ADVERTISEMENT

സിഡ്നി∙ ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നിലനിൽക്കെ ഇതു ലംഘിച്ചു മടങ്ങുന്ന സ്വന്തം പൗരന്മാർക്ക് 5 വർഷം ജയിൽ ശിക്ഷയും 38 ലക്ഷം രൂപ പിഴയും ഏർപ്പെടുത്തിയതിൽ പിന്മാറ്റം സൂചിപ്പിച്ച് ഓസ്ട്രേലിയ. മേയ് 15 വരെയാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ വിലക്കിയത്. ഇതിനെതിരെ വ്യാപക വിമർശനമാണു സ്കോട്ട് മോറിസൺ സർക്കാർ നേരിട്ടത്.

വിലക്ക് ലംഘിക്കുന്ന ഓസ്‌ട്രേലിയക്കാരെ ജയിലിലടയ്ക്കാൻ സാധ്യതയില്ലെന്നു സ്കോട്ട് മോറിസൺ പറഞ്ഞു. ‘ഇത് സംഭവിക്കാനുള്ള സാധ്യത പൂജ്യമാണെന്നു ഞാൻ കരുതുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ചായിരുന്നു രോഗവ്യാപനം കാര്യമായില്ലാത്ത ഓസ്ട്രേലിയയുടെ കടുത്ത നടപടി.

9000 ഓസ്ട്രേലിയക്കാർ നിലവിൽ ഇന്ത്യയിലുണ്ടെന്നാണു റിപ്പോർട്ട്. അടുത്തിടെ ഇന്ത്യയിൽനിന്നു മടങ്ങിയെത്തി ക്വാറന്റീനിൽ കഴിയുന്നവരിൽ ഏറിയ പങ്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. 2015ലെ ബയോസെക്യൂരിറ്റി നിയമപ്രകാരമാണു നിയമലംഘകർക്ക് 5 വർഷം തടവോ 38 ലക്ഷം രൂപയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുക. 

സ്വന്തം പൗരന്മാർ രാജ്യത്തേക്കു മടങ്ങുന്നതു ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് ഇതാദ്യമാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ നടപടി കടുത്തു പോയെന്നും രാജ്യത്തേക്കു മടങ്ങുന്നവർക്കു ക്വാറന്റീൻ ഉറപ്പാക്കുകയാണു വേണ്ടതെന്നും പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കുടുങ്ങിയവരിൽ ഐപിഎല്ലിൽ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുമുണ്ട്. മോറസണിന്റെ തീരുമാനം അപമാനകരമാണെന്നാണു കമന്റേറ്ററും മുൻ ടെസ്റ്റ് ക്രിക്കറ്റ് താരവുമായ മൈക്കൽ സ്ലാറ്റർ പറഞ്ഞത്.

English Summary: Australia Retreats From Jail Threat Over India Travel Ban Amid Backlash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com