സെൻട്രൽ വിസ്തയ്ക്ക് കേന്ദ്രത്തിന്റെ 20,000 കോടി രൂപ; ആരോഗ്യമേഖലയ്‌ക്കോ?

Central-Vista-Covid 1
കോവിഡ് രോഗിക്ക് ഓക്‌സിജൻ നൽകുന്നു (ചിത്രം ഇടത്: AFP) സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരം.(വലത് Image Courtesy - @loksabhaspeaker)
SHARE

ന്യൂഡൽഹി∙ ഓക്സിജനും ആശുപത്രി കിടക്കയും തേടിയുള്ള ‘എസ്ഒഎസ്’ സന്ദേശങ്ങൾ ഇപ്പോഴും പ്രവഹിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഓക്സിജൻ ക്ഷാമത്തിനു പരിഹാരം കാണാനായിട്ടില്ല. ആശുപത്രികളിൽ ഇടം കിട്ടാതെ രോഗികൾ മരിക്കുന്നു. അതിൽ സാധാരണക്കാരനെന്നോ ഉന്നത ഉദ്യോഗസ്ഥനെന്നോ വ്യത്യാസമില്ല. മൃതദേഹങ്ങൾ സംസ്കരിക്കാൻ ശ്മശാനങ്ങളിലും കാത്തിരിക്കേണ്ടി വരുന്നു. രാജ്യവും തലസ്ഥാന നഗരവും മുൻപൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും സെൻട്രൽ വിസ്ത പദ്ധതി തടസമില്ലാതെ പുരോഗമിക്കുന്നതാണു മറുഭാഗത്തെ കാഴ്ച. 

പാർലമെന്റ് മന്ദിരത്തിന്റെ നിർമാണവും സെൻട്രൽ വിസ്തയുടെ ഭാഗമായ ലുട്യൻസ് ഡൽഹിയിലെ നവീകരണ ജോലികളും തടസമില്ലാതെ പുരോഗമിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിന്റെ ‘പ്രയോരിറ്റി’ ഇതാണെന്നു രാഷ്ട്രീയ നേതാക്കൾ വിമർശിക്കുന്നു. സെൻട്രൽ വിസ്ത പദ്ധതി വീണ്ടും ചർച്ചയാകാൻ ഇവയാണു കാരണം. 

1) സെൻട്രൽ വിസ്ത നിർമാണ പദ്ധതിയെ അവശ്യ സേവനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു

2) പ്രതിസന്ധി ഘട്ടത്തിൽ 3 കെട്ടിടങ്ങൾ നിർമിക്കാൻ ടെൻഡർ ക്ഷണിച്ചിരിക്കുന്നു. 3000 കോടിയിലേറെ രൂപയുടെ ടെൻഡറാണു കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചിരിക്കുന്നത്. 

3) കെട്ടിടങ്ങൾ; 3408 കോടി രൂപ

തലസ്ഥാന നഗരത്തിൽ കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിനിന്ന സമയത്താണു സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 3 കെട്ടിടങ്ങൾ നിർമിക്കാൻ 3408 കോടി രൂപയുടെ കരാർ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചത്. നിലവിൽ ജൻപഥിൽ ഇന്ദിരാ ഗാന്ധി സെന്റർ ഫോർ ആർട്സ്(ഐജിഎൻസിഎ) സ്ഥിതി ചെയ്യുന്ന സ്ഥലത്താണു 3 കെട്ടിടങ്ങൾ വരുക. ക്യാംപസിൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു കളയും. ഐജിഎൻസിഎ ജാംനഗർ ഹൗസിലേക്കു മാറ്റും. 

1200-central-vista-petition
സെൻട്രൽ വിസ്ത ജോലികൾ തുടരാൻ അനുമതി തേടി നൽകിയ അപേക്ഷ.

3 കെട്ടിടങ്ങളുടെ നിർമാണത്തിനു 3269 കോടി രൂപയും കെട്ടിടങ്ങൾ 5 വർഷത്തേക്കു അറ്റകുറ്റപ്പണികൾ നടത്താൻ മറ്റൊരു 139 കോടി രൂപയും ഉൾപ്പെടുത്തിയാണു ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 24 മാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കണമെന്നാണു നിർദേശം. 2023ൽ പുതിയ മന്ദിരത്തിലേക്കു ഓഫിസുകൾ മാറ്റണമെന്നു ചുരുക്കം. നിലവിൽ ശാസ്ത്രി ഭവൻ, കൃഷി ഭവൻ, നിർമാൺ ഭവൻ എന്നീ മന്ദിരങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസുകളാണ് ഈ പുതിയ കെട്ടിടങ്ങളിലേക്കു മാറ്റുക. ശാസ്ത്രി ഭവൻ വേഗത്തിൽ പൊളിക്കേണ്ടതുണ്ട്. കാരണം അവിടെയാണു വിഗ്യാൻ ഭവൻ മാതൃകയിലുള്ള പുതിയ കൺവൻഷൻ – കോൺഫറൻസ് ഹാൾ വരുക. 

കരാർ നടപടികൾ പൂർത്തിയായാൽ 22 ദിവസത്തിനുള്ളിൽ സ്ഥലം കൈമാറുമെന്നാണു വ്യവസ്ഥ. ‘കരാറുകാരൻ 3 ഷിഫ്റ്റുകളിലായി ജോലികൾ നടപ്പാക്കണം. ഇതിനു വേണ്ടി കൂടുതൽ ജോലിക്കാരെ നിയോഗിക്കണം. പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻമാരും മരം, കല്ല് തുടങ്ങിയ ജോലികൾക്കു വേണം’ കരാർ രേഖയിൽ പറയുന്നു. 

1200-central-vista-notice
അവശ്യസേവനങ്ങളുടെ വിഭാഗത്തിൽപ്പെടുത്തി അനുമതി നൽകിയ ഉത്തരവ്.

മാറ്റിയെഴുതിയ ലോക്ഡൗൺ ചട്ടം 

കോവിഡ് കേസുകൾ അതിരൂക്ഷമായി വർധിച്ചതിനു പിന്നാലെ ഏപ്രിൽ 15നാണു ഡൽഹിയിൽ ആദ്യം വാരന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യമേഖലയിലെ സേവനങ്ങൾക്കു മാത്രം അനുമതി നൽകിയ സർക്കാർ നിർമാണ മേഖലയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തൊഴിലാളികൾ നിർമാണ സ്ഥലത്തു തന്നെ താമസിക്കുന്ന പദ്ധതികൾക്കു മാത്രമാണു നിർമാണ അനുമതി നൽകിയത്. രണ്ടു ദിവസത്തിനു ശേഷം വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചു. എന്നാൽ സെൻട്രൽ വിസ്ത പദ്ധതിക്കു വേണ്ടി ഈ നിയമം മാറ്റിയെന്നാണ് ആക്ഷേപം. 

ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, നിർമാണങ്ങൾ ഈ വർഷം നവംബർ 30നു മുൻപു പൂർത്തിയാക്കേണ്ടതുണ്ടെന്നും അതിനാൽ ജോലികൾ 3 ഷിഫ്റ്റായി തുടരാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഏപ്രിൽ 16നു ഡൽഹി പൊലീസിനു കത്തയച്ചു. സരായ് കാലേ ഖാനിലെ താമസകേന്ദ്രത്തിൽനിന്നു കർഫ്യൂ സമയത്തും തൊഴിലാളികളെ എത്തിക്കാൻ ഉൾപ്പെടെയുള്ള അനുമതിയാണു ഡൽഹി പൊലീസ് നൽകിയത്. നിർമാണത്തിന്റെ ഭാഗമായി 180 വാഹനങ്ങൾക്കു യാത്രാനുമതി. ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച 19നു വാഹനങ്ങൾക്ക് യാത്രാനുമതി നൽകി ന്യൂഡൽഹി ജില്ലാ ഡിസിപി ഉത്തരവിറക്കി. നിർമാണത്തെ അവശ്യവിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്. ഷപ്പുർജി പല്ലോൻജി ആൻഡ് കമ്പനിയാണ് സെൻട്രൽ വിസ്ത അവന്യൂ നവീകരണത്തിന്റെ നിലവിലെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇവർ 3 ഉപകരാറുകളും നൽകിയിട്ടുണ്ട്. 

1200-central-vista-news
ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ലോക്ഡൗൺ ഉത്തരവിലെ വ്യവസ്ഥ.

സെൻട്രൽ വിസ്തയുടെ തൊഴിലാളികൾ 5–8 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണു താമസമെന്നാണു വെളിപ്പെടുത്തൽ. പലരും ബസ് ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നതും. ഒരു കരാർ എടുത്തിരിക്കുന്ന ബിപി എൻജിനീയറിങ് ലിമിറ്റഡിന്റെ 30 ജീവനക്കാർ 12 മണിക്കൂർ ഷിഫ്റ്റിലാണു ജോലി ചെയ്യുന്നത്. സെൻട്രൽ വിസ്തയിൽനിന്ന് 8 കിലോമീറ്റർ അകലെയുള്ള കരോൾ ബാഗ്, 7 കിലോമീറ്റർ അകലെയുള്ള സരായ് കാലേ ഖാൻ, 5 കിലോമീറ്റർ അകലെയുള്ള നിസാമുദ്ദീൻ എന്നിവിടങ്ങളിലാണ് ഇവരുടെ താമസം. മറ്റൊരു കരാറുകാരായ ചൗധരി കൺസ്ട്രക്ഷൻസ് നിർമാണസ്ഥലത്തിനു 2 കിലോമീറ്റർ അകലെ ജൻപഥിലാണു താമസം ക്രമീകരിച്ചിരിക്കുന്നത്. 

കരാറെടുത്തിരിക്കുന്ന മറ്റൊരു കമ്പനി എംവി കൺസ്ട്രക്ഷന്റെ 200ലേറെ ജോലിക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ അവരുടെ സംസ്ഥാനങ്ങളിലേക്കു മടങ്ങിയെന്നാണു വിവരം. ഇതേത്തുടർന്നു ജോലികൾ തൽക്കാലത്തേക്കു മരവിപ്പിച്ചിരിക്കുന്നുവെന്നും സൂചനയുണ്ട്. ടാറ്റാ ഗ്രൂപ്പ് കരാറെടുത്ത പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ ജോലികളും തടസമില്ലാതെ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷവും കോവിഡ് പ്രതിസന്ധിക്കിടെ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം ആരംഭിക്കാനുള്ള നീക്കം ഏറെ വിമർശനമുയർത്തിയിരുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു അധികൃതർ. 

രാജ്യത്തെ 162 ഓക്സിജൻ പ്ലാന്റുകൾക്കു 201 കോടി രൂപ കരാർ നൽകിയ സർക്കാർ ഇതുവരെ അതു പൂർത്തിയാക്കിയിട്ടില്ലെന്നും 971 കോടി രൂപയുടെ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു. കേന്ദ്രത്തിന്റെ ‘പ്രയോരിറ്റി’ നേതാക്കൾ ചൂണ്ടിക്കാട്ടുന്നതും ഈ പശ്ചാത്തലത്തിലാണ്. 

1200-covid-oxygen-scarcity
ഗാസിയാബാദിൽ നിന്നുള്ള ദൃശ്യം∙ (Photo by Sajjad HUSSAIN / AFP)

സെൻട്രൽ വിസ്തയ്ക്ക് 20,000 കോടി രൂപ; ആരോഗ്യമേഖലയ്ക്കോ?

10 മന്ദിരങ്ങൾ. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനം. മുതൽമുടക്ക് 20,000 കോടി രൂപയിലേറെ! നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി ഇതൊക്കെയാണ്. പാർലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു. 

കഴിഞ്ഞ വർഷം കോവിഡ് പിടിമുറുക്കിയ ഘട്ടത്തിലായിരുന്നു കേന്ദ്രം ഇതുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതും വിഷയം കോടതി കയറിയതുമെല്ലാം. ആരോഗ്യമേഖലയിലെ പ്രതിസന്ധി ഇപ്പോഴും തീർന്നിട്ടില്ല. വർധിക്കുകയാണുണ്ടായത്. വാക്സീൻ വാങ്ങാൻ പണം നൽകണമെന്നതാണ് സ്ഥിതി. ഓക്സിജൻ പ്രതിസന്ധിയും മറ്റും പരിഹരിക്കാൻ സർക്കാരിനു വിദേശരാജ്യങ്ങളിൽ നിന്നു സഹായം സ്വീകരിക്കേണ്ടി വരുന്നു. അപ്പോഴും സെൻട്രൽ വിസ്തയുടെ കാര്യത്തിൽ കേന്ദ്രം ഉപേക്ഷയൊന്നും വിചാരിക്കുന്നില്ല. പൂർവാധികം ഭംഗിയായി തന്നെ ജോലികളെല്ലാം പുരോഗമിക്കുന്നുണ്ട്. എന്നാൽ കൃത്യമായ ആലോചനയില്ലാത്തതെന്നു പലയിടത്തുനിന്നും വിമർശനമുയരുന്ന ഈ പദ്ധതിക്ക് എത്രത്തോളം കയ്യടി ഇനി കിട്ടുമെന്നതു കാത്തിരുന്നു കാണേണ്ട കാര്യം. 

English Summary: Expenditure on Central Vista attracts criticism amid covid crisis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA