ADVERTISEMENT

കേരളത്തിൽ തുടർഭരണമെന്ന പുതുചരിത്രം രചിച്ച് ഇടതുപക്ഷം. 99 സീറ്റുമായി പിണറായി വിജയൻ സർക്കാരിനു രണ്ടാമൂഴം നൽകി 2021ലെ ജനവിധി. 1982നു ശേഷം ഒരു മുന്നണിയെയും തുടർച്ചയായി തിരഞ്ഞെടുത്തിട്ടില്ലെന്ന പതിവ് ഇക്കുറി മാറി. ഇടതു നേതാക്കളുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ച് വൻ ഭൂരിപക്ഷമാണ് എൽഡിഎഫിനു കിട്ടിയത്. സിപിഎം ഒറ്റയ്ക്ക് 68 സീറ്റുകൾ നേടി. കോൺഗ്രസിനു നേടാനായത് 22 സീറ്റുകൾ മാത്രം. യുഡിഎഫ് മുന്നണിയാകെ നേടിയത് 41 സീറ്റ്. ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമം ഇടതുമുന്നണി തിരിച്ചുപിടിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ വ്യക്തമായും ചുവന്നു.

ജോസ് കെ.മാണി, മന്ത്രി മേഴ്സിക്കുട്ടിയമ്മ, എം.സ്വരാജ് എന്നിവരൊഴികെ മത്സരിച്ച പ്രമുഖരെയെല്ലാം ജയിപ്പിക്കാനും എൽഡിഎഫിനു സാധിച്ചു. വടകരയിൽ കെ.കെ.രമ, പാലായിൽ മാണി സി.കാപ്പൻ, പാലക്കാട് ഷാഫി പറമ്പിൽ തുടങ്ങിയവരുടെ ജയങ്ങൾ യുഡിഎഫിന് ആശ്വാസമാണ്. യുഡിഎഫിന്റെ ഭൂരിഭാഗം യുവനേതാക്കളും നന്നായി പൊരുതിയെങ്കിലും തോല്‍വിയറിഞ്ഞു. വി.ടി.ബൽറാം, കെ.എസ്.ശബരിനാഥൻ, കെ.എം.ഷാജി, പി.കെ.ഫിറോസ് എന്നിവരാണു തോറ്റ പ്രമുഖർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ ഭൂരിപക്ഷം കുറയുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ വമ്പന്‍ നേതാക്കള്‍ പ്രചാരണത്തിൽ നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നിലനിർത്താനാകാതെ ബിജെപി തകർന്നടിഞ്ഞു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശ വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടത്. വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടി നേരിട്ടു. ഇ.ശ്രീധരൻ, സുരേഷ് ഗോപി, കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നതു മാത്രമാണ് ആശ്വാസം. പൂഞ്ഞാറിൽ സ്വതന്ത്രനായി ജയിച്ചിരുന്ന പി.സി.ജോർജ് തോൽവിയറിഞ്ഞു. ട്വന്റിട്വന്റി പോലുള്ള പുതുകൂട്ടായ്മകൾക്കും കാര്യമായൊന്നും ചെയ്യാനായില്ല.


English Summary: Kerala Assembly Elections 2021 Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com