ADVERTISEMENT

ഇടതുതരംഗത്തിലും ഉലയാതെ വയനാട്ടിൽ യുഡിഎഫ് വിജയം. 3 സീറ്റിൽ രണ്ടെണ്ണം യുഡിഎഫ് നേടി. ബത്തേരി ഉയർന്ന ഭൂരിപക്ഷത്തിൽ നിലനിർത്താനും കൽപറ്റ സിപിഎമ്മിൽനിന്നു പിടിച്ചെടുക്കാനും യുഡിഎഫിനു കഴിഞ്ഞു. മാനന്തവാടിയിൽ എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയെ 9282 വോട്ടുകൾക്കു കീഴടക്കി ഒ.ആർ. കേളു നേടിയ വിജയം മാത്രമാണു സിപിഎമ്മിന് ആശ്വാസം. ബത്തേരിയിൽ കെപിസിസി ജനറൽ സെക്രട്ടറി എം.എസ്. വിശ്വനാഥനെ പാർട്ടിയിലെത്തിച്ചു ടിക്കറ്റ് നൽകിയെങ്കിലും സിറ്റിങ് എംഎൽഎയും ഡിസിസി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണനു വെല്ലുവിളിയുയർത്താൻ കഴിഞ്ഞില്ല. 

ലോക്‌സഭയിലേക്കു രാഹുല്‍ ഗാന്ധിയെ 4,31,770 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച വയനാട് പക്ഷെ നിയമസഭയില്‍ ആരെ തുണയ്ക്കുമെന്ന് പ്രവചനാതീതമായിരുന്നു. 2001ല്‍ 3 മണ്ഡലങ്ങളിലും ജയിപ്പിച്ച കോണ്‍ഗ്രസിനെ 2006ല്‍ മൂന്നിടത്തും തോല്‍പിച്ചവരാണു വയനാട്ടിലെ വോട്ടര്‍മാര്‍. 2011ല്‍ മൂന്നിലും യുഡിഎഫിനെ തിരിച്ചുവിളിച്ചു സ്‌നേഹം കാണിച്ചു. 2016ല്‍ യുഡിഎഫ് വിജയം ബത്തേരിയില്‍ മാത്രമായൊതുങ്ങി.

രാഹുല്‍ ഗാന്ധി ലോക്‌സഭയിലേക്കു മത്സരിച്ചപ്പോള്‍ ബഹുഭൂരിപക്ഷം ബൂത്തുകളിലും യുഡിഎഫ് മുന്നിലെത്തിയ ജില്ലയാണ്. ഒരു വര്‍ഷത്തിനു ശേഷം നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ പാതിസീറ്റുകള്‍ പിടിച്ചെടുത്തും ബ്ലോക്ക് പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പമെത്തിയും മണ്ണ് ഒലിച്ചുപോയിട്ടില്ലെന്നു തെളിയിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞു. മലബാറിലെ ചുരുക്കം ചില എ പ്ലസ് സീറ്റുകളിലൊന്നായി എന്‍ഡിഎ കണ്ടിരുന്നത് ബത്തേരിയാണ്. കല്‍പറ്റ മാത്രമാണു വയനാട്ടിലെ ജനറല്‍ സീറ്റ്. മാനന്തവാടിയും ബത്തേരിയും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങള്‍.

കല്‍പറ്റ

t-siddique-kalpetta

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി എത്താന്‍ അല്‍പം വൈകിയെങ്കിലും ടി. സിദ്ദിഖ് ഉടനൊന്നും വയനാട് വിടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ് കുമാറിനെ 5740 വോട്ടിന് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി സിദ്ദിഖ് കല്‍പറ്റയില്‍ സീറ്റു പിടിച്ചത്. 

ഭൂരിപക്ഷം: 5,470

ആകെ വോട്ട്: 2,00,895

പോൾ ചെയ്തത്: 1,49,348

ടി.സിദ്ദിഖ് (കോൺ): 71,659 

എം.വി. ശ്രേയാംസ്കുമാർ (എൽജെഡി): 66,172 

ടി.എം. സുബീഷ് (ബിജെപി): 14,358 

പൊതുവേ യുഡിഎഫിനൊപ്പം നില്‍ക്കാറുള്ള മണ്ഡലത്തില്‍ ഇക്കുറി കടുത്ത പോരാട്ടമാണ് നടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാറിന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന സി.കെ.ശശീന്ദ്രനാണെന്നതും കൗതുകമായി. കല്‍പറ്റയിലെ സിറ്റിങ് സീറ്റ് സി.കെ.ശശീന്ദ്രനില്‍നിന്ന് എടുത്തുമാറ്റി എല്‍ജെഡിക്കു കൊടുത്തതില്‍ സിപിഎമ്മിലും അമര്‍ഷമുണ്ടായിരുന്നു. കല്‍പറ്റ സീറ്റിനെച്ചൊല്ലിയുണ്ടായ കലഹം കോണ്‍ഗ്രസിനുള്ളില്‍ കൂട്ടരാജിക്കു വഴിവച്ചിരുന്നു. ഏറ്റവുമൊടുവില്‍ കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി.റോസക്കുട്ടി പാര്‍ട്ടിയോടു വിടപറയുകയും ചെയ്തു. 2016ല്‍ സിപിഎമ്മിന്റെ സി.കെ. ശശീന്ദ്രന്‍ 13,083 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശ്രേയാംസ്‌കുമാറിന്‍െ തോല്‍പ്പിച്ചത്. ശശീന്ദ്രന് 72,959 വോട്ടും ശ്രേയാംസിന് 59,876 വോട്ടും ലഭിച്ചു. എന്‍ഡിഎയുടെ കെ. സദാനന്ദന് ലഭിച്ച് 12,938 വോട്ടാണ്. 2011ല്‍ ശ്രേയാംസ് കുമാര്‍ 18,169 വോട്ടിന് ജയിച്ചിരുന്നു.

