രാഷ്ട്രീയ പ്രതിരോധങ്ങൾ കടന്ന് ക്യാപ്റ്റൻ കപ്പുയർത്തി; ഇനി പിണറായി 2.0

SHARE

തിരുവനന്തപുരം ∙ രാഷ്ട്രീയ ‘ഓഖിയും’ വിവാദങ്ങളുടെ പ്രളയവും ‘ബ്രേക് ദ് ചെയിനി’ലൂടെ മറികടന്നപ്പോൾ ജനം വിധിയെഴുതി: പിണറായി വിജയൻ കേരളത്തിന്‍റെ ക്യാപ്റ്റൻ. പ്രതിയോഗികളും പ്രകൃതിയും തീർത്ത പ്രതിരോധം കൃത്യതയാർന്ന പാസുകളിൽ മറികടന്നപ്പോൾ വലകുലുങ്ങി! രാഷ്ട്രീയ വിജയം ചരിത്രമായി!  100 സീറ്റുകളിലേറെ ലീഡ് നേടി ക്യാപ്റ്റൻ കപ്പുയർത്തി.

ഇത്രയേറെ പ്രതിസന്ധികളെ നേരിട്ട സർക്കാരും മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ അപൂർവം. കേരളത്തെ നടുക്കിയ പ്രകൃതിദുരന്തങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ടപ്പോൾ കുരുക്കായത് സ്വർണക്കടത്തു കേസും വിവാദങ്ങളും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പോലും കേസിൽ പ്രതി ചേർക്കപ്പെടുമെന്ന തോന്നൽ ഒരു ഘട്ടത്തിലുണ്ടായി.

pinarayi-show
പിണറായി വിജയൻ ധർമടത്ത് നടത്തിയ റോഡ് ഷോ

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻഐഎയും കസ്റ്റംസും പലതവണ സെക്രട്ടേറിയറ്റിലെത്തിയതോടെ രാജി സമ്മർദം രൂക്ഷമായി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കുതന്നെ അവരുടെ അന്വേഷണത്തിൽ രാഷ്ട്രീയം കലരുന്നെന്ന തോന്നലുണ്ടായതോടെ പ്രതിരോധത്തിനിറങ്ങേണ്ടിവന്നു. അത് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഏറ്റുമുട്ടലായി. മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയമെന്തിനെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ ന്യായീകരിക്കുന്നതായി ഒടുവിൽ കാര്യങ്ങൾ. സ്വർണക്കടത്ത് വിവാദത്തെ മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം; പിന്നാലെ നിയമസഭയിലും.

തുടർഭരണമെന്ന വിശ്വാസത്തിനു പിന്നിലെന്തെന്നു പല തവണ ചോദ്യമുയർന്നതാണ്. ജനങ്ങളിൽ തനിക്കു വിശ്വാസമുണ്ടെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു തൊട്ടു മുൻപെടുത്ത തീരുമാനങ്ങളിൽപോലും ആ ആത്മവിശ്വാസം പ്രതിഫലിച്ചു. മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിനു പിന്നിൽ ഒരു സർവേയും കാരണമായിരുന്നെന്നു പ്രചാരണമുണ്ട്. വിശ്വസ്തർ വഴി മുഖ്യമന്ത്രി നടത്തിയ അന്വേഷണത്തിന്റ ഫലം 79 സീറ്റു ലഭിക്കുമെന്ന ഉറപ്പായിരുന്നു. ആ പ്രതീക്ഷ ലക്ഷ്യം കണ്ടു.

Pinarayi-Vijayan-2
പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

വിശ്വസ്തരെപ്പോലും കൈവിടേണ്ട ഘട്ടത്തിൽ അതിനു മടിക്കാതെയാണ് പിണറായി അധികാരയന്ത്രം ചലിപ്പിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 5 മന്ത്രിമാരാണ് രാജിവച്ചത്. വിവാദങ്ങളിൽ പെട്ടതോടെ ഉടനടി രാജി ആവശ്യപ്പെട്ട മന്ത്രിമാരുടെ കൂട്ടത്തിൽ വിശ്വസ്തനായ ഇ.പി.ജയരാജനുമുണ്ട്. വിവാദങ്ങളിലും കേസിലും പെട്ട അടുപ്പക്കാരനായ ഐഎഎസ് ഓഫിസർ എം.ശിവശങ്കറെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെ തള്ളിപ്പറഞ്ഞു. ബന്ധുനിയമന വിവാദത്തിൽ കെ.ടി.ജലീലിനെ അവസാനംവരെ സംരക്ഷിച്ചു. ലോകായുക്ത വിധി എതിരായതോടെ രാജി ചോദിച്ചു വാങ്ങി.

എല്ലാ അർഥത്തിലും സർക്കാരിന്റെ മുഖം മുഖ്യമന്ത്രിയായിരുന്നു. വിവാദങ്ങളായാലും നേട്ടങ്ങളായാലും അതങ്ങനെ തുടർന്നു. പാർട്ടി നിയന്ത്രണമോ ഘടകക്ഷികളുടെ സമ്മർദമോ ഉണ്ടായില്ല; സ്വതന്ത്രമായി തീരുമാനമെടുക്കാനായി. മറ്റു കാലങ്ങളിലില്ലാത്തതുപോലെ എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ മേൽനോട്ടമെത്തി. എൽഡിഎഫ് ഭരണകാലങ്ങളിൽ പലപ്പോഴും കല്ലുകടിയായിരുന്ന സിപിഎം–സിപിഐ തർക്കം പഴങ്കഥയായി.

പിണറായി സർക്കാർ പ്രതിസന്ധിയില്ലാതെ ഭരിച്ചത് ഒരു വർഷം മാത്രമാണ്. 2017 ൽ ഓഖിയെത്തി. പിന്നാലെ നിപ്പയും രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും. പ്രതിസന്ധികളിൽ കൃത്യതയോടെ ഇടപെട്ടപ്പോൾ ജനം മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്കായി കാതോർത്തു. ‘അതിനെന്താ, നമ്മളെല്ലാം ഒരുമിച്ചങ്ങ് ഇറങ്ങുവല്ലേ’ എന്ന വാക്കുകൾ ജനം ഏറ്റെടുത്തു. സ്നേഹിക്കുന്നവർ ക്യാപ്റ്റനെന്ന വിളിപ്പേര് നൽകി. പുതിയ മാതൃകകള്‍ സൃഷ്ടിച്ചാണ് പിണറായി സർക്കാർ 5 വർഷം പൂർത്തിയാക്കുന്നത്. ക്ഷേമപെൻഷനും ഭക്ഷ്യകിറ്റും കൃത്യമായി വീട്ടിലെത്തിയത് കേരളത്തിൽ പുതിയ അനുഭവമായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായവർക്കു ഭക്ഷ്യകിറ്റെന്ന ആശയം മുഖ്യമന്ത്രിയുടേതായിരുന്നു. കിറ്റുകൾ കൃത്യമായി വീട്ടിലെത്തിയപ്പോൾ സാധാരണക്കാരുടെ മനസ്സും സർക്കാരിനൊപ്പമായി.

തലശ്ശേരിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സ്ഥാനാർഥി എ.എൻ.ഷംസീർ, എം.സുരേന്ദ്രൻ എന്നിവർ സമീപം.
മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അളന്നു മുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസംഗം. അതുപോലെയാണ് തീരുമാനങ്ങളും.  സർക്കാർ തീരുമാനം കൃത്യതയോടെ നടപ്പിലാക്കണമെന്ന നിർബന്ധമുണ്ട്. ‘വെറുതേ സംസാരിച്ച് പോകാനല്ല, തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമാണ് യോഗങ്ങൾ’ എന്ന് ഉദ്യോഗസ്ഥരോട് നയം വ്യക്തമാക്കും; അവരെ വിശ്വാസത്തിലെടുക്കും. യോഗങ്ങളിലെ തീരുമാനം നടപ്പിലായോ എന്നു പരിശോധിച്ചുറപ്പാക്കും. അച്ചടക്കവും സമയകൃത്യതയും നിര്‍ബന്ധമാണ്; അത് സർക്കാർ യോഗമായാലും വാർത്താസമ്മേളനമായാലും. 6 മണിക്കുള്ള വാർത്താ സമ്മേളനം ആറുമണിക്ക് ആരംഭിക്കും. കൃത്യം 7 മണിക്ക്,  ‘ബാക്കി നാളെയാകാം’എന്ന പ്രസ്താവനയോടെ അവസാനിക്കും. ഈ കൃത്യത ഭരണത്തിൽ നേട്ടമായി. തുടർഭരണത്തിൽ  ഇതു വർധിക്കുമെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.

ബംഗാളിലും ത്രിപുരയിലും ഭരണം പോയെങ്കിലും ‘കനലൊരു തരി മതി’യെന്ന് ആശ്വാസം കൊണ്ട കേരളം പ്രതിസന്ധികൾക്കിടയിലും നിലനിർത്താനായത് പാര്‍ട്ടിയിൽ മുഖ്യമന്ത്രിക്കു നേട്ടമാണ്. പരാജയപ്പെട്ടെങ്കിൽ നേരിയ രീതിയിലെങ്കിലും വിമർശം ഉയർന്നേനെ. വിജയം പാര്‍ട്ടിയിൽ വിജയനെ സര്‍വസമ്മതനാക്കുന്നു. സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവസരങ്ങളും വർധിക്കുന്നു. ദേശീയ രാഷ്ട്രീയത്തിലും മുഖ്യമന്ത്രി പ്രതിച്ഛായ ഉയർത്തി. ബിജെപിക്കെതിരെ പോരാടാൻ സിപിഎം എന്ന സന്ദേശം പാര്‍ട്ടി ദേശീയതലത്തിൽ ഉയർത്തുന്നത് പിണറായിയെ ചൂണ്ടിക്കാട്ടിയാണ്.

∙ പിണറായി വിജയൻ

കണ്ണൂർ ജില്ലയിലെ പിണറായിയിൽ കോരന്റെയും കല്യാണിയുടെയും മകനായി 1945 മേയ് 24ന് ജനനം. തലശേരി ബ്രണ്ണൻ കോളജിൽ വിദ്യാഭ്യാസം. കെഎസ്എഫ് സെക്രട്ടറിയായിരുന്നു. 24–ാം വയസ്സിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ക്രൂരമർദനം അനുഭവിച്ചു. 1998 മുതൽ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1998 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗമാണ്. 1996 മുതൽ 1998 വരെ വൈദ്യുതി–സഹകരണ മന്ത്രിയായി പ്രവർത്തിച്ചു. 1970, 1977, 1991, 1996 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

English Summary: Captain Performance by CM Pinarayi Vijayan In ,Kerala Assembly Polls