ADVERTISEMENT

ഒരുകാലത്ത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്നു ഗതാഗത മന്ത്രിയും എംപിയുമായിരുന്ന സുവേന്ദു അധികാരി. സംസ്ഥാനത്തെ സിപിഎം ഭരണത്തിന് അന്ത്യം കുറിക്കുന്നതിന്റെ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനി. പാര്‍ട്ടിയില്‍ തന്നെ ഒതുക്കുന്നുവെന്ന് ആരോപിച്ച് ബിജെപിയിലേക്കു കൂടു മാറുന്നതുവരെ മമതയുടെ വലംകൈ. ബിജെപിയില്‍ ചേര്‍ന്നതോടെ തൃണമൂലിന്റെ മുഖ്യശത്രു.

2021 ലെ ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലവും ബംഗാളിന്റെ രാഷ്ട്രീയ ഭൂപടവും മാറ്റിയെഴുതിയതില്‍ മുഖ്യപങ്ക് സുവേന്ദുവിനാണ്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയിൽ ചേര്‍ന്ന സുവേന്ദു, നന്ദിഗ്രാമില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി; എതിരാളി മമതയും. ദേശീയ രാഷ്ട്രീയംതന്നെ ഉറ്റുനോക്കിയ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മമതയെ വീഴ്ത്തി 1783 വോട്ടുകളുടെ വിജയം. 

സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിനിൽക്കുമ്പോൾ അതിന്റെ ബഹുമതി സുവേന്ദുവിനു കൂടി അര്‍ഹതപ്പെട്ടതാണ്. മമതയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ നന്ദിഗ്രാമിലെ പ്രക്ഷോഭത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം ഒരുപരിധിവരെ സഹായിച്ചു. മോദി, അമിത് ഷാ എന്നിവർക്കൊപ്പം പ്രചാരണവേദിയിലെത്തിയും ത‍ൃണമൂൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുന്നയിച്ചും സുവേന്ദു കയ്യടി നേടി. മമതയെ 50,000 വോട്ടിനെങ്കിലും തോൽപിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നു പ്രഖ്യാപിച്ചാണു സുവേന്ദു കളത്തിലിറങ്ങിയത്.

Suvendu Adhikari
സുവേന്ദു അധികാരി (ഫയൽ ചിത്രം)

∙ ജീവിതം

കിഴക്കന്‍ മിഡ്‌നാപ്പുരിലെ അധികാര കേന്ദ്രമായ ‘അധികാരി’ കുടുംബത്തിലെ അംഗമാണ് സുവേന്ദു. മേഖലയില്‍ വന്‍ ജനസ്വാധീനമുള്ളയാളാണ് സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരി. പൂർവ മേദിനിപുര്‍ ജില്ലയിലെ കാര്‍ക്കുലിയില്‍ 1970 ഡിസംബര്‍ 15 നാണ് ജനനം. മാതാവ് ഗായത്രി. ശിശിര്‍ അധികാരി രണ്ടാം മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഗ്രാമവികസന സഹമന്ത്രിയായിരുന്നു. സുവേന്ദുവിന്റെ സഹോദരന്മാരില്‍ ഒരാളായ സൗമെന്‍ അധികാരി, കാന്തി മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാനാണ്. മറ്റൊരു സഹോദരൻ ദിബ്യേന്ദു അധികാരി, തംലൂക്ക് നിയോജകമണ്ഡലത്തില്‍ നിന്ന് 2019 ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

∙ രാഷ്ട്രീയ ജീവിതം

1995 ല്‍ കോണ്ടായി മുനിസിപ്പാലിറ്റിയില്‍ കൗൺസിലർ സ്ഥാനത്തേക്കു കോണ്‍ഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചു സുവേന്ദു അധികാരി തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ കാന്തി ദക്ഷിണ മണ്ഡലത്തില്‍നിന്ന് ബംഗാള്‍ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ കാന്തി മുനിസിപ്പല്‍ കോര്‍പറേഷന്റെ ചെയര്‍മാനായി.

2007 ല്‍ നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സുവേന്ദുവായിരുന്നു. 2007 ല്‍, ഇന്തൊനീഷ്യയിലെ സലിം ഗ്രൂപ്പിന്റെ കെമിക്കല്‍ ഹബ് സ്ഥാപിക്കുന്നതിനായി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുമുന്നണി സര്‍ക്കാര്‍ കിഴക്കന്‍ മിഡ്‌നാപുരിലെ നന്ദിഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ് പ്രക്ഷോഭത്തിന് കാരണം. 10,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഭൂമിരക്ഷാ സമിതിയുടെ നേതൃത്വത്തിൽ കര്‍ഷകര്‍ തടിച്ചുകൂടി. മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. 

Suvendu Adhikari
സുവേന്ദു അധികാരി (ഫയൽ ചിത്രം)

തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെടുകയും 70 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രക്ഷോഭത്തിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരെ സായുധ പ്രക്ഷോഭം നടത്താന്‍ സുവേന്ദു അധികാരി മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സിഐഡി ആരോപിച്ചിരുന്നു.

നന്ദിഗ്രാമിലെ അധികാരിയുടെ വിജയത്തിനുശേഷം, മമത അദ്ദേഹത്തെ ജംഗല്‍ മഹലില്‍ പാര്‍ട്ടിയുടെ നിരീക്ഷകനാക്കി (പശ്ചിം മേദിനിപുര്‍, പുരുലിയ, ബന്‍കുര ജില്ലകളില്‍). ഈ ജില്ലകളില്‍ പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുന്നതില്‍ സുവേന്ദു വിജയിച്ചു. സിപിഎം നേതാവ് ലക്ഷ്മണ്‍ സേത്തിനെ 173,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി 2009 ല്‍ തംലൂക്ക് നിയോജകമണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2016 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, അന്ന് തംലൂക്ക് എംപിയായിരുന്ന സുവേന്ദുവിനെ രാജിവയ്പിച്ച് മമത നന്ദിഗ്രാമില്‍നിന്നു നിയമസഭയിലേക്കു മത്സരിപ്പിച്ചു. ജയിച്ചപ്പോള്‍ മന്ത്രിയുമാക്കി. തംലൂക്കില്‍ ഒഴിവുവന്ന സീറ്റില്‍ മത്സരിച്ചു ജയിച്ചത് സുവേന്ദുവിന്റെ ഇളയ സഹോദരന്‍ ദിബ്യേന്ദു അധികാരിയാണ്.

PTI16-12-2020_000238A
മമത ബാനർജി, സുവേന്ദു അധികാരി (ഫയൽ ചിത്രം)

∙ മമതയുമായി ഇടഞ്ഞ്

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മമതയ്‌ക്കെതിരെ സുവേന്ദു നീങ്ങിയത്. ജംഗല്‍ മഹലിലെ പാര്‍ട്ടി ചുമതലയില്‍നിന്ന് മമത ഒഴിവാക്കിയത് സുവേന്ദുവിനെ പ്രകോപിപ്പിച്ചിരുന്നു. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയിലെ പുതിയ അധികാരകേന്ദ്രമാക്കാന്‍ തന്നെ ഒതുക്കുകയാണെന്നായിരുന്നു സുവേന്ദുവിന്റെ പരാതി. തിരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ തൃണമൂലിൽ നടക്കുന്ന പരിഷ്‌കാരങ്ങള്‍ അഭിഷേകിനു വേണ്ടിയുള്ളതാണെന്നും  ആരോപിച്ച സുവേന്ദു, മന്ത്രിസഭാ യോഗങ്ങളിലോ മറ്റു ഭരണപരമായ യോഗങ്ങളിലോ പങ്കെടുക്കാതെയായി.

അമ്ര ദാദര്‍ അനുഗാമി എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട പൊതു റാലികളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ അധികാര ഘടന അഴിച്ചുപണിയാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ താന്‍ ഒതുക്കപ്പെടുമെന്ന കണക്കുകൂട്ടലിനൊടുവില്‍ ബിജെപിയിലേക്ക് ചേക്കേറി. തുടക്കത്തില്‍ യോഗങ്ങളിലൊന്നും തൃണമൂലിനെയോ മമതയെയോ വിമര്‍ശിച്ചിരുന്നില്ലെങ്കിലും ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ മമതയ്ക്കെതിരെ ആക്രമണം കടുപ്പിച്ചു.

2020 നവംബര്‍ 26 ന് ബംഗാള്‍ സര്‍ക്കാരിനു കീഴിലുള്ള സ്റ്റാറ്റ്യുട്ടറി ബോഡിയായ ഹൂഗ്ലി റിവര്‍ ബ്രിജ് കമ്മിഷന്‍ (എച്ച്ആര്‍ബിസി) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സുവേന്ദു രാജിവച്ചു. 2020 നവംബര്‍ 27 ന് ഗതാഗത മന്ത്രി സ്ഥാനവും രാജിവച്ചു. 2020 ഡിസംബര്‍ 16 ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി സ്പീക്കര്‍ക്ക് കത്ത് നല്‍കി. 2020 ഡിസംബര്‍ 17 ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. 2020 ഡിസംബര്‍ 19 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. അതിനു മുന്‍പ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പലതവണ സുവേന്ദുവിന്റെ ജനങ്ങളുമായുള്ള ബന്ധത്തെ പ്രശംസിച്ചിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്തനായ സുവേന്ദുവിനെതിരെ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ശാരദ ചിട്ടിഫണ്ട് കേസിലും നാരദ കേസിലും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

English Summary: Bengal Assembly Election Results, Suvendu Adhikari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com