എൽഡിഎഫിനെ എഴുതിത്തള്ളിയവർ പാപഭാരം ഏൽക്കണം: തുറന്നടിച്ച് പി.ടി. തോമസ്

1200-pt-thomas
പി.ടി. തോമസ് എംഎൽഎ. ചിത്രം∙ സമൂഹമാധ്യമം
SHARE

കൊച്ചി∙ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേയ്ക്കു ചുരുങ്ങിപ്പോയ എൽഡിഎഫിനെ എഴുതിത്തള്ളിയ കോൺഗ്രസും യുഡിഎഫും ഇന്ന് അതിന്റെ പാപഭാരം ഏറ്റെടുക്കണമെന്ന് പി.ടി. തോമസ് എംഎൽഎ. അന്ന് ലഭിച്ച വലിയ മുന്നേറ്റത്തിന്റെ ആവേശം ആലസ്യമായി മാറിയതാണ് ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയത്. ഘടനാപരവും പ്രവർത്തന പരവുമായുമുള്ള വീഴ്ചകൾ തുറന്ന് അംഗീകരിച്ച് ഒരു സ്വയം അന്വേഷണത്തിനു തയാറായി മുന്നോട്ടു പോയാൽ ഒരിക്കൽ 9 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഉയർത്തെഴുന്നേറ്റതുപോലെ കോൺഗ്രസ് പാർട്ടിക്ക് ഉയർത്തെഴുന്നേൽക്കാൻ സാധിക്കും. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജനാധിപത്യത്തിന്റെ ജിഹ്വയാണ് അത് തകർക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

സംഘടനാപരമായ വീഴ്ചകൾ പരിഹരിക്കണം

പരാജയത്തിന്റെ പേരിൽ ആരെയെങ്കിലും ഒറ്റപ്പെടുത്തി ഉത്തരവാദിത്തം കെട്ടിവയ്ക്കുന്നത് യാഥാർഥ്യത്തിൽനിന്നുള്ള ഒളിച്ചോടലാണ്. പ്രധാന പോരായ്മകൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണം. സംഘടനാ പരമായ വീഴ്ചകൾ ഒന്നൊന്നായി പരിശോധിക്കണം. അതിന് കൂട്ടായ ചർച്ചയും നടപടികളുമുണ്ടാകണം. അതിനായി പാർട്ടി സജ്ജമാകുന്ന ഒരു സാഹചര്യമാണ് അനിവാര്യം. കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവും അവരുടെ കടമകൾ നിർവഹിച്ചു എന്നത് യാഥാർഥ്യമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ അവരെ കണക്കറ്റ് പുകഴ്ത്താൻ ആരും പോയില്ല. അതുകൊണ്ടു തന്നെ പരാജയം വരുമ്പോഴും കണക്കു വിട്ട് അവരെ പഴിക്കുന്നതും ന്യായമാണെന്നു കരുതുന്നില്ല. താനടക്കം എല്ലാ നേതാക്കൾക്കും ഈ പരാജയത്തിൽ പങ്കാളിത്തമുണ്ട്. അത് എന്താണെന്നു തിരിച്ചറിയുക എന്നതാണ് ഈ ഘട്ടത്തിൽ വേണ്ടത്. 

നേതൃമാറ്റം പോലെയുള്ള വിഷയങ്ങൾ ചർച്ചയായി ഉയർത്തി കൊണ്ടു വരുന്നത് നേതൃത്വത്തെ ദുർബലപ്പെടുത്തുന്നതീനേ ഉപകരിക്കൂ. ഇതുപോലെയുള്ള കാര്യങ്ങൾ കൂട്ടായി ആലോചിച്ച് ചെയ്യേണ്ടതാണ്. പാർട്ടിക്ക് സംഘടനാപരമായി പോരായ്മകളുണ്ട്. അത് എന്താണെന്ന് കണ്ടറിഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയെ കാണിച്ച് പരാജയത്തെ ഒതുക്കുന്നത് ശരിയല്ല, അത് വിഷയങ്ങളിൽ നിന്ന് അകന്നു പോകുന്നതിനേ സഹായിക്കൂ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും അവരുടേതായ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. സംഘടനാപരമായ ദൗർബല്യം കോൺഗ്രസിനുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. 

പിണറായിയുടെ വിജയം കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ നിരാസം

പിണറായി വിജയന്റെ വിജയം തിളക്കമാർന്നതാണ് എന്നു പറയുമ്പോഴും ആ വിജയം കമ്യൂണിസ്റ്റു മൂല്യങ്ങളുടെ നിരാസമാണ്. കമ്യൂണിസ്റ്റു പാർട്ടികൾ പുലർത്താൻ പാടില്ലാത്ത മത, വർഗീയ പ്രീണനം വിജയത്തിനു കാരണമായിട്ടുണ്ട്. സ്റ്റാലിന്റെയും ഹിറ്റ്ലറിന്റെയുമൊക്കെ കാലത്തേതു പോലെ നുണ ബോംബുകൾ കൊണ്ടുള്ള ജയമാണ്. ഗീബൽസിയൻ തിയറിക്ക് പിആർ വർക്കുകള്‍ ചെയ്തും വൻ സാമ്പത്തിക സ്വാധീനം ഉപയോഗിച്ചും ജനങ്ങളെ വശീകരിച്ചു എന്നതാണ് വസ്തുത. 

ബിജെപിയുടെ സാന്നിധ്യം ഒഴിവാക്കിയത് കോണ്‍ഗ്രസ് നിലപാട്

കേരള സഭയിൽ മോദി സർക്കാരിന്റെ സാന്നിധ്യം ഉണ്ടാകാതിരിക്കാൻ ശക്തമായ നിലപാട് സ്വീകരിച്ചത് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയാണ്. പിണറായി വിജയൻ കഴിഞ്ഞ ദിവസം ഇതിന് അവകാശവാദം ഉന്നയിക്കുന്നതു കണ്ടിരുന്നു. രാഷ്ട്രീയ വിലയിരുത്തൽ നടത്തിയാൽ അത് തെറ്റാണെന്നു ബോധ്യപ്പെടും. മുരളീധരനെ നേമത്തു നിർത്തിയും ഷാഫിയെ പാലക്കാടു നിർത്തിയും മഞ്ചേശ്വരത്ത് മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ നിർത്തിയും തൃശൂരിൽ കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാലിനെ ഇറക്കിയതുമാണ് ആ നേട്ടത്തിനു പിന്നിൽ. ബിജെപി ജയിക്കാൻ സാധ്യതയുണ്ടായിരുന്ന ഈ നാലു സീറ്റുകളും തടഞ്ഞു നിർത്തിയത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നിലപാടാണ്. 

കോൺഗ്രസ് പാഠം പഠിക്കണം

ഈ തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസിന് പല പാഠങ്ങളും പഠിക്കാനുണ്ട്. കേരളത്തിലുള്ള പട്ടിക ജാതി പട്ടിക വർഗ സീറ്റുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയൂന്നേണ്ടതുണ്ട്. പുതുമുഖങ്ങളെയും താരതമ്യേന വിജയിക്കുമെന്ന് പ്രതീക്ഷിച്ചവരുമായ ആളുകളെ രംഗത്തിറക്കാൻ സാധിച്ചെങ്കിലും അതാതു മണ്ഡലത്തിൽ ശക്തമായ നേതൃത്വം കൊടുത്ത് ഒരു സ്ഥാനാർഥി പ്രവർത്തിക്കേണ്ടതു പോലെ പ്രവർത്തിച്ചു പോകാൻ പറ്റിയ ഒരു നേതൃപിന്തുണ മണ്ഡലം കേന്ദ്രീകരിച്ചു കൊടുക്കുന്നതിൽ പോരായ്മ പറ്റിയിട്ടുണ്ട്. 

പരാജയപ്പെട്ട 20 സ്ഥാനാർഥികളെ എടുത്തു നോക്കിയാൽ പിന്തുണയും പിൻബലവും കൊടുത്താൽ ജയിക്കാമായിരുന്ന സാഹചര്യമുണ്ടായിരുന്നു എന്നു വ്യക്തമാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ 41 സീറ്റ് എന്നത് 61 ആയെങ്കിലും ഉയർത്താമായിരുന്നു. – അദ്ദേഹം പറയുന്നു.

English Summary: PT Thomas blames UDF leadership over UDF big loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA