുമെന്നാണ് കരുതിയത്. കോൺഗ്രസ് ആകട്ടെ, അധികാരത്തിലെത്തിയാൽ പൗരത്വനിയമം നടപ്പാക്കില്ല എന്നു വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ ബിജെപിക്ക് പോറലേൽപ്പിക്കാൻ പൗരത്വനിയമത്തിന് സാധിച്ചില്ല.

പൗരത്വനിയമം ന്യൂനപക്ഷങ്ങൾക്ക് എതിരാണ് എന്നാണ് മറ്റു സ്ഥലങ്ങളിലെ ആരോപണമെങ്കിൽ അസമിൽ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണമാണ്. പൗരത്വനിയമം നടപ്പായാൽ ബംഗ്ലദേശിൽ നിന്നുള്ള ഹിന്ദുക്കൾ അസമിൽ എത്തുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. പൗരത്വനിയമം നടപ്പായാൽ 2014നു ശേഷം ബംഗ്ലദേശിൽനിന്നു വന്ന ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. എൺപതുകൾ മുതൽ സംസ്ഥാത്തെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭത്തിന്റെ കാരണം മറ്റു നാട്ടുകാർ അസമിൽ ഭൂരിപക്ഷം നേടുന്നു എന്നതും അസമീസ് സംസ്കാരത്തെ തകർക്കുന്നു എന്നതുമായിരുന്നു. പൗരത്വനിയമത്തിനെതിരായ ജനവികാരത്തെ മൂലധനമായിക്കണ്ട് 2 പുതിയ രാഷ്ട്രീയ പാർട്ടികൾ - അസം ജാതീയ പരിഷത്, റൈജോർ ദൾ - രൂപം കൊണ്ടതു തന്നെ വിഷയം എത്ര പ്രധാനമാണെന്നതിന്റെ തെളിവാണ്.

∙ ബിജെപിയിലെ മുഖ്യമന്ത്രി ആരാവും?

ആരായിരിക്കും മുഖ്യമന്ത്രി എന്നു വ്യക്തമാക്കാതെയാണ് തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. നിലവിലുള്ള മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ  മാറിയേക്കാം എന്നത് നേരത്തെതന്നെയുള്ള ചർച്ചാവിഷയമാണ്. ധനമന്ത്രിയും ബിജെപിയിലെ കരുത്തനുമായ ഹിമന്ദ ബിശ്വ ശർമയെ കേന്ദ്ര നേതൃത്വത്തിനും പ്രിയമാണ്. ആർഎസ്എസിനും പ്രധാനമന്ത്രിക്കും സോനോവാൾ സ്വീകാര്യനാണ്. ഹിമന്തയ്ക്കാണ് അമിത് ഷായുടെ വോട്ട്. കോൺഗ്രസിൽ ആയിരിക്കെ 7 വർഷം മുൻപ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടയാളാണ് ഹിമന്ദ ബിശ്വ സർമ. എന്നാൽ അന്നത്തെ മുഖ്യമന്ത്രി തരുൺ ഗൊഗോയ് യുടെ മകനും പാർലമെന്റംഗവുമായ ഗൗരവ് ഗൊഗോയ് രാഹുലിന്റെ വിശ്വസ്തനായിരുന്നതിനാൽ അതു നടന്നില്ല. തുടർന്നാണ് ഹതാശനായ ഹിമന്ദ ബിജെപിയിൽ ചേക്കേറിയത്. 

English Summary: BJP Will Form Govt, Says Sonowal as Trends in Saffron Favour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA