ADVERTISEMENT

ന്യൂഡൽഹി ∙ വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണു സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. 

സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ. ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെടുന്നതു മഹാപാതകമായി ചിത്രീകരിക്കാനാണു സിപിഎം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രന്റെയും മറ്റു നേതാക്കളുടെയും മാപ്പപേക്ഷയും മുതലക്കണ്ണീരും വഞ്ചനയായിരുന്നു എന്നതിന്‍റെ തെളിവാണ് എൻഎസ്എസിനു മേലുള്ള ആക്രമണം.

സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതു വിജയമെന്ന യാഥാർഥ്യം എല്ലാവർക്കുമറിയാം. തീവ്ര മുസ്‍ലിം, ജിഹാദി സംഘടനകളുടെ രാഷ്ട്രീയ, സാമ്പത്തിക പിന്തുണയിൽ നേടിയ വിജയം സിപിഎമ്മിനെ ലഹരി പിടിപ്പിച്ചിരിക്കുന്നു. ഹൈന്ദവ വിശ്വാസികൾക്കും ആചാരങ്ങൾക്കും മേൽ വരാനിരിക്കുന്ന കടന്നാക്രമണങ്ങളുടെ തുടക്കമാണു സുകുമാരൻ നായരുടെ മേൽ നടത്തുന്നത്.

ഇതു തുറന്നുപറയുന്ന തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ മുന്നിട്ടിറങ്ങുന്നതു കോൺഗ്രസായിരിക്കുമെന്ന് അറിയാം. കാലങ്ങളായി പാലു കൊടുത്ത കയ്യിൽ ചിലർ കടിച്ചതാണു കേരളത്തിലെ ദയനീയ പരാജയത്തിനു കാരണമെന്നു കോൺഗ്രസും തിരിച്ചറിയണം. ഇനിയെങ്കിലും മുസ്‍ലിം സഹോദരങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്ന വിഷലിപ്ത രാഷ്ട്രീയം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാവണം– മുരളീധരൻ പറഞ്ഞു.

English Summary: V Muraleedharan slams CPM on attacking NSS after Kerala election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com