ട്വന്റി ട്വന്റി ആശയക്കുഴപ്പമുണ്ടാക്കി; അവർക്കും സർക്കാരിനും കിറ്റ് രാഷ്ട്രീയം: വി4 കേരള

Nipun Cherian
നിപുണ്‍ ചെറിയാന്‍
SHARE

കൊച്ചി ∙ ട്വന്റി ട്വന്റി വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനാലാണു തങ്ങൾക്കു വോട്ടു കുറഞ്ഞതെന്ന് ജനകീയ കൂട്ടായ്മ വി ഫോർ കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ. കൊച്ചി കോർപറേഷൻ മേഖലയിൽ ഉൾപ്പെടെ പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞ വോട്ടുകളാണു ലഭിച്ചത്. വിഫോർ, ട്വന്റി ട്വന്റി സ്ഥാനാർഥികൾ ആരൊക്കെയാണെന്നു തിരിച്ചറിയാത്ത രീതിയിൽ ആശയക്കുഴപ്പമുണ്ടായി.

വിഫോർ പോസ്റ്ററുകൾക്കു ചുറ്റും പോസ്റ്ററുകൾ പതിച്ചാണ് ട്വന്റി ട്വന്റി ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച സംഘടന ട്വന്റി ട്വന്റി ആണെന്നു വരെ ആളുകൾ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു ചിഹ്നം ലഭിക്കാൻ വൈകിയതും തോൽവിക്കു കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ട്വന്റി ട്വന്റിയുടേതും കിറ്റ് രാഷ്ട്രീയം

മണ്ഡലങ്ങളിലെ നിഷ്പക്ഷ വോട്ടുകൾ കേന്ദ്രീകരിക്കത്തക്ക രീതിയിൽ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ട്വന്റിട്വന്റിക്കു സാധിച്ചു. അവരുടെ പണത്തിന്റെ അതിപ്രസരത്തിലൂടെയാണതു സാധിച്ചത്. ഭരണകക്ഷികളുടെ അത്രതന്നെ പോസ്റ്റർ വർക്കുകളും ക്യാംപെയ്നും പത്രപ്പരസ്യങ്ങളുമെല്ലാം ആ പ്രതീതി സൃഷ്ടിച്ചു.

അതുകൊണ്ടു തന്നെ പരമ്പരാഗതമായുള്ള നിഷ്പക്ഷ വോട്ടുകൾ ഏകീകരിക്കാനും ട്വന്റിട്വന്റിക്കു സാധിച്ചു. കിറ്റ് രാഷ്ട്രീയം ഫലപ്രദമായി പ്രയോഗിച്ചത് എൽഡിഎഫും ട്വന്റിട്വന്റിയുമാണ്. സാധനങ്ങൾ വിലകുറച്ചു കൊടുക്കുന്നു എന്നുള്ള പ്രചാരണമുണ്ടായിരുന്നു. എന്നാൽ വസ്തുതകൾ ജനങ്ങൾ വരും മാസങ്ങളിലും വർഷങ്ങളിലും തിരിച്ചറിയും.

അഴിമതി വിരുദ്ധ പോരാട്ടം

ഭരണ സംവിധാനത്തിലെ അഴിമതികൾ തുറന്നു കാണിക്കുന്ന പ്രക്രിയയുമായി വിഫോർ കേരള മുന്നോട്ടു പോകും. രണ്ടു മുന്നണികളിൽ ഏതൊന്ന് അധികാരത്തിൽ വന്നാലും അഴിമതി രാഷ്ട്രീയത്തിന്റെ തുടർച്ച തന്നെയാണ് സംഭവിക്കുക. രണ്ടു മുന്നണികളും അഴിമതിയിൽ മുങ്ങിക്കുളിച്ചാണു മുന്നോട്ടു പോകുന്നത്. ഭരണം നിയന്ത്രിക്കുന്ന അഴിമതി സംവിധാനം പ്രതിപക്ഷത്തെ വിഴുങ്ങുന്നതാണ് ഇപ്പോൾ സംഭവിക്കുന്നത്.

ഭരിക്കുന്ന അഴിമതിപ്പാർട്ടികൾ പ്രതിപക്ഷത്തിരിക്കുന്ന അഴിമതിപ്പാർട്ടികളെ വിഴുങ്ങുന്ന അവസ്ഥ. മുന്നോട്ടു പോകുമ്പോൾ ജനം അഴിമതിയുടെ പ്രത്യാഘാതങ്ങൾ തിരിച്ചറിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. അതുകൊണ്ടു തന്നെ ജനകീയ മുന്നേറ്റം വളർന്നുവരുന്ന സാഹചര്യം രൂപപ്പെടും. കേരളത്തിൽ ശക്തമായ പ്രതിപക്ഷമില്ലാത്ത സാഹചര്യമുണ്ട്. അതിനു കാരണം തുടർന്നു വരുന്ന അഴിമതി വ്യവസ്ഥയാണ്.

തുടർ ഭരണമുണ്ടാകാൻ കാരണം എല്ലാ ഭരണ, പ്രതിപക്ഷ പാർട്ടികളും അഴിമതിയുടെ ഭാഗമാകുകയും അതിൽ മേൽക്കോയ്മയുള്ള ഒരു സംഘം മറ്റേ സംഘത്തെ വിഴുങ്ങുന്നതിനാലുമാണ്. ഒരു കൊള്ള സംഘത്തിനു സംഭവിക്കുന്നതു മാത്രമാണ് സംഭവിച്ചിരിക്കുന്നത്. എൽഡിഎഫ് മാറി യുഡിഎഫ് വന്നാലും അഴിമതി കാണിക്കും എന്നു ജനങ്ങൾക്കറിയാം.

അഴിമതി കാണിക്കുന്ന സംഘങ്ങളുടെ പോരാട്ടത്തിൽ ഒരു വിഭാഗത്തിന് മേൽക്കോയ്മ ലഭിക്കുകയും ഭരണശക്തി ഉപയോഗിച്ച് അഴിമതി നടത്താനുള്ള സംവിധാനം കൂടുതൽ വളർത്തിയതിനാൽ മറ്റേ ഗ്രൂപ്പിനെ താഴ്ത്താൻ സാധിച്ചു എന്നുള്ളതുമാണ്. അഴിമതിക്കു വിരുദ്ധമായി നിലകൊള്ളാത്തിടത്തോളം ഇവിടുത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ ഇതിലും പരിതാപകരമാകും.

ട്വന്റി ട്വന്റിയെ എതിരാളിയായി കാണുന്നില്ല

ട്വന്റി ട്വന്റിയുടെയും വിഫോർ കേരളയുടെയും പ്രവർത്തനങ്ങൾ വ്യത്യസ്ത ദിശയിലുള്ളതാണ്. ഭാവിയിലേയ്ക്ക് ട്വന്റി ട്വന്റിയെ എതിരാളികളായി കാണുന്നില്ല. വിഫോർ ചെയ്യുന്നതു പോലെ വിവരാവകാശ നിയമങ്ങൾ ഉപയോഗിക്കുകയോ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഴിമതികൾ പുറത്തു കൊണ്ടുവരികയോ അവർ ചെയ്തിട്ടില്ല. പകരം കിറ്റക്സ് എന്ന കമ്പനിയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനം നടപ്പാക്കുമെന്ന വാഗ്ദാനമാണ് ട്വന്റിട്വന്റിയുടേത്.

ആരു ഭരിച്ചാലും ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യേണ്ടതാണ്. അതു ജനങ്ങളുടെ അവകാശമാണ്. അതിനും അപ്പുറം കിറ്റു നൽകി വലിയ അഴിമതി നടത്തി നാടിന്റെ പൊതുസ്വത്ത് കൊള്ളയടിച്ചു പോകുന്ന സമകാലിക യാഥാർഥ്യമുണ്ട്. നാടിന്റെ വിഭവങ്ങൾ ഒരു കൂട്ടം ആളുകൾ മാത്രം അനുഭവിക്കുന്നു എന്നതാണ് വസ്തുത. അതിനെതിരായി പോരാട്ടം നടത്തുന്ന ശൈലി ട്വന്റി ട്വന്റി കാണിച്ചിട്ടില്ല. ഇതു ചെയ്യുന്നത് വിഫോർ പാർട്ടിയാണ്. വിഫോറിന്റെ പ്രവർത്തന മേഖലയിൽ ട്വന്റിട്വന്റിയെ കാണുന്നില്ല.

എപ്പോഴെങ്കിലും ഇതേ പ്രവർത്തന മേഖലയിൽ ട്വന്റി ട്വന്റി വരുമ്പോൾ സ്വാഭാവികമായും അതും ജനകീയ പ്രസ്ഥാനമായി മാറും. ചോദ്യങ്ങൾ നേരിടുകയും സാമ്പത്തിക വ്യവസ്ഥയെ ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാടെടുക്കുകയും അഴിമതി പുറത്തുകൊണ്ടുവരികയും ചെയ്യുന്ന പ്രവർത്തനം കാഴ്ച വയ്ക്കുകയാണെങ്കിൽ രണ്ടും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയിലേയ്ക്കു വരും.

അവർ നിലവിൽ അങ്ങനെയല്ല എന്നാണ് കണ്ടു വരുന്നത്. കോർപ്പറേറ്റ് സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വോട്ടു പിടിക്കുന്ന ശൈലി മാത്രമാണ് കാണുന്നത്. അവരുടെ മോഡൽ പ്രവർത്തിക്കില്ലെന്നാണ് കരുതുന്നത്.

റജിസ്ട്രേഷൻ നടപടി പുരോഗമിക്കുന്നു

വിഫോർ രൂപീകരിക്കപ്പെട്ടിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. ഇതിൽ നാലു മാസം തിരഞ്ഞെടുപ്പുമായി കടന്നുപോയി. പാർട്ടിയുടെ നിലപാടുകളെക്കുറിച്ചും ശൈലിയെക്കുറിച്ചും ജനങ്ങളെ മനസ്സിലാക്കിക്കാൻ സമയമെടുക്കും. വളരെ ചെറിയ സമയം കൊണ്ടു പരിമിതമായ ഉറവിടങ്ങൾ ഉപയോഗപ്പെടുത്തിയാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിലപാടുകൾ വലിയ തോതിൽ അവതരിപ്പിക്കാൻ സാധിച്ചു എന്നതു ശരിയാണ്. തുടങ്ങി വച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം തുടരും. പാർട്ടി റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: How V4Kerala lost in assembly polls- Nipun Cherian explain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA