കോൺഗ്രസ് വീര്യം വീണ്ടെടുത്ത് വിഷ്ണുനാഥ്, മഹേഷ്; ‘കൈവിട്ട’ ആ ജില്ലകളിലെ പ്രകടനം

Kerala Election Result Analysis | UDF | Congress
പ്രതീകാത്മക ചിത്രം
SHARE

കേരളത്തിൽ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിന് ഒരു എംഎൽഎ പോലുമില്ലാത്ത 5 ജില്ലകളുണ്ടെന്ന ഞെ‌ട്ടിപ്പിക്കുന്ന സത്യത്തെ മുഖാമുഖം കണ്ടാണ് യുഡിഎഫ് 2021ലെ പോരാട്ടത്തിനു കളത്തിലിറങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ സാന്നിധ്യമാകുക എന്ന ലക്ഷ്യത്തിനൊപ്പം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ‘ഇലക്‌ഷൻ മിഷനിൽ’ ഈ 5 ജില്ലകൾക്കും പ്രത്യേക പരിഗണനയുണ്ടായിരുന്നു. പക്ഷേ അപ്രതീക്ഷിത തിരിച്ചടിയിൽ പകച്ചിരിക്കുകയാണു യുഡിഎഫ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട്, കോഴിക്കോട്, ഇടുക്കി, കൊല്ലം ജില്ലകളിലാണു കോൺഗ്രസിന് എംഎൽഎമാർ ഇല്ലാതെ പോയത്. 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ പരാജയപ്പെട്ടതോടെ ഈ പട്ടികയിലേക്കു പത്തനംതിട്ടയും കൂടി. 14 ജില്ലകളിൽ അഞ്ചിലും നിയമസഭാ പ്രാതിനിധ്യം ഇല്ലായെന്ന നാണക്കേട് മാറ്റാനാണു കോൺഗ്രസ് ലക്ഷ്യമിട്ടത്. ഇക്കൂട്ടത്തിൽ യുഡിഎഫിന് ഒരംഗം പോലുമില്ലാത്ത രണ്ടു ജില്ലകളുമുണ്ടായിരുന്നു – കൊല്ലവും പത്തനംതിട്ടയും. 2021ലെ തിരഞ്ഞെടുപ്പിൽ ഈ ജില്ലകളിൽ എന്താണു സംഭവിച്ചതെന്നു നോക്കാം.

∙ കാസർകോട്‌

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആവർത്തനമാണ് ഇത്തവണയും കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിൽ. എൽഡിഎഫ് 3, യുഡിഎഫ് 2. കാസർകോടും മഞ്ചേശ്വരവും ലീഗ് നിലനിർത്തി. ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മും കാഞ്ഞങ്ങാട് സിപിഐയും നിലനിർത്തി. താരപരിവേഷത്തോടെ പ്രചാരണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു മൂന്നാം തവണയും മഞ്ചേശ്വരത്തു പരാജയം.

കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ മത്സരിച്ച ഉദുമ മണ്ഡലത്തിൽ എൽഡിഎഫിന് വൻ വിജയം. 2016ൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ മൂന്നിലും ഇടതുപക്ഷമായിരുന്നു. യുഡിഎഫിനു രണ്ടു സീറ്റ്– മുസ്‍ലിം ലീഗിന്റെ കയ്യിലുള്ള മഞ്ചേശ്വരവും കാസർകോടും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാറ്റ് മാറി വീശി. കാസർകോട്ട് 35 വർഷത്തിനുശേഷം രാജ്മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫ് വിജയിച്ചു.

2021ലെ ഫലം: യുഡിഎഫ്–2  (കോൺഗ്രസ്–0), എൽഡിഎഫ്–3

∙ കോഴിക്കോട്

25 വര്‍ഷത്തിനു ശേഷം വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാൻ മുസ്‍ലിം ലീഗ് ധൈര്യം കാട്ടിയ മണ്ഡലമുൾപ്പെടുന്ന ജില്ല. വടകരയില്‍ യുഡിഎഫ് പിന്തുണയിൽ കെ.കെ.രമ ഇറങ്ങിയതോടെ വീണ്ടും ചർച്ചയായ ടിപി വധം. സീറ്റ് ഘടകകക്ഷിക്കു വിട്ടുനല്‍കിയതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി നേതൃത്വത്തെ തിരുത്തിയ കുറ്റ്യാടി. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വരവോ‌ടെ താരപരിവേഷം വന്ന ബാലുശേരി. ജില്ലയിൽ രാഷ്ട്രീയ രുചിഭേദങ്ങളും പരീക്ഷണങ്ങളും നിരവധിയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമായ കോട്ടകൾ ഇരുമുന്നണികളും തിരിച്ചുപിടിച്ചു; കൊടുവള്ളി യുഡിഎഫും കുറ്റ്യാടി എൽഡിഎഫും. വടകരയിലെ എൽഡിഎഫ് കോട്ട ആർഎംപി തകർത്തപ്പോൾ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് യുഡിഎഫിനു നഷ്ടമായി. ഇരുവശത്തും നഷ്ടവും നേട്ടവും തുല്യമായതോടെ ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ കക്ഷിനില തന്നെ; എൽഡിഎഫ്–11, യുഡിഎഫ്–2. തുടർച്ചയായ 4–ാം തിരഞ്ഞെടുപ്പിലും ജില്ലയിൽനിന്നു കോൺഗ്രസിന് എംഎൽഎമാരില്ല. 

2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് 11 സീറ്റില്‍. കുറ്റ്യാടിയും കോഴിക്കോട് സൗത്തും ലീഗിലൂടെ യുഡിഎഫ് സ്വന്തമാക്കി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ 10 സീറ്റില്‍ എല്‍ഡിഎഫായിരുന്നു മുന്നില്‍. യുഡിഎഫ് ഭരണത്തിലെത്തിയ 2011ലും ജില്ലയിലെ 13 സീറ്റില്‍ പത്തും നേടിയത് എല്‍ഡിഎഫ് ആണ്. 2001ൽ ആണ് നിയമസഭയിലേക്കു കോഴിക്കോട് ജില്ലയിൽനിന്ന് കോൺഗ്രസ് ഒടുവിൽ ജയിച്ചത്.

2021ലെ ഫലം: യുഡിഎഫ്– 2 (കോൺഗ്രസ്–0), എൽഡിഎഫ്– 11

∙ പത്തനംതിട്ട

2016ൽ ജില്ലയിലെ അഞ്ചിൽ നാലിടത്താണ് ഇടതുപക്ഷം ജയിച്ചത്. ഒരിടത്ത്, കോന്നിയിൽ, കോൺഗ്രസിന്റെ അടൂർ പ്രകാശിനായിരുന്നു വിജയം. അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി ജയിച്ചതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. സിറ്റിങ് സീറ്റിൽ കോൺഗ്രസ് നിയോഗിച്ച പി.മോഹൻരാജിനെ പരാജയപ്പെടുത്തി സിപിഎമ്മിലെ യുവസാരഥി കെ.യു.ജനീഷ് കുമാർ മണ്ഡലം പിടിച്ചെടുത്തു. ഇതോടെ ജില്ല പൂർണമായും ചുവന്നു.

ഇത്തവണ അഞ്ചിൽ അഞ്ചും എൽഡിഎഫ് സ്വന്തമാക്കി. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിൽ നടത്തിയ പ്രചാരണം ജില്ല മുഖവിലയ്ക്കെടുത്തില്ല. കോന്നിയിൽ വീണ്ടും മത്സരിക്കാനെത്തിയ കെ.സുരേന്ദ്രൻ 3–ാം സ്ഥാനത്തായി. റാന്നിയിലും അടൂരിലും യുഡിഎഫ് ശക്തമായി ചെറുത്തുനിന്നു. കോന്നിയിൽ കെ.യു.ജനീഷ്കുമാറിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കിയെങ്കിലും റോബിൻ പീറ്ററിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. റാന്നിയിൽ ചെറിയ ഭൂരിപക്ഷത്തിലാണ് ഇടതു വിജയം.

യുഡിഎഫിനൊപ്പം നിന്നിരുന്ന ജില്ലയായിരുന്നു പത്തനംതിട്ട. പക്ഷേ മണ്ഡലങ്ങൾ കൈവിടുന്നതു കോൺഗ്രസിനു നോക്കിനിൽക്കേണ്ടി വന്നു. ശക്തമായ പോരാട്ടമായിരുന്നു ഇക്കുറി അഞ്ചു മണ്ഡലങ്ങളിലും. കോന്നിയിലെ ത്രികോണമത്സരം സംസ്ഥാന ശ്രദ്ധയിലെത്തി. ശബരിമല യുവതീപ്രവേശം ഏറ്റവുമധികം പരാമർശിക്കപ്പെട്ടതും, പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരണം വിളിച്ചതും ജില്ലയിലായിരുന്നു. ബിജെപിയും സിപിഎമ്മുമായി ഡീലുണ്ടെന്ന് ആർഎസ്എസ് സൈദ്ധാന്തികൻ ആർ.ബാലശങ്കർ  ആരോപിച്ചതും വാർത്തയായി.

2021ലെ ഫലം: യുഡിഎഫ്– 0 (കോൺഗ്രസ്–0), എൽഡിഎഫ്–5

∙ ഇടുക്കി

ഹൈറേഞ്ച് മിടുക്കിയായ ഇടുക്കിയുടെ ഉള്ളു നിറയെ കോൺഗ്രസും യുഡിഎഫും ആണെങ്കിലും വോട്ടുകണക്കിൽ ഇടതോരത്താണു നിൽപ്. 5 സീറ്റിൽ നാലും എൽഡിഎഫ് പിടിച്ചെടുത്തു. ഇടതു തരംഗത്തിൽ കടപുഴകാതിരുന്നത് തൊടുപുഴയിൽ പി.ജെ.ജോസഫ് മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി.ജെ.ജോസഫിന് അതിന്റെ പകുതി മാത്രമേ ഇത്തവണ നേടാൻ കഴിഞ്ഞുള്ളൂ.

മത്സരിച്ച 3 സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടു. 2016ൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ മൂന്നും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. കേരള കോൺഗ്രസ് പ്രതിനിധികളായി തൊടുപുഴയിൽ വിജയിച്ച പി.ജെ.ജോസഫും ഇടുക്കിയിൽ ജയിച്ച റോഷി അഗസ്റ്റിനും അന്നു യുഡിഎഫിന്റെ ഭാഗമായിരുന്നു. റോഷി അഗസ്റ്റിൻ ജോസ് കെ.മാണിക്കൊപ്പം ഇടതുപക്ഷത്തു പോയതോടെ പി.ജെ.ജോസഫ് മാത്രമായി യുഡിഎഫ് പ്രതിനിധി.

2006 മുതലാണ് എൽഡിഎഫിനു ജില്ലയിൽ മുൻതൂക്കം കിട്ടുന്നത്. അന്ന് അഞ്ചില്‍ നാലുസീറ്റായിരുന്നു നേട്ടം. തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ്-3, യുഡിഎഫ്-2 എന്നായി സ്കോർബോർഡ്. 1991ല്‍ അഞ്ചു സീറ്റും യുഡിഎഫാണു നേടിയത്.

2021ലെ ഫലം: യുഡിഎഫ്– 1 (കോൺഗ്രസ്–0), എൽഡിഎഫ്– 4

∙ കൊല്ലം

ജില്ലയിൽ ആകെയുള്ള 11 മണ്ഡലങ്ങളും 2016ൽ ഇടതുപക്ഷമാണു തൂത്തുവാരിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ മൊത്തം ചുവന്നില്ലെങ്കിലും 11ൽ ഒൻപതിലും എൽഡിഎഫിനാണു വിജയം. 2 പതിറ്റാണ്ടിനു ശേഷം ആദ്യമായി രണ്ടിടത്തു കൈപ്പത്തി ചിഹ്നം വിജയം കണ്ടു. കെപിസിസി വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ പി.സി.വിഷ്ണുനാഥ് കുണ്ടറയിൽ സിപിഎം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചു. സിപിഐയിലെ സിറ്റിങ് എംഎൽഎ ആർ.രാമചന്ദ്രനെയാണ് കരുനാഗപ്പള്ളിയിൽ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് അട്ടിമറിച്ചത്.

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തോറ്റു. മത്സരിച്ച മൂന്നിടത്തും ആർഎസ്പി പരാജയപ്പെട്ടതോടെ കഴിഞ്ഞ തവണത്തേതുപോലെ നിയമസഭയിൽ പാർട്ടിയുടെ അക്കൗണ്ട് ശൂന്യമായി തുടരും. തീരദേശ ജില്ലയായ കൊല്ലത്ത് ആഴക്കടൽ മത്സ്യബന്ധനക്കരാറായിരുന്നു പ്രധാന ചർച്ചാവിഷയം. സർക്കാരിനെതിരായി തീരദേശ ജനതയിൽ രോഷം വളർത്താൻ കരാറിനെ ചൂണ്ടിക്കാട്ടി യുഡിഎഫ് കൊണ്ടുപിടിച്ചു ശ്രമിച്ചിരുന്നു.

2021ലെ ഫലം: യുഡിഎഫ്– 2  (കോൺഗ്രസ്– 2), എൽഡിഎഫ്– 9

മറ്റു ജില്ലകളിലെ പൊതുസാഹചര്യം

∙ തിരുവനന്തപുരം ജില്ലയിൽ 14ൽ 13 സീറ്റും നേടി ഇടതുമുന്നണി റെക്കോർഡിട്ടു. 3 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് കോവളം മാത്രം.

∙ ആലപ്പുഴ ജില്ലയിൽ 9ൽ 8 സീറ്റും എൽഡിഎഫിന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടെ ജയം മാത്രമാണ് യുഡിഎഫിന് ആശ്വാസം

∙ വയനാട് ജില്ലയിലെ 3 സീറ്റിൽ രണ്ടെണ്ണം യുഡിഎഫ് നേടി. മാനന്തവാടിയിലെ വിജയം മാത്രമാണു സിപിഎമ്മിന് ആശ്വാസം.

∙ കോട്ടയം ജില്ലയിലെ 9 സീറ്റിൽ അ‍ഞ്ചിടത്ത് എൽഡിഎഫിനും നാലിടത്ത് യുഡിഎഫിനും ജയം.

∙ എറണാകുളം ജില്ലയിലെ 14 സീറ്റിൽ യുഡിഎഫിന് 9, എൽഡിഎഫിന് 5 വീതം സീറ്റുകളിൽ വിജയം.

∙ തൃശൂർ ജില്ലയിലെ 13ൽ 12 സീറ്റും നേടി എൽഡിഎഫ് മുന്നേറ്റം. വടക്കാഞ്ചേരി കൈവിട്ട യുഡിഎഫിന് ചാലക്കുടിയിൽ ആശ്വാസ ജയം.

∙ മലപ്പുറം ജില്ലയിൽ കയ്യിലുണ്ടായിരുന്ന 12 സീറ്റുകൾ യുഡിഎഫും 4 സീറ്റുകൾ എൽഡിഎഫും നിലനിർത്തി.

∙ കണ്ണൂർ ജില്ലയിലെ 11ൽ 9 സീറ്റ് എൽഡിഎഫ് സ്വന്തമാക്കി. രണ്ടിടത്ത് യുഡിഎഫിനാണു ജയം.

∙ പാലക്കാട് ജില്ലയിലെ ആകെയുള്ള 12 മണ്ഡലങ്ങളിൽ എൽഡിഎഫിന് 10, യുഡിഎഫിന് 2 സീറ്റുകൾ.

English Summary: UDF-Congress performance in crucial 5 districts- Kerala Assembly Election Result Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA ANALYSIS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA