ADVERTISEMENT

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നേറുന്നു. നാലായിരത്തിലേറെ വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി സി.രഘുനാഥിനെതിരെ പിണറായി ലീഡ് ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ താരത്തിളക്കം തന്നെയായിരുന്നു മണ്ഡലത്തിൽ‍ എൽഡിഎഫിന്റെ ആത്മവിശ്വാസം. ജയിക്കുക എന്നതിനെക്കാൾ ഭൂരിപക്ഷം ഉയർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇടതുമുന്നണി ധര്‍മടത്ത് പ്രചാരണത്തിനിറങ്ങിയത്. 2011 ലും 2016 ലും മമ്പറം ദിവാകരന്‍ മല്‍സരിച്ച മണ്ഡലത്തില്‍ കരുത്തൻ വരുമെന്നു പ്രചരിപ്പിച്ച്, ഒടുവിൽ ആദ്യം സാധ്യതപ്പട്ടികയിലുണ്ടായിരുന്ന സ്ഥാനാർഥിയെത്തന്നെ പ്രഖ്യാപിക്കുകയായിരുന്നു യുഡിഎഫ്.

സംസ്ഥാനത്ത് യുഡിഎഫ് ഏറ്റവും അവസാനം സ്ഥാനാർഥിയെ പ്രഖ്യാപിച്ച മണ്ഡലമാണു ധർമടം. ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻപു സ്ഥാനാർഥി പത്രിക നൽകിയ മണ്ഡലമെന്ന പേരിലും ധർമടം ചർച്ചയായി. കെ.സുധാകരനെ മല്‍സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. ഇതോടെ സ്ഥാനാര്‍ഥിയാരെന്നു ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞെങ്കിലും ഒൗദ്യോഗിക അറിയിപ്പൊന്നും വന്നില്ല. മറ്റു സ്ഥാനാര്‍ഥികള്‍ക്കൊപ്പം രഘുനാഥിനും കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെപിസിസി കത്ത് നല്‍കിയതോടെയാണ് രഘുനാഥ് തന്നെയാണു സ്ഥാനാര്‍ഥിയെന്നു സ്ഥിരീകരണമുണ്ടായത്. രണ്ടു തവണ സംസ്ഥാന പ്രസിഡന്റായിരുന്ന തലമുതിർന്ന നേതാവ് സി.കെ. പത്മനാഭനാണ് ബിജെപി സ്ഥാനാർഥി. വാളയാർ‌ പെൺകുട്ടികളുടെ അമ്മയും ധർമടത്ത് മൽസരിക്കുന്നുണ്ട്.

സ്ഥാനാർഥി പ്രഖ്യാപനം മുതൽ പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമായ മൂൻതൂക്കമാണ് മണ്ഡലത്തിൽ പിണറായി നേടിയത്. നിരവധി രാഷ്ട്രീയ വിവാദങ്ങളും പ്രതിപക്ഷം പ്രചാരണ വേളയിൽ ഉയർത്തിയിരുന്നു. ആഴക്കടൽ മൽസ്യബന്ധനക്കരാർ ഉൾപ്പെടെയുള്ള വിവാദങ്ങൾ തിരഞ്ഞെടുപ്പിന്റെ അവസാനനാളുകളിൽ ചർച്ചയായെങ്കിലും അതു വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. ഏപ്രിൽ നാലാം തീയതി, കോവിഡ് ബാധിച്ച മുഖ്യമന്ത്രി പതിനായിരക്കണത്തിന് ആളുകളെ അണിനിരത്തി റോഡ് ഷോ നടത്തിയത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു.

2016 ലെ ഫലം
∙ആകെ വോട്ട്: 1,84,431
∙പോൾ ചെയ്തത്: 1,53,627
∙പോളിങ്: 83.30%
∙ഭൂരിപക്ഷം: 36,905

വോട്ടുനില
∙പിണറായി വിജയൻ (സിപിഎം) 87,329
∙മമ്പറം ദിവാകരൻ (ഐഎൻസി) 50,424
∙മോഹനൻ മാനന്തേരി (ബിജെപി) 12,763
∙തറമ്മൽ നിയാസ് (എസ്‌ഡിപിഐ) 1,994
∙ദിവാകരൻ എം. തിരുവാതിര (സ്വത) 354
∙ദിവാകരൻ മൂട്ടിൽ ഹൗസ് (സ്വത) 148
∙നോട്ട: 615

English Summary: Dharmadom Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com