ബത്തേരി

ഐ.സി. ബാലകൃഷ്ണന്‍
ഐ.സി. ബാലകൃഷ്ണന്‍

ഐ.സി. ബാലകൃഷ്ണനെന്ന ജനകീയനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍നിന്നു തന്നെ എല്‍ഡിഎഫ് ആളെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. മൂന്നാം വട്ടവും ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്‍ 11822 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

ഭൂരിപക്ഷം: 11,822

ആകെ വോട്ട്: 2,20,167

പോൾ ചെയ്തത്: 1,63,584 

ഐ.സി.ബാലകൃഷ്ണൻ (കോൺ): 83,002

എം.എസ്. വിശ്വനാഥൻ (സിപിഎം): 70,894 

സി.കെ. ജാനു (ബിജെപി): 15,462 

നേരത്തേ ഒരുമിച്ചായിരുന്നവര്‍ വിരുദ്ധചേരികളില്‍ ഏറ്റുമുട്ടിയ കാഴ്ചയാണു ബത്തേരിയില്‍ കണ്ടത്. സിറ്റിങ് സീറ്റില്‍ മൂന്നാമൂഴത്തിന് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ ഇറങ്ങിയപ്പോള്‍ മുഖ്യ എതിരാളി പഴയ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ എം.എസ്.വിശ്വനാഥനായിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിട്ട കെപിസിസി സെക്രട്ടറി എം.എസ്.വിശ്വനാഥനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. മികച്ച പ്രകടനം നടത്താമെന്നു കരുതിയ ബത്തേരി സീറ്റ് സി.കെ.ജാനുവിനു കൊടുക്കേണ്ടിവന്നത് ബിജെപി ജില്ലാ ഘടകത്തിനും പൂര്‍ണമായി ഉള്‍ക്കൊള്ളാനായിരുന്നില്ല. 2016ല്‍ ഐ.സി ബാലകൃഷണന്‍ 11,198 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. 75,747 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ രുക്മിണി സുബ്രഹ്മണ്യന്‍ 64,549 വോട്ടും എന്‍ഡിഎയുടെ സി.കെ. ജാനു 27,920 വോട്ടും നേടിയിരുന്നു. 2011ല്‍ ഐ.സി ബാലകൃഷണന്റെ ഭൂരിപക്ഷം 7,583 വോട്ടായിരുന്നു.

മാനന്തവാടി

ഒ.ആര്‍. കേളു
ഒ.ആര്‍. കേളു

മാനന്തവാടിയിൽ വീണ്ടും ഒ.ആര്‍. കേളു. 9282 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഒ.ആർ. കേളു കോൺഗ്രസ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. മാനന്തവാടി മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച വികസനമായിരുന്നു. 

ഭൂരിപക്ഷം: 9,282

ആകെ വോട്ട്: 1,95,048

പോൾ ചെയ്തത്: 1,49,086 

ഒ.ആർ. കേളു (സിപിഎം): 74,085

പി.കെ ജയലക്ഷ്മി (കോൺ): 64,767

പള്ളിയറ മുകുന്ദൻ (ബിജെപി): 13,373 

എല്‍ഡിഎഫിനു വേണ്ടി സിറ്റിങ് എംഎല്‍എ ഒ.ആര്‍.കേളുവും യുഡിഎഫിനു വേണ്ടി മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുമാണ് പോര്‍ക്കളത്തിലിറങ്ങിയത്. പൊതുവേ യുഡിഎഫ് കോട്ടയെന്നു കരുതപ്പെടുന്ന മാനന്തവാടി കഴിഞ്ഞതവണ എല്‍ഡിഎഫിനു കിട്ടി. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പിന്മാറിയതിന്റെ ക്ഷീണമകറ്റാന്‍ പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദനെ ഇറക്കിയാണ് എന്‍ഡിഎയുടെ മത്സരിച്ചത്. 2016ല്‍ സിപിഎമ്മിന്റെ ഒ.ആര്‍. കേളു 1,307 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കേളുവിന് 62,436 വോട്ടും പി.കെ. ജയലക്ഷ്മിക്ക് 61,129 വോട്ടും ബിജെപിയുടെ മോഹന്‍ദാിന് 16,230 വോട്ടും ലഭിച്ചു. 2011ല്‍ ജയലക്ഷ്മി 12,734 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്.

English Summary: Kerala Assembly Election Results- Wayanad District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com