രാഹുലിനെ കേട്ട് ബി.വി. ശ്രീനിവാസ്; ദുരിത ഭൂമിയിൽ സേവനത്തിന്റെ മുഖം

1200-bv-srinivas
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. ചിത്രം∙ സമൂഹമാധ്യമം.
SHARE

ന്യൂഡൽഹി∙ കോവിഡ് വ്യാപനത്തിൽ ശ്വാസം മുട്ടുന്ന രാജ്യതലസ്ഥാന നഗരിയിൽ സേവനത്തിന്റെ മുഖമാണു യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. കോവിഡ് പിടിമുറുക്കിയ നാൾ മുതൽ ഡൽഹി നിവാസികൾക്കു സഹായഹസ്തവുമായി അദ്ദേഹം രംഗത്തുണ്ട്. ഒാക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതു മുതൽ ചികിത്സ ഏർപ്പാടാക്കുന്നതു വരെയുള്ള കാര്യങ്ങൾക്കു ശ്രീനിവാസും സംഘവും സദാസന്നദ്ധർ. രാഷ്ട്രീയ വ്യത്യാസമില്ലാതെ നൂറുകണക്കിനാളുകളാണു ദിവസേന യൂത്ത് കോൺഗ്രസ് സംഘത്തിന്റെ സഹായം തേടി വിളിക്കുന്നത്. കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ഡൽഹിയിൽ സേവന സന്നദ്ധനായി നിറഞ്ഞുനിൽക്കുന്ന ശ്രീനിവാസ് മനോരമ ഒാൺലൈനോടു സംസാരിക്കുന്നു:

∙ ട്വിറ്ററിലുൾപ്പെടെ ഒട്ടേറെ പേർ താങ്കളുടെ സഹായം തേടുന്നതായി കാണുന്നു. ഇതുവരെ എത്ര പേർ സഹായത്തിനായി ബന്ധപ്പെട്ടു?

ഒന്നര ലക്ഷത്തോളം പേർ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടു. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സഹായാഭ്യർഥനകളെത്തുന്നുണ്ട്. ഞങ്ങളെക്കൊണ്ടാവും വിധം സഹായമെത്തിക്കാൻ ശ്രമിക്കുന്നു. 

∙ എങ്ങനെയാണു നിങ്ങളുടെ പ്രവർത്തനരീതി? 

ഞങ്ങൾ ഒരു ടീം ആയിട്ടാണു പ്രവർത്തിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. എന്റെ പേര് ടാഗ് ചെയ്ത് ട്വിറ്ററിലെത്തുന്ന സഹായാഭ്യർഥനകൾ കൺട്രോൾ റൂമിലേക്കു കൈമാറും. സഹായം തേടിയവരുമായി കൺട്രോൾ റൂം സംഘം ബന്ധപ്പെടും. എന്താണ് ആവശ്യമെന്നു ചോദിക്കും. ഒാക്സിജൻ സിലിണ്ടറാണു വേണ്ടതെങ്കിൽ അത് എത്രയും വേഗം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആശുപത്രിയിൽ കിടക്കയ്ക്കു വേണ്ടിയാണെങ്കിൽ, ‍ഡൽഹിയിൽ ഏതെങ്കിലും ആശുപത്രിയിൽ അതു ലഭ്യമാണോ എന്നു പരിശോധിക്കും. ലഭ്യമായ ഇടത്തേക്ക് കോവിഡ് ബാധിതനെ ഞങ്ങളുടെ സംഘം എത്തിക്കും. ആശുപത്രിയിലെത്തിയാലും ചിലർക്ക് ഉടൻ കിടക്ക കിട്ടണമെന്നില്ല. അവർക്ക് ആശുപത്രിക്ക് പുറത്ത് ഞങ്ങൾ ഒാക്സിജൻ സിലിണ്ടർ ലഭ്യമാക്കും. 

സഹായമെത്തിക്കാനും വിവരങ്ങൾ കൈമാറാനും നൂറുകണക്കിനു വാട്സാപ്പ് ഗ്രൂപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല സഹായാഭ്യർഥനകൾ എത്തുന്നത്. സമൂഹത്തിലെ മധ്യ, ഉന്നത വിഭാഗം ആളുകളല്ലേ അവയെല്ലാം ഉപയോഗിക്കുന്നത്. ട്വിറ്ററിനു പുറത്തൊരു ലോകമുണ്ട്. നിർധനരും അതിഥി തൊഴിലാളികളുമെല്ലാം ഉൾപ്പെടുന്ന ലോകം. അവരിലേക്കു സഹായമെത്തിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണപ്പൊതികൾ ലഭ്യമാക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 

1200-bv-sreenivas-politician
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്( ഫയൽ ചിത്രം)

∙ ഡൽഹിയിൽ കടുത്ത ഒാക്സിജൻ ക്ഷാമമാണ്. സിലിണ്ടറുകൾ എവിടെ നിന്നാണ്?

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഞങ്ങൾ സിലിണ്ടറുകൾ വാങ്ങിയിട്ടുണ്ട്. അവിടെ നിലവിൽ ക്ഷാമമില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സംഭാവന ഉപയോഗിച്ചാണ് അവ വാങ്ങിയത്. 

∙ കോവിഡ് വേളയിൽ സേവനസന്നദ്ധരായി രംഗത്തിറങ്ങാൻ ആരാണു നിർദേശിച്ചത്?

രാഹുൽ ഗാന്ധി. കഴിഞ്ഞ വർഷം കോവിഡിന്റെ ആദ്യ തരംഗമുണ്ടായ വേളയിൽ, മാർച്ച് ഏഴിനു രാഹുൽ ഞങ്ങളെ കണ്ടിരുന്നു. ജനങ്ങളെ സഹായിക്കാൻ രംഗത്തിറങ്ങണമെന്ന് അന്ന് അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങൾക്കു മാസ്ക് വിതരണം ചെയ്തായിരുന്നു തുടക്കം. ഇതിനായി ‘മാസ്ക് അപ് ഇന്ത്യ’ എന്ന യജ്ഞം നടപ്പാക്കി. ഏപ്രിൽ അവസാനം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാടുകളിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികൾക്കു സഹായമെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അവർക്കു ഭക്ഷണവും മരുന്നും ലഭ്യമാക്കി. 

ഈ വർഷം മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ നിർവാഹക സമിതി യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നും ജനങ്ങൾക്കു സഹായമെത്തിക്കുന്നതിനു തയാറെടുക്കാനും അദ്ദേഹം നിർദേശിച്ചു. നിർവാഹക സമിതി യോഗത്തിൽ ഞങ്ങൾ 3 പ്രമേയങ്ങൾ പാസാക്കി. കോവിഡ് ബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിടുമെന്ന പ്രഖ്യാപനമായിരുന്നു ഒരു പ്രമേയത്തിന്റെ ഉള്ളടക്കം. അന്ന് മുതൽ ഞങ്ങൾ തയാറെടുപ്പ് ആരംഭിച്ചു. ‘എസ്ഒഎസ് ഐവൈസി’ എന്ന സേവന സംഘത്തിനു രൂപം നൽകി. ആയിരത്തിലധികം വൊളണ്ടിയർമാർ അതിന്റെ ഭാഗമായി. പിന്നാലെ കൺട്രോൾ റൂം സജ്ജമാക്കി. സഹായം തേടി വിളിക്കുന്നവരുടെ രാഷ്ട്രീയം നോക്കരുതെന്നു രാഹുൽ കർശന നിർദേശം നൽകിയിട്ടുണ്ട്. 

∙ കോവിഡിന്റെ രണ്ടാം തരംഗം ഡൽഹിയിൽ വീശിയടിച്ചതു മുതൽ താങ്കൾ സജീവമായി രംഗത്തുണ്ട്. ഡൽഹിയിൽ താങ്കൾ കാണുന്ന കാഴ്ച എന്താണ്?

