ഉടുമ്പൻചോലയുടേതല്ല ഇടുക്കിയുടെ സ്വന്തം മണിയാശാൻ; വിജയത്തിന്റെ 1... 2... 3... 4...!

mm-mani-01
SHARE

തീക്കാറ്റിൽ കടഞ്ഞെടുത്ത വാക്കുകളാണ് എം.എം.മണിയുടേത്. വെട്ടൊന്ന്; മുറി രണ്ട്– ഇതാണു മണിയുടെ പ്രമാണം. പേരു മണി എന്നാണെങ്കിലും ‘മണിയടിക്കാൻ’ പക്ഷേ, എം.എം.മണിക്കു മനസ്സില്ല.

നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ആദ്യം കാലിടറിയെങ്കിലും മൂന്നാമങ്കത്തിൽ മണി നേടിയ ത്രസിപ്പിക്കുന്ന വിജയം ഇടുക്കി ജില്ലയിലെ ഏറ്റവും തിളക്കമേറിയ വിജയങ്ങളിലൊന്നായി. ഇടുക്കി ജില്ലയിൽ, 27 വർഷം സിപിഎമ്മിന്റെ അമരക്കാരനായിരുന്ന മണി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽനിന്നു മത്സരിച്ച് എംഎൽഎയും വൈദ്യുതി മന്ത്രിയുമായി. സിപിഎമ്മിന്റെ തലമുതിർന്ന നേതാവായ മണി, ഇടുക്കിയുടെ സ്വന്തം ‘മണിയാശാനാണ്’.

ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴുള്ള മണിയല്ല ഇപ്പോൾ. എന്തിനും ഏതിനും അഭിപ്രായം പറഞ്ഞിരുന്ന മണിയുടെ നാവിന്റെ ചാട്ടുളിച്ചൂടറിഞ്ഞവരുടെ എണ്ണത്തിനു കണക്കില്ല. പ്രസംഗിക്കാൻ മൈക്കിനടുത്തെത്തുന്ന മണി, കൈകൾ കൂട്ടിത്തിരുമ്മിയാൽ, അന്ന് ‘പൊളിക്കു’മെന്ന് മാധ്യമങ്ങൾക്ക് അറിയാം. ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന മണിയല്ല, മന്ത്രിയാപ്പോൾ. വാക്കിലും നോക്കിലും എല്ലാം പുതിയ ഒരു മണി ‘ടച്ച്’. സ്വന്തം മണ്ഡലമായ ഉടുമ്പൻചോലയിലെത്തിയാൽ മണിയുടെ ജനപ്രീതി എന്തെന്ന് അറിയാം. 5 വർഷത്തിനിടെ മണി, ഇവിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മണിയെ ഇടുക്കിയുടെ ഏറ്റവും വലിയ ജനനേതാവായി വളർത്തി.

∙ കണ്ണീരുപ്പു പടർന്ന ബാല്യകാലം

അഞ്ചാംക്ലാസു വരെ മാത്രം പഠിച്ച്, ചുമടെടുത്തും കൃഷിപ്പണി ചെയ്‌തും മുദ്രാവാക്യം വിളിച്ചും സമരം ചെയ്‌തും പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറിയ മണി 76–ാം വയസ്സിലും വിശ്രമിക്കാൻ ഒരുക്കമല്ല. കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടയ്‌ക്കൽ പരേതരായ മാധവന്റെയും ജാനകിയുടെയും ഏഴുമക്കളിൽ മൂത്തമകനായാണ് എം.എം.മണി ജനിച്ചത്.

ചെത്തുതൊഴിലാളിയായിരുന്ന മാധവൻ 1957ൽ കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി. കഷ്‌ടപ്പാടിന്റെ നാളുകൾക്ക് അറുതിവരുത്താനായിരുന്നു ആ യാത്ര. കുഞ്ചിത്തണ്ണിയിലെ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി മാധവൻ ജോലിചെയ്‌തു. അന്നു മണിക്ക് പത്തുവയസ്സു മാത്രം. കിടങ്ങൂർ എൻഎസ്‌എസ് സ്‌കൂളിൽ അഞ്ചാം ക്ലാസുവരെ പഠിച്ച മണിക്ക് തുടർന്നുപഠിക്കാൻ പണമില്ലാതെ വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങി. ‘ഒരുനേരത്തെ അഹാരത്തിനുപോലും നിവൃത്തിയില്ലാത്ത കാലമായിരുന്നു. കൂലിപ്പണിക്കുപോയി. പിന്നെ കൃഷിപ്പണി ചെയ്‌തു. ചുമട്ടുകാരനായും ജോലിനോക്കി. ഏലത്തോട്ടത്തിൽ പണിയെടുത്തു’ – മണി ഒരിക്കൽ പറഞ്ഞു.

∙ ഏതു ജോലിക്കും ഞാൻ ഒരുക്കമായിരുന്നു, വിശപ്പടക്കുക അതു മാത്രം...

‘ഏതുജോലി ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു. വിശപ്പടക്കുക... അതു മാത്രമായിരുന്നു അന്നു മനസ്സിൽ... ഒരു ദിവസത്തെ കൂലി ഒരു രൂപ മാത്രമായിരുന്നു... ഇതുകൊണ്ട് എന്തു തികയാൻ?’–മണിയുടെ വാക്കുകൾ ഇടറുന്നു.

14ാം വയസ്സിൽ പാർട്ടിപ്രവർത്തനം തുടങ്ങി. പ്രസംഗകനാകുകയെന്നതായിരുന്നു മണിയുടെ ജീവിതാഭിലാഷം. വായനയായിരുന്നു പ്രസംഗത്തിലേക്കു വഴിതുറന്നത്. ദേവികുളം താലൂക്ക് സെക്രട്ടറിയായിരുന്ന ടി.കെ.ചന്ദ്രൻ 1966ൽ പാർട്ടി അംഗത്വം നൽകി.1970ൽ സിപിഎം ബൈസൺവാലി ലോക്കൽ കമ്മിറ്റി സെക്രട്ടറി. പിറ്റേവർഷം രാജാക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1974ൽ ജില്ലാ കമ്മിറ്റി അംഗം.

കെ.കെ. ചെല്ലപ്പനായിരുന്നു അന്നു ജില്ലാ സെക്രട്ടറി. അടിയന്തരാവസ്‌ഥക്കാലത്ത് ദേവികുളം താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. അന്ന് 13 ദിവസം വിലങ്ങുവച്ച് അടിമാലി സ്‌റ്റേഷനിൽ മണിയെ നിർത്തി. 1977ൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. 1985ൽ ജില്ലാ സെക്രട്ടറിയും. തുടർന്നു സംസ്‌ഥാന കമ്മിറ്റി അംഗവുമായി. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

∙ സിപിഎമ്മിന്റെ ‘ക്രൗഡ് പുള്ളർ’

പ്രസംഗത്തിൽ ബിരുദമെടുത്തിട്ടില്ലെങ്കിലും 65 വർഷത്തെ പാർട്ടി പ്രവർത്തനത്തിന്റെ തീച്ചൂളയിൽ തിളച്ചു കിട്ടിയ വാക്കുകളാണ് എം.എം. മണിയുടെ തുറുപ്പുശീട്ട്. മൈക്കു കണ്ടാൽ ഇടുക്കിക്കാരുടെ ‘മണിയാശാന്’ എന്നും ആവേശമാണ്. കയ്യടി കിട്ടിയാൽ മണിയുടെ സിരകളിൽ ആവേശപ്പൂക്കളൊഴുകും. ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി, കൈകൾ കൂട്ടിത്തിരുമ്മും മണിയുടെ ശരീരഭാഷ മാറുമ്പോൾ അന്നൊരു ‘ബോംബു’ പൊട്ടും. തൊടുപുഴയ്ക്കു സമീപം മണക്കാട് 2012 മേയിൽ നടത്തിയ ‘വൺ..ടൂ...ത്രീ പ്രസംഗം പിറന്നതും വാക്കുകൾ കേട്ട് കേരളം നടുങ്ങിയതും ഇത്തരമൊരു കൈ കൂട്ടിത്തിരുമ്മലിനെ തുടർന്നായിരുന്നു. ചോദ്യം ചെയ്യലും 45 ദിവസത്തെ ജയിൽവാസവുമൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയ മണി, തിരഞ്ഞെടുപ്പിൽ മത്സരാർഥിയുടെ കുപ്പായമണിഞ്ഞതോടെ പ്രസംഗത്തിലെ പഴയ ശൈലിക്കു സഡൺ ബ്രേക്കിട്ടു. 27 വർഷം ഇടുക്കി ജില്ലയിൽ സിപിഎമ്മിന്റെ അമരക്കാരനായിരുന്ന മണി, പാർട്ടിയുടെ ‘ക്രൗഡ് പുള്ള’റിലൊരാൾ കൂടിയാണ്.

ഏതു നേതാവായാലും മുന്നും പിന്നും നോക്കില്ല മണി. പ്രാസവും വ്യാകരണവും ചേരുംപടി ചേർത്ത് അരച്ചു കുഴച്ചെടുത്ത വാക്കുകൾ തീക്കുടുക്കകളായി ചുഴറ്റിയെറിയുമ്പോൾ കേരളം കാതോർക്കും. വി.എസ്.അച്യുതാനന്ദനായാലും ഉമ്മൻ ചാണ്ടിയായാലും പൊലീസായാലും മണി, നാവിന്റെ ചാട്ടുളിയെടുത്തു വീശും. പിന്നെ എന്തൊക്കെ പറയുമെന്നു മണിക്കുപോലും നിശ്ചയമില്ല. ഇത്തരത്തിലൊരു ചാട്ടുളി വീശലിലാണു മണക്കാട്ടെ വൺ...ടൂ...ത്രീ... പ്രസംഗം വിവാദമായത്. അതിൽ നിന്നൊക്കെ മണി ഇപ്പോൾ മാറി. ഇടുക്കിയുടെ ഏറ്റവും ജനകീയ നേതാവായി മണി മാറുമ്പോൾ ഇടുക്കിയുടെ ശബ്ദമാണ് ആ വാക്കുകളിൽ. ഇടുക്കി ജില്ലയിൽ സിപിഎമ്മിന്റെ അവസാന വാക്കും മണിയാശാന്റേതാണ്.

∙ അന്ന് വിഎസ് പക്ഷക്കാരൻ ഇന്ന് പിണറായി വിഭാഗം

കടുത്ത വിഎസ് പക്ഷക്കാരനായിരുന്നു, ഒരിക്കൽ എം.എം. മണി. പിന്നീട് ഇവർ തമ്മിൽ സ്വരച്ചേർച്ചയില്ലാതായപ്പോൾ, വിഎസ് പക്ഷത്തുനിന്നു മണി, പിണറായി പക്ഷത്തേക്കു മാറി. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള മണിക്ക്, കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകാൻ മുൻകൈ എടുത്തതും പിണറായി വിജയൻ തന്നെ. മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ചപ്പോൾ, പാർട്ടിക്കുള്ളിലെ ചിലരുടെ നെറ്റി ചുളിഞ്ഞു. വൈദ്യുതി വകുപ്പു പോലുള്ള വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നും പാർട്ടിക്കുള്ളിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. പക്ഷേ പിണറായിക്ക് മണിയെ അത്ര വിശ്വാസമായിരുന്നു. ഏൽപ്പിച്ച ചുമതല മന്ത്രിയെന്ന നിലയിൽ മണി, ഭംഗിയായി നിറവേറ്റി. 5 വർഷം മണി, വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കേരളത്തിൽ ഒരിക്കൽ പോലും പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടായില്ല. അതാണ് ഇടുക്കിയുടെ സ്വന്തം മണിയാശാൻ, പറഞ്ഞ വാക്ക് അതേപടി പാലിക്കും.

∙ 3 തവണ

മൂന്നു തവണ മാത്രമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. ഉടുമ്പൻചോല മണ്ഡലത്തിൽ 96ൽ ആദ്യമായി നിയമസഭിയലേക്ക് മത്സരിച്ചെങ്കിലും ഇ.എം. ആഗസ്‌തിയോടു പരാജയപ്പെട്ടു. 4667 വോട്ടുകൾക്കാണ് അന്ന് മണി തോറ്റത്.
ആദ്യത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്നു പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല. കഴിഞ്ഞ തവണ വീണ്ടും ഉടുമ്പൻചോലയിൽ മത്സരിച്ചപ്പോൾ വിജയം അവിസ്മരണീയമായി. ഇപ്പോൾ 38,305 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ, തുടർച്ചയായ രണ്ടാം തവണയും മണി വിജയിച്ചു. ആദ്യം മത്സരിച്ചപ്പോൾ തന്നെ തോൽപ്പിച്ച കോൺഗ്രസിന്റെ ഇ.എം.ആഗസ്തിയെ തന്നെ ഇത്തവണ മണി തോൽപ്പിച്ചതും മധുര പ്രതികാരമായി.

സ്വന്തം മണ്ഡലത്തിൽ ആയുർവേദ മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി മാറ്റിയത്, പച്ചടി ഇൻഡോർ സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്, പഞ്ചായത്ത് സ്റ്റേഡിയം നിർമാണം, രാമക്കൽമേട്ടിലെ ഹൈബ്രിഡ് പവർ പ്ലാന്റിന്റെ നിർമാണം എന്നിവ മണിയുടെ 5 വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്.

∙ പാർട്ടിക്കുള്ളിൽ കണിശക്കാരൻ

പാർട്ടിക്കുള്ളിൽ കണിശക്കാരനായ നേതാവ്. വീട്ടിൽ ഗൗരവക്കാരനായ ഗൃഹനാഥൻ. ചെറുമക്കളെത്തിയാൽ മണിയുടെ കാർക്കശ്യം മഞ്ഞുപോലെ അലിയും. പിന്നെ കുട്ടികളുടെ മണിക്കുട്ടനാകും. ലക്ഷ്‌മിക്കുട്ടിയാണ് ഭാര്യ. മക്കൾ: സതി(രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ(മുൻ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ്), ഗീത, ശ്രീജ.

∙ ഇഷ്ടം എ.കെ.ആന്റണിയെ, മമ്മൂട്ടിയെ

സിനിമയെന്നു കേട്ടാൽ എല്ലാം മറക്കുന്ന മണിക്ക് ഇഎംഎസ് കഴിഞ്ഞാൽ ഏറെ ഇഷ്‌ടം കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ! മമ്മൂട്ടിയുടെ മൃഗയ എന്ന ചിത്രത്തിലെ വേട്ടക്കാരൻ വാറുണ്ണിയെന്ന കഥാപാത്രത്തെയാണ് കൂടുതൽ ഇഷ്ടം. പുസ്തകങ്ങൾ സ്ഥിരമായി വായിക്കും.

∙ കർഷകന്റെ ഹൃദയം തൊട്ട നേതാവ്

മന്ത്രിഭവനത്തിൽനിന്നു കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ വീട്ടിലെത്തിയാൽ, തൂമ്പയെടുത്ത് മണ്ണിലേക്കിറങ്ങാനും മടിയില്ല, മണി എന്ന കർഷകന്. ജില്ലയുടെ കാർഷിക പ്രശ്നങ്ങളിൽ എന്നും ഇടപെട്ടിരുന്ന മണി, അത് പരിഹരിക്കാൻ മുന്നിൽ നിന്നു. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി, മന്ത്രിയായി എന്തു സമ്പാദിച്ചു എന്ന് ചോദിച്ചാൽ ഭാര്യയെയും മക്കളെയും ചൂണ്ടി മണി പറയും, ‘ഇവരാണ് എന്റെ സമ്പാദ്യം’– അതാണ് എം.എം. മണി.

∙ വൈദ്യുതി ‘പൊള്ളിക്കുന്ന’ വകുപ്പല്ല.....

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മണി പറഞ്ഞ വാക്കുകൾ...‘വൈദ്യുതി പൊള്ളുന്ന വകുപ്പാണ്. മഴയും വെള്ളവുമില്ലാത്തതിനാൽ അണക്കെട്ടുകളെല്ലാം വറ്റി. വേനലിൽ വലിയ പ്രതിസന്ധിയുണ്ടാകും. എങ്ങനെ വൈദ്യുതി ഉൽപാദനം കൂട്ടാമെന്നതിനെക്കുറിച്ച് ആലോചിച്ചു നടപടി സ്വീകരിക്കും.’’– പറഞ്ഞ വാക്ക് മണിയാശാൻ അക്ഷരം പ്രതി പാലിച്ചു.രണ്ടാം വട്ടവും മന്ത്രിയാകുമോയെന്ന് ചോദിച്ചപ്പോൾ അതൊക്കെ പാർട്ടിയാണ് തീരുമാനിക്കുകയെന്നു മണിയുടെ വാക്കുകൾ.

Content Highlights: Udumbanchola Constituency, MM Mani, Maniaasan, Kerala Assembly Election Results 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA