പരാജയം ഏറ്റുവാങ്ങിയെങ്കിലും പണിത്തിരക്കൊഴിയാതെ ഇ. ശ്രീധരൻ

e-sreedharan-metro-man-profile-image
ഇ. ശ്രീധരൻ
SHARE

പാലക്കാട്∙ രാഷ്ട്രീയഗോദയിലെ ആദ്യമത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും മെട്രോമാൻ ഇ. ശ്രീധരന് ഔദ്യോഗികവും അനൗദ്യോഗികവുമായ ജോലിത്തിരക്കുകളിൽനിന്നു മോചനമില്ലെന്നു പറയാം. ഡിഎംആർസിയിൽനിന്നു സ്ഥാനമൊഴിഞ്ഞെങ്കിലും 3 സുപ്രധാന പദ്ധതികളിലാണ് ഇപ്പോഴും അദ്ദേഹം സമയം ചെലവഴിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഉത്തരവാദിത്തം ഇപ്പോഴുമുണ്ടെന്നു ചുരുക്കം.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ഫൗണ്ടേഷൻ ഫോർ റസ്റ്ററേഷൻ ഓഫ് നാഷനൽ വാല്യൂസ്’ (എഫ്ആർഎൻവി) എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക പ്രസിഡന്റായ ഇ.ശ്രീധരൻ ഇപ്പോഴും ഈ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നു. ഡൽഹിയിൽ ജോലിയിലിരുന്ന കാലത്താണ് ഇത്തരമൊരു സംഘടനയുമായി പ്രവർത്തിച്ചുതുടങ്ങിയത്. 2008 ജൂണിൽ സ്ഥാപിതമായതാണ് ഈ സംഘടന.

ജമ്മു ആൻഡ് കശ്മീരിലെ ദാൽ തടാകം ശുചീകരിക്കുന്ന ദൗത്യമാണ് ഇ. ശ്രീധരൻ മേൽനോട്ടം വഹിക്കുന്ന മറ്റൊരു സുപ്രധാന പദ്ധതി. 2019 ഒക്ടോബറിൽ ജമ്മു ആൻഡ് കശ്മീർ ഹൈക്കോടതിയാണ് ഇത്തരമൊരു പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ശ്രീധരനെ ചുമതലപ്പെടുത്തിയത്. 3,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

ഇനിയും 5 വർഷമുണ്ടെങ്കിലേ പൂർത്തിയാക്കാനാകൂവെന്ന് ഇ.ശ്രീധരൻ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇടക്കിടെ ശ്രീനഗർ സന്ദർശനവും അദ്ദേഹത്തിന് ഒഴിവാക്കാനാവാത്തതാണ്. ദാൽ തടാക പുനരുദ്ധാരണത്തിന് ഹൈക്കോടതി രൂപം കൊടുത്ത വിദഗ്ധരുടെ കമ്മിറ്റിയുടെ ചെയർമാനാണ് ഇ. ശ്രീധരൻ. ഷിപ്പ് യാഡിൽനിന്നും മറ്റും സിഎസ്ആർ ഫണ്ട് ശ്രീധരൻ ഈ പദ്ധതിയുടെ ചെലവിലേക്കായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ശ്രീനഗറിൽ പോയത്. കോവിഡിനെത്തുടർന്ന് ഏപ്രിലിൽ ഓൺലൈൻ മീറ്റിങ് ചേർന്ന് കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു. 

സ്വന്തം നാട്ടിൽ ഭാരതപ്പുഴയുടെ പുനരുദ്ധാരണത്തിന് ‘ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ’ എന്ന സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന ചുമതല. ഈ 3 പദ്ധതികൾക്കുമായി നല്ലൊരു സമയം തനിക്കു ചെലവഴിക്കേണ്ടതുണ്ടെന്ന് ശ്രീധരൻ വ്യക്തമാക്കി. ഏറ്റെടുക്കുന്ന ഓരോ പദ്ധതിയും കൃത്യനിഷ്ഠയോടെ ചെയ്തുതീർക്കുന്നതു മുഖമുദ്രയാക്കി മാറ്റിയ മെട്രോമാന്, തന്റെ ആദ്യരാഷ്ട്രീയ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ പരാജയം നേരിട്ടെങ്കിലും ഏറ്റെടുത്ത 3 ചുമതലകളും നിറവേറ്റാൻ നല്ലൊരു പങ്ക് സമയം ആവശ്യമാണ്. 

Content Highlights: Metro man E Sreedharan pending projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA