ADVERTISEMENT

പാലക്കാട് ∙ കളത്തിലിറങ്ങും മുൻപുതന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ഇ.ശ്രീധരൻ. രാജ്യം ആദരിക്കുന്ന എൻജിനീയറിങ് വിദഗ്ധനായ ‘മെട്രോമാൻ’ ഇ.ശ്രീധരൻ, പാലക്കാട് വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ലീഡ് നേടി കേരളത്തെ അമ്പരപ്പിച്ചു. ബിജെപി ക്യാംപിൽ ആവേശം വിതറി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ശ്രീധരന്റെ തേരോട്ടം. സിറ്റിങ് എംഎൽഎ കോൺഗ്രസിന്റെ ഷാഫി പറമ്പിലിനും സിപിഎമ്മിന്റെ സി.പി.പ്രമോദിനും എതിരെ കടുത്ത മത്സരം. പക്ഷേ, അവസാന റൗണ്ടുകളിൽ മത്സരം തിരിച്ചു പിടിച്ച് ഷാഫി പറമ്പിൽ പോരാട്ടവീര്യം പുറത്തെടുത്തതോടെ ശ്രീധരന്റെ പടയോട്ടം നിലച്ചു.

ഫലം വരാൻ കാത്തുനിൽക്കാതെ ശ്രീധരൻ പാലക്കാട് ടൗണിൽ എംഎൽഎ ഓഫിസ് തുറക്കാൻ വീട് കണ്ടെത്തിയതു വലിയ വാർത്തയായിരുന്നു. കേരളത്തിൽ മറ്റൊരു സ്ഥാനാർഥിയും കാണിക്കാൻ ധൈര്യപ്പെടാത്ത ചങ്കൂറ്റമായിരുന്നു അത്. പാലക്കാട് ടൗണിൽ ഹെഡ് പോസ്റ്റോഫിസിനടുത്ത് നല്ലൊരു വീട് കണ്ടപ്പോൾ അത് ഓഫിസാക്കി മാറ്റാമെന്ന് അദ്ദേഹത്തിനു തോന്നി. മറ്റാർക്കും കൈമാറരുതെന്നു പറഞ്ഞ് വീട് ഉറപ്പിച്ചു. യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ 10,000 വോട്ടിന്റെ ഭൂരിപക്ഷമാണു താൻ പ്രതീക്ഷിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞുവച്ചു.

ഈ തിരഞ്ഞെടുപ്പിൽ‌ ബിജെപിയുടെ തുറുപ്പുചീട്ടായിരുന്നു ശ്രീധരന്റെ സ്ഥാനാർഥിത്വം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു മാത്രമല്ല, ഭോപ്പാൽ, ഡൽഹി, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽനിന്നും പ്രവർത്തകരും ആരാധകരും പാലക്കാട്ടെത്തി പ്രവർത്തിച്ചു. ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കുമെന്നു പറഞ്ഞ ശ്രീധരൻ, മികച്ചനിലയിൽ ചുമതലകൾ നിർവഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും പറഞ്ഞതു കയ്യടികളോടെയാണ് അണികൾ ഏറ്റെടുത്തത്.

ഇ.ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ബിജെപി താൽപര്യപ്പെടുന്നെന്ന നിലപാട് പാർട്ടി സ്വീകരിച്ചതും ചർച്ചയായി. പിന്നീടു നിലപാടിൽനിന്നു കെ.സുരേന്ദ്രൻ മലക്കംമറിഞ്ഞു. ശബരിമല വിഷയത്തിലും ശ്രീധരൻ പ്രതികരിച്ചു. എല്ലാം കഴി‍ഞ്ഞ ശേഷം കണ്ണീരെ‍ാലിപ്പിച്ചിട്ടു കാര്യമില്ലെന്നാണു ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിൽ ശ്രീധരൻ പറഞ്ഞത്. വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്നും ബിജെപി സ്ഥാനാര്‍ഥി എന്നതിലുപരി മെട്രോമാന്‍ എന്ന നിലയ്‌ക്കാണു കൂടുതല്‍ വോട്ടുകിട്ടുകയെന്നും ശ്രീധരൻ പറഞ്ഞതായിരുന്നു ആദ്യ റൗണ്ടുകളിലെ ലീഡിൽ ദൃശ്യമായത്. ഷാഫിയുടെ തിരിച്ചുവരവ് സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകൾ വരെ ആഘോഷിച്ചു.

Content Highlights: Palakkad, Metro Man E Sreedharan, Kerala Assembly Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com