ബംഗാളിൽ തൃണമൂലിന്റെ വോട്ടുവിഹിതം 5% കൂടി; ബിജെപിയുടേത് 3% കുറഞ്ഞു

1200-mamata-banerjee-tmc
വിജയമറിഞ്ഞ ശേഷം പ്രവർത്തകരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിവാദ്യം ചെയ്യുന്നു. (Photo by - / AFP)
SHARE

ന്യൂഡൽഹി∙ ബംഗാളിൽ പൂർണഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 5% കൂടി. ബിജെപി വോട്ടുവിഹിതം 3% കുറഞ്ഞു. സിപിഎം–കോൺഗ്രസ് മഹാസഖ്യത്തിന്റെ വോട്ടുവിഹിതം 8 ശതമാനത്തിലും താഴെയാണ്. ഫലങ്ങൾ പൂർണമായി വന്നപ്പോൾ തിരഞ്ഞെടുപ്പു നടന്ന 292 മണ്ഡലങ്ങളി‍ൽ 213 എണ്ണത്തിൽ തൃണമൂൽ കോൺഗ്രസ് ജയിച്ചു.

ബിജെപി 77 സീറ്റിൽ ജയം നേടി. മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ നൗഷാദ് സിദ്ദിഖി ഭാംഗർ മണ്ഡലത്തിൽനിന്ന് രാഷ്ട്രീയ സെക്യുലർ മജ്‌ലിസിന്റെ ചിഹ്നത്തിൽ ജയിച്ചതാണ് അവരുടെ ഏക സീറ്റ്. കാലിംപോങ്ങിൽ ഒരു സ്വതന്ത്രനും ജയിച്ചു. 2016ൽ ടിഎംസി 211 സീറ്റു നേടിയിരുന്നു. ബിജെപി 3 സീറ്റും. ആ തിരഞ്ഞെടുപ്പിൽ 26 സീറ്റു നേടിയ സിപിഎമ്മും 32 സീറ്റു നേടിയ കോൺഗ്രസും പൂജ്യത്തിലൊതുങ്ങി. മഹാസഖ്യം മത്സരിച്ച 290 സീറ്റുകളിൽ 85 ശതമാനത്തിലും കെട്ടിവച്ച കാശു കിട്ടിയില്ല.

തൃണമൂൽ 47.9% വോട്ടും (2019ൽ 42.69%) ബിജെപി 38.1% (40.64%)വോട്ടും നേടി. മഹാസഖ്യത്തിൽ സിപിഎം 4.73% വോട്ടു നേടിയപ്പോൾ കോൺഗ്രസിന്റേത് 2.93% ആയി. ഇരുപാർട്ടികളും ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാക്രമം 6.34%, 5.67% വോട്ടു നേടിയിരുന്നു.

മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിൽനിന്ന് 1956 വോട്ടുകൾക്ക് ബിജെപിയുടെ സുവേന്ദു അധികാരിയോടു തോറ്റതായാണ് ഔദ്യോഗിക ഫലം. എന്നാൽ ഇത് അംഗീകരിക്കാത്ത മമത കോടതിയിൽ പോകാനുള്ള ഒരുക്കത്തിലാണ്. തിരഞ്ഞെടുപ്പു കമ്മിഷന് ടിഎംസി പരാതി നൽകിയിട്ടുമുണ്ട്. അവസാന റൗണ്ട് വോട്ടെണ്ണിയില്ലെന്നാണു പരാതി. 

ടിഎംസി വിട്ടു ബിജെപിയിലേക്കു പോയ നേതാക്കളിൽ മുൻ മന്ത്രി രാജീവ് ബാനർജി, രുദ്രനീൽ ഘോഷ്, വൈശാലി, ഡാൽമിയ, ശിലാഭദ്ര ദത്ത, സവ്യസാചി ദത്ത തുടങ്ങിയവരൊക്കെ തോറ്റു. ഇടതുപക്ഷത്തിന്റെ അശോക് ഭട്ടാചാര്യ, മുഹമ്മദ് സലിം, പ്രതിപക്ഷ നേതാവ് കോൺഗ്രസിന്റെ അബ്ദുൽ മന്നൻ, മനോജ് ചക്രവർത്തി തുടങ്ങിയവും തോറ്റു. ബിജെപിയുടെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, രാജ്യസഭാംഗമായിരുന്ന സ്വപൻദാസ് ഗുപ്ത, ലോക്സഭാംഗം ലോക്കറ്റ് ചാറ്റർജി എന്നിവർ തോറ്റു. എംപിമാരായ ജഗന്നാഥ് സർക്കാർ, നിഷിത് പ്രാമാണിക് എന്നിവർ ജയിച്ചു. 

ക്രിക്കറ്റ് താരങ്ങളായ അശോക് ഡിൻഡ(ബിജെപി), മനോജ് തിവാരി(തൃണമൂൽ) എന്നിവർ വിജയിച്ചു. ടിഎംസിയുടെ മിക്ക സിനിമാ താരങ്ങളും വിജയിച്ചു. മത്സരിച്ച മന്ത്രിമാരും വിജയിച്ചു.

English Summary: West Bengal election results 2021: TMC garners 47.94% vote share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA