ADVERTISEMENT

പട്ന∙ ഹൈക്കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്നു ബിഹാർ സർക്കാർ സംസ്ഥാനത്ത് ഈ മാസം 15 വരെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ബിഹാറിൽ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ കർശനമായി ഇടപെടുമെന്നു പട്ന ഹൈക്കോടതി ചൊവ്വാഴ്ച രാവിലെ മുന്നറിയിപ്പു നൽകിയിരുന്നു.

ബിഹാറിലെ കോവിഡ് നിയന്ത്രണ ചുമതല സൈന്യത്തെ ഏൽപിക്കുമെന്നും കോടതി നിലപാടെടുത്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപു രണ്ടു ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. തുടർന്നു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷമാണു മുഖ്യമന്ത്രി നിതീഷ് കുമാർ ലോക്ഡൗൺ പ്രഖ്യാപനം നടത്തിയത്.

15 വരെ സർക്കാർ, സ്വകാര്യ ഓഫിസുകൾ അടച്ചിടാനാണു നിർദേശം. റേഷൻ, പച്ചക്കറി, പഴം, മത്സ്യ–മാംസ, പാൽ കടകൾ രാവിലെ ഏഴു മുതൽ 11 വരെ തുറന്നു പ്രവർത്തിക്കാൻ അനുവാദമുണ്ട്. വൈദ്യുതി, ആരോഗ്യം, ശുദ്ധജലവിതരണം, അഗ്നിശമനം, തപാൽ, ടെലികോം, ബാങ്കിങ് തുടങ്ങിയ അവശ്യ സേവനങ്ങൾ തുടരും.

ആരാധനാലയങ്ങൾ, തിയേറ്ററുകൾ, പാർക്കുകൾ തുടങ്ങിയവ അടച്ചിട്ടിരുന്നതും 15 വരെ നീട്ടി. വിവാഹ ഘോഷയാത്രകൾ നിരോധിച്ചു. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും പങ്കെടുക്കാൻ അനുവദിക്കും. ബിഹാറിൽ ചൊവ്വാഴ്ച ഏകദേശം 11,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേർ കൂടി മരിച്ചതോടെ കോവിഡ് മരണ സംഖ്യ 2821 ആയി.

English Summary: Lockdown in Bihar till 15 May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com