ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ ബിജെപി ‘സംപൂജ്യരായത്’ എങ്ങനെയെന്ന് കേന്ദ്രനേതൃത്വത്തോട് വിശദീകരിക്കേണ്ട വിഷമഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാട്ടി മുരളീധര വിരുദ്ധപക്ഷം രംഗത്തിറങ്ങുകയും ചെയ്യും. സംസ്ഥാന സമിതി പുനഃസംഘടനയ്ക്കും സാധ്യതയേറി. 

ആളിന് ആൾ, പണത്തിന് പണം ഒന്നിനും ഒരുകുറവുമില്ലാതെയാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് പിന്തുണ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രചാരണത്തിനിറങ്ങി. സംസ്ഥാന നേതൃത്വത്തെയും വി.മുരളീധരനെയും വിശ്വാസത്തിലെടുത്തായിരുന്നു നിര്‍ലോഭ പിന്തുണ.

എന്നിട്ടും ആകെ ഉണ്ടായിരുന്ന ഒരുസീറ്റുകൂടി കളഞ്ഞുകുളിച്ചു. പണിപ്പെട്ട് തുറന്ന അക്കൗണ്ട് എങ്ങനെ പോയി? സാധ്യതയുള്ള മണ്ഡലങ്ങളില്‍ എന്തുകൊണ്ട് ജയം നേടാനായില്ല? ഇതിനൊക്കെ സംസ്ഥാന നേതൃത്വം ഉത്തരം പറയേണ്ടിവരും. തോല്‍വിയെക്കുറിച്ച് വിശദമായി വിലയിരുത്തുമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതുമുതല്‍ ഇടഞ്ഞുമാറി നിൽക്കുന്ന മറുപക്ഷത്തിലെ ചിലര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നേക്കാം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി പ്രചാരണത്തില്‍നിന്ന് അകന്നുനിന്ന ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായെങ്കിലും അപ്പോഴേക്കും എതിരാളികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിയിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയെത്തിയതും വളരെ വൈകി. തലശ്ശേരിയിലും ഗുരുവായൂരും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികതന്നെ തള്ളിപ്പോയതു നാണക്കേടായി.

ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിരുന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ തുറന്നുപറച്ചിലും വിനയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുരേന്ദ്രന്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചതും മഞ്ചേശ്വരത്തെ സാധ്യത കുറച്ചു.

https://youtu.be/SiWxzp1HjH8

തിരുവല്ലയില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന അനൂപ് ആന്റണിയെ അമ്പലപ്പുഴയിലാണ് നിർത്തിയത്. ചെങ്ങന്നൂരില്‍ സ്വാധീനമുണ്ടായിരുന്ന സന്ദീപ് വാചസ്പതിയെ ആലപ്പുഴയില്‍ മത്സരിപ്പിച്ചു. അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാനായതുമില്ല.

English Summary: BJP fails to impress Kerala electorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com