ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്‍റെ ഗുജറാത്ത് എന്നു നേതൃത്വം വിശേഷിപ്പിച്ച നേമം കൈവിട്ടു പോയത് ബിജെപിക്കു വെള്ളിടിയായി. 35 സീറ്റുകളിൽ ജയിച്ചാൽ അധികാരം പിടിക്കുമെന്ന് ബിജെപി പ്രചാരണം നടത്തിയെങ്കിലും 5 സീറ്റിലെങ്കിലും വിജയിക്കാമെന്നായിരുന്നു പ്രതീക്ഷ. നേമം ഉറപ്പിച്ചതിനൊപ്പം മഞ്ചേശ്വരം, പാലക്കാട്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു പ്രതീക്ഷ. സീറ്റ് ഉറപ്പിച്ച നേമത്ത് കുമ്മനം രാജശേഖരൻ ഇറങ്ങിയിട്ടും ചോർന്നത് 15,925 വോട്ട്.

സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോൾ യുഡിഎഫിനു കൂടിയത് 22,664 വോട്ട്. ന്യൂനപക്ഷം എതിരായതും നായർ വോട്ടുകൾ ചോർന്നതും ബിജെപിക്കു തിരിച്ചടിയായി. അങ്ങനെ നോക്കുമ്പോള്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിനു കെ.മുരളീധരൻ കൂടി കാരണക്കാരനാണ്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിനു  67,813 വോട്ടും സിപിഎമ്മിലെ വി.ശിവൻകുട്ടിക്ക് 59,142 വോട്ടും യുഡിഎഫ് സ്ഥാനാർഥി വി.സുരേന്ദ്രൻ പിള്ളയ്ക്കു 13,860 വോട്ടും ലഭിച്ചു. ഇത്തവണ ശിവന്‍കുട്ടിക്കു 55,837 വോട്ടും കുമ്മനത്തിനു 51,888വോട്ടും കെ.മുരളീധരനു 36,524 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി നേടിയ13,860 വോട്ട് മുരളീധരൻ 36,524 വോട്ടായി ഉയർത്തി. ചോർന്നതിൽ ഭൂരിഭാഗവും ബിജെപി പക്ഷത്ത് നിലയുറപ്പിച്ച നായർ വോട്ടുകൾ.

പ്രചാരണത്തിൽ മുന്നിലെത്തിയിട്ടും വോട്ടു ബാങ്ക് നിലനിർത്താൻ ബിജെപിക്കായില്ല. കുമ്മനം വർഗീയവാദിയാണെന്ന പ്രചാരണം രണ്ടു പാർട്ടികളും നടത്തിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. ഒ.രാജഗോപാലിനു പാർട്ടിക്കു പുറത്തുനിന്നും ലഭിച്ച വോട്ടുകൾ സമാഹരിക്കാൻ കുമ്മനത്തിനായില്ല. കെ.മുരളീധരൻ വരുന്നതോടെ സിപിഎമ്മിനു ലഭിക്കുന്ന നായർ വോട്ടുകൾ ചോരുമെന്നും ബിജെപി വോട്ടുകൾ നിലനിർത്താനായാൽ ജയിക്കുമെന്നുമുള്ള പ്രതീക്ഷ തെറ്റി. സ്വന്തം പാർട്ടിയിലെ നേതാവായ ഒ.രാജഗോപാലിന്റെ പ്രസ്താവനകളും തിരിച്ചടിയായി. കുമ്മനം തന്റെ പിൻഗാമിയാണെന്നു പറയാനാകില്ലെന്നും മുരളീധരൻ ശക്തനായ എതിരാളിയാണെന്നുള്ള പ്രസ്താവനയും എതിരാളികൾ പ്രചാരണ വിഷയമാക്കി.

കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന സീറ്റ് ഘടകക്ഷികളിലേക്കെത്തിയതാണ് തിരിച്ചടിയായതെന്ന ബോധ്യത്തിലാണ് കെ.മുരളീധരനെ യുഡിഎഫ് കളത്തിലിറക്കിയത്. 2006 ൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച എൻ.ശക്തനു ലഭിച്ചത് 60,886 വോട്ട്. 2011ൽ എൻ.ശക്തൻ കാട്ടാക്കടയിലേക്കു മാറിയപ്പോൾ പകരം സ്ഥാനാർഥിയായത് എസ്‌ജെഡിയിലെ ചാരുപാറ രവി. ലഭിച്ചത് 20,248 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായത് ജെഡിയുവിലെ വി.സുരേന്ദ്രൻപിള്ള. ലഭിച്ചത് 13,869 വോട്ട് മാത്രം.

മുരളി എത്തുന്നതോടെ മണ്ഡലം പിടിക്കാമെന്ന ലക്ഷ്യം സാധ്യമായില്ലെങ്കിലും പത്തു വർഷമായി ചോരുന്ന വോട്ടുകളിൽ ഭൂരിഭാഗവും തിരികെയെത്തി. മുരളി മത്സരിച്ചില്ലെങ്കിൽ ചെറിയ ഭൂരിപക്ഷത്തിനു കുമ്മനം ജയിക്കുമായിരുന്നു എന്നു വിശ്വസിക്കുന്നവർ മൂന്നു പാർട്ടികളിലുമുണ്ട്. തിരഞ്ഞെടുപ്പു പരാജയം കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കു ക്ഷീണമാകുമ്പോൾ, നേമത്തെ പോരാട്ടം പാർട്ടിയിൽ മുരളിയുടെ ഗ്രാഫ് ഉയർത്തും.

English Summary: V Sivankutty wrests Nemom from BJP and the K Muraleedharan Effect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com