പാർട്ടി തോറ്റമ്പിയിട്ടും മൗനംതുടർന്ന് സുധാകരൻ; കാത്തിരിക്കുന്നത് ശക്തനാകാൻ?

1200-k-sudhakaran-mp
കെ. സുധാകരൻ
SHARE

കണ്ണൂർ∙ വോട്ടെടുപ്പിനുശേഷം പലതും പറയുമെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി തോറ്റമ്പിയ തിരഞ്ഞെടുപ്പു ഫലം വന്നശേഷവും മൗനം തുടർന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നെങ്കിലും മാധ്യമങ്ങളോടു സുധാകരൻ പ്രതികരിച്ചില്ല. രണ്ടുദിവസം മാധ്യമങ്ങളിൽനിന്ന് അകന്നു നിൽക്കാനും, പാർട്ടിയിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ദിശയറിഞ്ഞശേഷം ഇടപെടാനുമാണു തീരുമാനം.

സീറ്റ് വിഭജനം മുതൽ സ്ഥാനാർഥി നിർണയം വരെ പല വിഷയങ്ങളിലും സുധാകരൻ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. വർക്കിങ് പ്രസിഡന്റ് എന്ന ആലങ്കാരിക പദവി ആവശ്യമില്ലെന്നും ഇപ്പോൾ രാജിവയ്ക്കാത്തതു തിരഞ്ഞെടുപ്പ് വിജയത്തിനു മങ്ങലേൽക്കാൻ കാരണക്കാരനാകരുത് എന്നു കരുതിയാണെന്നുമായിരുന്നു സുധാകരൻ തുറന്നടിച്ചത്. ഹൈക്കമാൻഡ് എന്നാൽ സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ അല്ല കെ.സി. വേണുഗോപാലാണെന്നും സീറ്റുകൾ നേതാക്കൾ വീതം വച്ചെടുത്തെന്നും ആരോപിച്ചിരുന്നു. 

ഫലം വന്നാലുടൻ പറയാനുള്ളതു പറയുമെന്നു പലയാവർത്തി പറഞ്ഞശേഷമാണു സുധാകരന്റെ ഒരുപാടർഥങ്ങളുള്ള മൗനം. പ്രചാരണ രംഗത്തു കെ.സുധാകരൻ വേണ്ടത്ര സജീവമായിരുന്നില്ല. അടുത്തടുത്ത് കുടുംബത്തിലുണ്ടായ രണ്ടു മരണങ്ങൾ ഇതിന് ഒരു കാരണമായിരുന്നെങ്കിലും, ജില്ലയ്ക്കു പുറത്ത് ആരാധകരുള്ള സുധാകരനെ എവിടെയും ഉപയോഗിക്കാൻ കെപിസിസി നേതൃത്വം താൽപര്യമെടുത്തിരുന്നില്ല. 

സ്ഥാനാർഥി നിർണയ രീതിയെയും മറ്റും തുറന്നെതിർത്തതിലെ അതൃപ്തിയായിരുന്നു കാരണം. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സീറ്റ് ജില്ലാ നേതാക്കളുമായി ആലോചിക്കാതെ ആർഎസ്പിക്കു കൊടുത്ത തീരുമാനത്തിനെതിരെ സുധാകരൻ പൊട്ടിത്തെറിച്ചിരുന്നു. 60,693 വോട്ടിനാണ് ആർഎസ്പി സ്ഥാനാർഥി മട്ടന്നൂരിൽ തോറ്റത്. 

രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും നയിച്ച, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മേൽനോട്ടം കൊടുത്ത കേരളത്തിലെ തിരഞ്ഞെടുപ്പിലെ പരാജയം സുധാകരന്റെ വാദങ്ങളും ആരോപണങ്ങളും ശരിവയ്ക്കുകയാണെന്ന അഭിപ്രായം ഒട്ടേറെ നേതാക്കളിലുണ്ട്. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഈ നേതാക്കൾക്കാണെന്നതിനാൽ പാർട്ടിയിൽ ശക്തനാകാനുള്ള അവസരമാണു സുധാകരനു കൈവന്നിരിക്കുന്നതെന്നു കരുതുന്നവരുണ്ട്. 

അതുകൊണ്ടാണു തൽകാലം പരസ്യ പ്രസ്താവനകളിലൂടെ കുഴപ്പത്തിൽ ചാടേണ്ടെന്ന തീരുമാനമെടുത്തത്. മറ്റു നേതാക്കളിൽനിന്നും പ്രവർത്തകരിൽനിന്നുമുള്ള അഭിപ്രായ പ്രകടനങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണു സുധാകരൻ. താഴേത്തട്ടുമുതൽ പാർട്ടിയിൽ പുനഃസംഘടന എന്ന തന്റെ ആവശ്യത്തിനു പാർട്ടിക്കുള്ളിൽ മേൽക്കൈ നേടിയെടുക്കാനുള്ള ആശയവിനിമയവും നടത്തുന്നുണ്ട്.

English Summary: UDF fails to perform role of Oppn: Will K Sudhakaran lead congress in front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA