ADVERTISEMENT

പ്രതിസന്ധികൾ കേരളീയ ജീവിതത്തെ കുടഞ്ഞ കാലത്തും രാഷ്ട്രീയ ജാഗ്രത കൈവിട്ടിരുന്നില്ല രമേശ് ചെന്നിത്തല. തേടിവന്നതല്ല, തേടിപ്പിടിച്ചതായിരുന്നു ഓരോ അവസരവും. പാർട്ടിയുടെയും മുന്നണിയുടെയും ചുക്കാൻ പിടിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം വലിയ പോരാട്ടത്തിനാണു അരങ്ങൊരുക്കിയതും. പക്ഷേ, അന്തിമഫലത്തിൽ കോൺഗ്രസിനും യുഡിഎഫിനും ആശ്വസിക്കാനുള്ള വക കുറവ്.

അവഹേളനങ്ങളിലും ആത്മവിശ്വാസം കൈവിടാതെ, തൊടുത്തതെല്ലാം ലക്ഷ്യത്തിലെത്തിച്ചിരുന്നു ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവ്. മുൻമാതൃകകളുടെ ശിരോഭാരത്താൽ തലകുനിക്കാതെ, തന്റേതായ വഴിവെട്ടിയാണു ചെന്നിത്തല വേറിട്ട പ്രതിപക്ഷ നേതാവായതും. കരുത്തനായ മുഖ്യമന്ത്രി പിണറായി വിജയനും സുശക്തമായ ഇടതുസംവിധാനവും എതിരുണ്ടെന്നറിഞ്ഞിട്ടും നേർക്കുനേർനിന്നു പോരാടാൻ അദ്ദേഹം ധൈര്യം കാട്ടി. കേരളത്തിന്റെ പ്രതിസന്ധികളിൽ സർക്കാരിനൊപ്പം ചേർന്നുനിൽക്കാനുള്ള പക്വതയും ചെന്നിത്തല പ്രകടിപ്പിച്ചു.

കേരളം മാത്രമല്ല ലോകവും മുൻപു കടന്നു പോയിട്ടില്ലാത്ത കോവിഡ് കാലത്താണു മലയാളികൾ വോട്ടിട്ടത്. മഹാമാരികളും മഹാപ്രളയങ്ങളും തുടർച്ചയായി ഇങ്ങനെ കേരളത്തെ മദിച്ചൊരു കാലം മുൻ‌പുണ്ടായിട്ടില്ല. ഒറ്റക്കെട്ടായിനിന്നു നാം അതിനെയെല്ലാം മറികടന്നു, അതിജീവിച്ചു കൊണ്ടിരിക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻനിർത്തിയുള്ള മുന്നൊരുക്കങ്ങൾക്കു കോവിഡ് തടസ്സമാകരുത് എന്നതിലേക്കു സംസ്ഥാന രാഷ്ട്രീയം പെട്ടെന്നാണു ചുവടുമാറിയത്. പാർട്ടികളുടെയും മുന്നണികളുടെയും മന്ത്രിസഭയുടെയും യോഗങ്ങൾ വരെ വിഡിയോ കോൺഫറൻസിലൂടെയായി. ലക്ഷങ്ങൾ അണിനിരന്ന വെബ് റാലികളും നടന്നു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടതും ലോക്ഡൗണും കാരണം ഏവരും വീടിനകത്തായിപ്പോയ നാളുകൾ. ദിവസവും വൈകിട്ട് ആറിനു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനായി ലോകമെമ്പാടും മലയാളികൾ കാത്തിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും ക്രമേണ വാർത്താസമ്മേളനങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനാണോ സർക്കാർ ഉപയോഗിക്കുന്നതെന്നു പ്രതിപക്ഷത്തിനു സംശയമായി. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷ നേതാവ് തൊടുത്ത ആരോപണം മുന്നണിനേതാക്കൾ ഏറ്റെടുത്തു. പ്രതിച്ഛായ കൂട്ടാനും തിരഞ്ഞെടുപ്പു നേട്ടത്തിനു സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാനുമായി മുഖ്യമന്ത്രി പിആർ ഏജൻസിയുടെ സഹായം തേടി എന്നതായിരുന്നു ആരോപണം.

സിപിഎമ്മും സർക്കാർ കേന്ദ്രങ്ങളും പിന്നീട് മുഖ്യമന്ത്രി തന്നെയും ഇതു നിഷേധിച്ചെങ്കിലും വലിയ ചർച്ചയാക്കാൻ ചെന്നിത്തലയ്ക്കു സാധിച്ചു. സർക്കാരിനെ കുരുക്കിലാക്കിയ വലിയ സംഭവങ്ങൾക്കു വേദിയൊരുക്കിയതും കോവിഡാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന സ്പ്രിൻക്ലർ വിവാദം ആളിപ്പടർന്നു. കോവിഡ് വിവരവിശകലനത്തിനു യുഎസിലെ സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിലെ സർക്കാർ ഒളിച്ചുകളിയാണു പ്രതിപക്ഷം വിഷയമാക്കിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകയ്യെടുത്താണു കരാർ ഉണ്ടാക്കിയത്.

ഐടി സെക്രട്ടറി എന്ന നിലയിൽ ശിവശങ്കർ തന്നെയാണു കരാറിൽ ഒപ്പിട്ടതും. കരാർ വിവാദമായതിനെത്തുടർന്ന് ഹൈക്കോടതി നിർദേശമനുസരിച്ച് ഡേറ്റ സി–ഡിറ്റിന്റെ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്കു മാറ്റി. ഇതിനായി ക്ലൗഡ് ശേഷി വർധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവാക്കി. കോവിഡ് വിവരവിശകലനത്തിനു സ്പ്രിൻക്ലർ കമ്പനിക്കു കരാർ നൽകിയതിൽ ഒട്ടേറെ വീഴ്ചകളെന്നു ചൂണ്ടിക്കാണിക്കുന്ന വിദഗ്ധസമിതി റിപ്പോർട്ട് വീണ്ടും പഠിക്കാൻ മറ്റൊരു സമിതിയെ വച്ചതും പ്രതിപക്ഷം ആയുധമാക്കി.

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിവാദം ചൂടുപിടിച്ചപ്പോൾ പ്രതിപക്ഷ നേതാവ് പൊഴിമുഖം സന്ദർശിച്ചു. കടപ്പുറത്തുനിന്നു മണലെടുക്കുന്നതിനെ ചെറുക്കുന്നതിൽ പ്രതിപക്ഷവും സിപിഐയും ഒറ്റക്കെട്ടായിരുന്നു. ന്യായീകരണങ്ങളുമായി സിപിഎം മറുവശത്തും. പ്രതിപക്ഷവും സിപിഐയും തമ്മിൽ അന്തർധാരകളുണ്ടെന്ന ആരോപണവും ഉയർന്നു; ഇരുപക്ഷവും എതിർത്തെങ്കിലും. സ്പ്രിൻക്ലർ വിവാദം ഉയർത്തിക്കൊണ്ടുവന്നതു പ്രതിപക്ഷ നേതാവാണെങ്കിൽ, ഇടതുപക്ഷത്തിനുള്ളിൽ തിരുത്തലിനായി ശബ്ദിച്ചത് കേരളത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയതലത്തിൽ ജനറൽ സെക്രട്ടറി ഡി.രാജയുമായിരുന്നു.

പമ്പാ ത്രിവേണിയിൽനിന്നുള്ള മണലെടുപ്പിനു പിന്നിലെ ‘ചെളി’ പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷമാണ്. അതിരപ്പിള്ളി അണക്കെട്ടിന്റെ കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും ചെയ്തതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന മുഖ്യമന്ത്രിയുടെയും മന്ത്രി എം.എം.മണിയുടെയും വിശദീകരണം തള്ളിയില്ലെങ്കിലും പദ്ധതി ആവശ്യമില്ലെന്ന നിലപാടായിരുന്നു സിപിഐയുടേത്. അമിത കറന്റ് ബില്ലിനെതിരെ കേരളം മുഴുവൻ വൈദ്യുതവിളക്കുകൾ അണച്ചുള്ള സമരം പ്രതിപക്ഷം പ്രഖ്യാപിച്ചപ്പോൾ, വിഷയത്തിൽ സിപിഐ നിർവാഹകസമിതി പ്രമേയം പാസാക്കി പരസ്യമാക്കിയിരുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റേതിൽനിന്നു നേർവിപരീതമായ ഭരണ, വികസന സമീപനങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിയത്. സ്വകാര്യ സംരംഭകർക്കു വാതിൽ തുറന്നിട്ടു; വിദേശ കുത്തകകളോടുള്ള അയിത്തം മാറ്റിവച്ചു; വിമർശനങ്ങൾക്കു വില കൽ‍പിക്കാതെ ലോക കേരളസഭകളിലൂടെ വിദേശ വമ്പന്മാരുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ചു. ആ ചുവപ്പൻ പരവതാനിയിലൂടെ ഒരു ‘അവതാരവും’ കടന്നുവരാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാളിയതായി സ്വർണക്കടത്ത് വിവാദം തെളിയിച്ചു.

സ്വപ്ന സുരേഷ് എന്ന ഗൂഢാവതാര ലക്ഷണങ്ങളൊത്ത വ്യക്തി ഉന്നത ഭരണകേന്ദ്രങ്ങളുമായി നടത്തിയ സമ്പർക്കങ്ങൾ സർക്കാരിനെ പിടിച്ചുകുലുക്കി. പാർട്ടിക്കാര്യങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരിൽ പാർട്ടിയും പരിധിവിട്ട് ഇടപെടാനില്ലെന്ന ധാരണയിലാണു പിണറായിയും സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണനും പ്രവർത്തിച്ചത്. നയതന്ത്ര പാഴ്സലുകളിൽ സ്വർണം ഒളിപ്പിച്ചു കടത്തുന്നതുപോലെയുള്ള വലിയ കുറ്റകൃത്യത്തിനു തുനിഞ്ഞ ക്രിമിനൽ റാക്കറ്റിലെ മുഖ്യകണ്ണി പക്ഷേ ഇടതുസർക്കാരിന്റെ ഭാഗമായി; മുഖ്യമന്ത്രിയുടെ വിശ്വസ്ത ഉദ്യോഗസ്ഥൻ അവരുടെ തലതൊട്ടപ്പനുമായി.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു തട്ടിപ്പുകാരി യുഎഇ കോൺസുലേറ്റിലെ പദവിയും സംസ്ഥാന ഭരണത്തിലെ സ്വാധീനവും കരുവാക്കി ഒരു അധോലോക ശൃംഖലതന്നെ നെയ്തപ്പോൾ നിരന്തര ചോദ്യശരങ്ങളുയർത്തി ചെന്നിത്തല സർക്കാരിനെ വെള്ളം കുടിപ്പിച്ചു. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും പ്രത്യേക താൽപര്യം എടുത്തതിനാൽ ബിജെപിയും വിഷയം ആളിക്കത്തിച്ചു. സിബിഐയും എൻഐഎയും ഇഡിയും അടക്കമുള്ള കേന്ദ്ര ഏജൻസികൾ സെക്രട്ടേറിയറ്റിനു ചുറ്റും വട്ടമിട്ടു.

സ്വപ്ന സുരേഷ് കമ്മിഷൻ വാങ്ങിയ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്കു റെഡ് ക്രസന്റിനെ എത്തിച്ചതു ശിവശങ്കറാണെന്ന് ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് വ്യക്തമാക്കിയതോടെ ആ പദ്ധതിയും അന്വേഷണ പരിധിയിലായി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എൻഐഎ അന്വേഷണം തുടങ്ങിയതെങ്കിൽ മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതു സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കി. സ്പീക്കർ പി.ശ്രീരാമകൃഷ്ണനിലേക്കും കെ.ടി.ജലീൽ ഉൾപ്പെടെയുള്ള മന്ത്രിമാരിലേക്കും ആരോപണമുനകൾ നീണ്ടു.

വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊലീസ് നിയമഭേദഗതി സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതു ദേശീയ തലത്തിൽതന്നെ ചർച്ചയായി. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിന്റെ പേരുപറഞ്ഞു പൊലീസ് നിയമത്തിൽ കേരളം കൊണ്ടുവന്ന ഭേദഗതി എല്ലാ വിനിമയ ഉപാധികൾക്കും ബാധകമാക്കിയതാണു വിവാദമായത്. ആരും പരാതി ഉന്നയിക്കാതെതന്നെ പൊലീസിനു സ്വമേധയാ കേസെടുക്കാവുന്ന നിയമത്തിനെതിരെ പ്രതിപക്ഷവും നിലകൊണ്ടു. മാധ്യമമാരണ നിയമമായി വ്യാഖ്യാനിക്കപ്പെട്ടതോടെ ഓർഡിനൻസ് സർക്കാരിനു റദ്ദാക്കേണ്ടി വന്നു.

ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദം പുറത്തുകൊണ്ടുവന്നതും ചെന്നിത്തലയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും നിലനിൽപും തീറെഴുതാനെന്നോണമുള്ള ഗൂഢനടപടികൾ ഓരോന്നായി മറനീക്കിയതോടെ തീരജനതയുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ട ബാധ്യതയിലായി സർക്കാർ. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) സർക്കാരിനെ അറിയിക്കാതെ ധാരണാപത്രം ഒപ്പിട്ടുവെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും വാദിച്ചിരുന്ന സർക്കാർ, അതു തെറ്റാണെന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായി.

മുഖ്യമന്ത്രിയുടെ ഓഫിസും മുതിർന്ന ഉദ്യോഗസ്ഥരും അറിഞ്ഞുതന്നെയാണു ധാരണാപത്രം ഒപ്പിട്ടതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കി. പദ്ധതിയുടെ അപകടം പുറത്തുകൊണ്ടുവരികയും രേഖകൾ സഹിതം തെളിയിക്കുകയും ചെയ്ത പ്രതിപക്ഷനേതാവിനോടു പകരംവീട്ടാനെന്ന മട്ടിൽ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന കെഎസ്ഐഎൻസി എംഡിയെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ രോഷത്തിനു കാരണമായ ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ലെന്ന വിവരം പുറത്തു വന്നതും സർക്കാരിനു ക്ഷീണമായി.

വിവാദ ആഴക്കടൽ മത്സ്യബന്ധന ഇടപാടിന്റെ വിവരം തനിക്കു നൽകിയത് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി നേതാവായ ജാക്സൺ പൊള്ളയിലാണെന്നു പ്രതിപക്ഷ നേതാവ് പിന്നീടു വെളിപ്പെടുത്തി. ഇഎംസിസി കമ്പനി പ്രതിനിധികളാണു ചെന്നിത്തലയ്ക്കു വിവരം നൽകിയതെന്നു ഭരണപക്ഷം ആരോപിക്കുന്നതിനിടെ ആയിരുന്നു തുറന്നുപറച്ചിൽ. ‘ഇഎംസിസി പോലൊരു കമ്പനി എന്റെ അടുത്തു വന്ന് അവരുടെ 5,000 കോടി രൂപയുടെ പദ്ധതി പൊളിച്ചു കൊടുക്കാൻ ആവശ്യപ്പെടുമോ?’ എന്നായിരുന്നു ഇതിനോടു ചെന്നിത്തലയുടെ മറുപടി.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാടുന്ന സംസ്ഥാനത്ത് 4 ലക്ഷത്തിലേറെ ഇരട്ട വോട്ട് ഉണ്ടെന്നു സ്ഥാപിക്കാനും പ്രതിപക്ഷ നേതാവിനു സാധിച്ചു. 4.34 ലക്ഷം ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ www.operationtwins.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലോകത്തിനു മുന്നിൽ കേരളത്തെ കള്ളവോട്ടർമാരുടെ നാടായി ചിത്രീകരിക്കാനാണു പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നു കുറ്റപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്. തദ്ദേശത്തിൽ ഹിറ്റായ ‘കിറ്റ് പ്രയോഗം’ ചെറുക്കാനും പ്രതിപക്ഷം ഇറങ്ങിത്തിരിച്ചു.

അദാനി ഗ്രൂപ്പിന് 1000 കോടി ലാഭം കിട്ടത്തക്കവിധം ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ സർക്കാർ കരാറുണ്ടാക്കിയെന്നാണ് ഒടുവിലായി ചെന്നിത്തല ഉന്നയിച്ച ആരോപണം. പ്രചാരണ രംഗത്തു സിപിഎം ചർച്ച ചെയ്യാൻ തീരെ ആഗ്രഹിക്കാത്ത ശബരിമല വിഷയവും ആയുധമാക്കി. പിഎസ്‍സി റാങ്ക്‌പട്ടികയിൽ ഉൾ‍പ്പെട്ട ശേഷം ജോലി കിട്ടാത്തവരുടെ പ്രതിഷേധവുമായി റാങ്ക് ഹോൾഡർമാർ ആരംഭിച്ച സമരവും ഏറ്റെടുത്തു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ സമരപ്പന്തലിൽ എത്തിക്കാനുമായി. ബന്ധുനിയമന വിവാദങ്ങൾ ഉയർത്തി സർക്കാരിനെ വരിഞ്ഞുമുറുക്കി, മന്ത്രിമാരുടെ രാജിക്കു വഴിയൊരുക്കി. പാർട്ടിയിലും മുന്നണിയിലും തനിക്കെതിരെ വിമർശനമാവാമെങ്കിലും സർക്കാരിനെതിരെ താനുന്നയിച്ച ആരോപണങ്ങളൊന്നും പാഴ്‍വാക്കല്ലെന്നു ചെന്നിത്തല ഓർമിപ്പിക്കുന്നു.

English Summary: Opposition Leader Ramesh Chennithala's leadership analysis- Kerala Assembly Election Result 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com