ദയനീയമാണ്. ആളുകൾ ശ്വാസം കിട്ടാതെ വീണു മരിക്കുകയാണ്. കൃത്യ സമയത്തു ചികിത്സ ലഭിച്ചാൽ അവരിൽ പലരും രക്ഷപ്പെടേണ്ടവരാണ്. മരണത്തിനു കീഴടങ്ങുന്നവരെ സംസ്കരിക്കാൻ പോലും പലയിടത്തും സ്ഥലമില്ല. സംസ്കാരത്തിനാവശ്യമായ വിറകു ലഭിക്കാനില്ല. വിറക് ഏർപ്പാടാക്കാനും സംസ്കാരം നടത്തുന്നതിൽ സഹായിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. 

കിടക്കകൾ, വെന്റിലേറ്റർ, ഐസിയു, ഒാക്സിജൻ – ഇവയുൾപ്പെടുന്ന അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും രോഗികളിൽ പലർക്കും ലഭിക്കുന്നില്ല. സ്ഥിതി ഇത്ര വഷളായിട്ടും ഡൽഹിക്കാവശ്യമായ ഒാകിസ്ജൻ ഉറപ്പാക്കാൻ കേന്ദ്ര, ഡൽഹി സർക്കാരുകൾക്കു സാധിക്കുന്നില്ല. സ്വന്തം പൗരൻമാർ ചികിത്സ കിട്ടാതെ വിഷമിച്ചപ്പോൾ വാക്സീനും റെംഡിസിവിർ മരുന്നും വിദേശത്തേക്കു കയറ്റിയയച്ച ഭരണകൂടത്തെക്കുറിച്ച് എന്തു പറയാനാണ്? 

1200-bv-srinivas-youth-congress-president
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്.

∙ ‘പ്ലാസ്മ ഹെൽപ് ലിങ്ക്’ എന്ന പേരിൽ ഒരു യജ്ഞം കോൺഗ്രസ് ആരംഭിച്ചല്ലോ? വിശദീകരിക്കാമോ?

ആവശ്യക്കാർക്കു പ്ലാസ്മ ലഭ്യമാക്കാനുള്ള പദ്ധതിയാണത്. എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അതിന്റെ ഭാഗമാകാൻ രാഹുൽ നിർദേശിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും രക്തഗ്രൂപ്പ് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലഭ്യമായ പ്ലാസ്മയുടെ ഡേറ്റാ ബാങ്ക് രൂപീകരിച്ച ശേഷം ആവശ്യക്കാർക്കെല്ലാം അതു നൽകാനുള്ള സന്നദ്ധ സംഘത്തെ സജ്ജമാക്കും. കോവിഡ് നെഗറ്റീവ് ആയി 15 ദിവസത്തിനു ശേഷം പ്ലാസ്മ നൽകാം. 18 – 60 പ്രായവിഭാഗത്തിലുള്ളവർക്ക് 3 തവണ പ്ലാസ്മ നൽകാം.

∙ ഡൽഹിയിൽ കോവിഡ് വ്യാപകമായി പടരുന്നു. കോവിഡ് ബാധിതരുമായി നിരന്തരം ഇടപെടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സുരക്ഷ എങ്ങനെ?

ഞങ്ങൾക്കും ചെറിയ പേടിയുണ്ട്. പക്ഷേ, ഇത് ജനങ്ങളെ സഹായിക്കേണ്ട സമയമാണ്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പാരമ്പര്യം. രാഷ്ട്രീയ പ്രവർത്തനം തൽക്കാലത്തേക്ക് ഉപേക്ഷിച്ച്, ജനങ്ങളെ സഹായിക്കാനാണു രാഹുലിന്റെ നിർദേശം. 

∙ കേരളത്തിൽ നിന്നും സഹായാഭ്യർഥനകൾ ലഭിക്കുന്നുണ്ടോ?

നിലവിൽ ഇല്ല. ഏതു സാഹചര്യവും നേരിടാൻ അവിടുത്തെ ഞങ്ങളുടെ പ്രവർത്തകർ തയാറാണ്. 

English Summary: BV Srinivas: The ex-cricketer hitting it big in politics- Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA