ADVERTISEMENT

കൊച്ചി∙ കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറ കല്ലാടിയിൽ വീട്ടിൽ സുബിൻ സുകുമാരൻ(31) ആണ് കസ്റ്റഡിയിലായത്. നഗരത്തിൽ ചിലരുമായി മറ്റെന്തൊ വിഷയത്തിൽ തർക്കം ഉണ്ടായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു എന്നതും സംശയത്തിന് ആക്കം കൂട്ടി. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ദേഹപരിശോധനയ്ക്കു വിധേയനാക്കി കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച രാത്രി 7.45നായിരുന്നു എടിഎമ്മിൽ എത്തിയ ഇയാൾ കയ്യിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് മെഷിൻ കത്തിച്ചത്. ഇയാൾ തീ ഇടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. മെഷിനിലെ പണം നഷ്ടപ്പെടുകയോ കത്തിനശിക്കുകയോ ചെയ്തിരുന്നില്ല. എടിഎം മെഷീനിൽനിന്ന് തീ ഉയർന്നപ്പോൾ ഷോർട് സർക്യൂട്ട് ആകുമെന്നാണു കരുതിയിരുന്നത്. എന്നാൽ മെഷീന് തീ ഇടുകയായിരുന്നു എന്ന് വ്യക്തമായതിനെ തുടർന്ന് ബാങ്ക് അധികൃതർ ഇന്നലെയാണ് പൊലീസിൽ അറിയിക്കുകയും കേസെടുക്കുകയും ചെയ്തത്.

നേരത്തേ 2018ൽ ഗുരുവായൂർ ക്ഷേത്രത്തിനു ബോംബുവയ്ക്കുമെന്നു ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊച്ചിയിൽ സ്വകാര്യ സുരക്ഷാ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രതി 2017ൽ കുസാറ്റിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇയാളെ പറഞ്ഞു വിടുകയായിരുന്നു. തൃപ്പൂണിത്തുറ, ഹാർബർ സ്റ്റേഷനുകളിൽ അടിപിടിക്കേസുകളിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

English Summary: Kalamassery ATM fire case, youth in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com