വടകരയിൽ വിജയമുറപ്പിച്ച് കെ.കെ. രമ; എണ്ണായിരത്തോളം വോട്ടിനു മുന്നിൽ

kk-rema-victory
കെ.കെ. രമ (ചിത്രം: സജീഷ് പി ശങ്കരന്‍)
SHARE

കേരളമാകെ ശ്രദ്ധിച്ച മൽസരത്തിൽ, വടകരയിൽ ആർഎംപിഐ സ്ഥാനാർഥി കെ.കെ. രമ എണ്ണായിരത്തോളം വോട്ടിനു ലീഡ് ചെയ്യുന്നു. എൽജെഡി സ്ഥാനാർഥി മനയത്ത് ചന്ദ്രൻ പിന്നിലാണ്. സിപിഎം അഭിമാന മൽസരമായി കണക്കാക്കുന്ന വടകരയിൽ എന്തുവില കൊടുത്തും രമയെ പരാജയപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.

വടകരയിൽ ടി.പി. ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ആർഎംപിക്ക് കൃത്യമായ വോട്ട് അടിത്തറയുള്ള മണ്ഡലമാണ് വടകര. യുഡിഎഫിന്റെ വോട്ടുകൾകൂടി ചേർന്നതായാണ് ആദ്യ ഫലങ്ങൾ നൽകുന്ന സൂചന.

നേരത്തേ ഒറ്റയ്ക്ക് മൽസരിച്ച് ആർഎംപി ശക്തി പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയത്തിലേക്ക് എത്തിയിരുന്നില്ല. വടകരയിൽ മത്സരിക്കുന്നതു ഘടകകക്ഷിയാണെങ്കിലും സ്വന്തം മണ്ഡലമെന്ന കരുതലുണ്ടായിരുന്നു സിപിഎമ്മിന്; ഓരോ ചുവടിലും അടവിലും സിപിഎമ്മിന്റെ മേൽനോട്ടവും. കാരണം വടകരയിൽ തോൽക്കുകയെന്നാൽ ടി.പി.ചന്ദ്രശേഖരനോടു തോൽക്കുക എന്നാണ് സിപിഎം കരുതിയിരുന്നത്.

നിർണായകം ആർഎംപി

2008 ലാണ് ഒഞ്ചിയത്തെ സിപിഎം വിമതർ ആർഎംപി രൂപീകരിച്ചത്. സിപിഎം കോട്ടയായ ഒഞ്ചിയം പഞ്ചായത്തിൽ പിന്നീടു നടന്ന 3 തദ്ദേശ തിരഞ്ഞെടുപ്പിലും ആർഎംപി ഭരണം പിടിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തിൽ രണ്ടു വട്ടം എൽഡിഎഫിന് ഭരണം നഷ്ടമായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർഥി എൻ.വേണു 100,98 വോട്ട് നേടി. എൽഡിഎഫ് വിജയിച്ചത് 847 വോട്ടിന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർഥി കെ.കെ.രമ 20504 വോട്ട് നേടി. എൽഡിഎഫ് വിജയിച്ചത് 9511 വോട്ടിന്. 2 തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ മൂന്നാമത് എത്തിയത് ആർഎംപി ആയിരുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ പി.ജയരാജന്റെ സ്ഥാനാർഥിത്വം പുതിയൊരു കൂട്ടുകെട്ടിനു വഴിതുറന്നു. ജയരാജനെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് ആർഎംപി പ്രഖ്യാപിച്ചു. ആ കൂട്ടുകെട്ട് തദ്ദേശ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ മുൻകൈയെടുത്തത് അന്നു വടകരയങ്കത്തിൽ ജയരാജനെ തോൽപ്പിച്ച കെ.മുരളീധരൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് – ആർഎംപി സഖ്യം 3 പഞ്ചായത്തുകളിൽ ഭരണം പിടിച്ചു. തകർന്നുവീണതിൽ ജനതാദൾ കോട്ടയായ ഏറാമലയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം ആവർത്തിക്കാൻ പ്രചോദനമായതും ഈ തദ്ദേശ വിജയം തന്നെ.

വോട്ടുകണക്കിൽ ഇടം വലം

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വടകര നൽകിയത് 24,756 വോട്ട്. എന്നാൽ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 847 വോട്ടിന് ജയിച്ചു കയറി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് വീണ്ടും 15,341 വോട്ടിന്റെ ലീഡ് പിടിച്ചു. എന്നാൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം എൽഡിഎഫ് നിലനിർത്തി. ഭൂരിപക്ഷം–9511. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് 22,963 വോട്ടിന്റെ ലീഡ്.

Manayath-Chandran-vadakara
മനയത്ത് ചന്ദ്രൻ

തദ്ദേശ ചിത്രം

വടകര നഗരസഭയും അഴിയൂർ, ഏറാമല, ഒഞ്ചിയം. ചോറോട് പഞ്ചായത്തുകളും ചേർന്നതാണ് വടകര മണ്ഡലം. നഗരസഭയിലും അഴിയൂർ പഞ്ചായത്തിലും എൽഡിഎഫ് ഭരണം. ഏറാമല, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളിൽ യുഡിഎഫ്–ആർഎംപി സഖ്യമായ ജനകീയ മുന്നണി.

2016 ലെ ഫലം
∙ആകെ വോട്ടർമാർ: 1,58,907
∙പോൾ ചെയ്ത വോട്ട്: 1,29,572
∙പോളിങ് ശതമാനം: 81.54
∙ഭൂരിപക്ഷം: 9,511

∙സി.കെ.നാണു (ജെഡിഎസ്): 49,211
∙മനയത്ത് ചന്ദ്രൻ (ജെ‍ഡിയു): 39,700
∙കെ.കെ.രമ (സ്വത): 20,504
∙എം.രാജേഷ് കുമാർ (ബിജെപി): 13,937
∙പി. അബ്‌ദുൽ ഹമീദ് (എസ്ഡിപിഐ) :2,673
∙മഠപ്പറമ്പത്ത് ചന്ദ്രൻ (സ്വത):1,648
∙കെ.കെ.രമ കുനിയിൽ (സ്വത): 352
∙പി.പി.സ്‌റ്റാലിൻ (സിപിഐ–എംഎൽ റെഡ് സ്‌റ്റാർ): 284
∙ടി.കെ.നാണു താഴെകണ്ടോത്ത് (സ്വത): 279
∙മത്തത്ത് ചന്ദ്രൻ(സ്വത): 240
∙ടി.പി.രമ വടക്കേ ഏരോത്ത് (സ്വത): 238
∙നോട്ട: 506

English Summary: Vadakara Constituency Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS