ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. നഗരത്തിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ ഒഴികെ ബാക്കിയുള്ളവ അടഞ്ഞു കിടക്കുകയാണെങ്കിലും നിരത്തിൽ വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ കാര്യമായ കുറവില്ല. ഇതോടെ വാഹനങ്ങളിലെത്തുന്നവരെ കർശനമായി പരിശോധിച്ചു മാത്രമാണ് കടത്തി വിടുന്നത്.

കടവന്ത്ര, വൈറ്റില, രവിപുരം, കുണ്ടന്നൂർ, പാലാരിവട്ടം ജംക്‌ഷനുകളിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു നിർത്തി അത്യാവശ്യക്കാരെ മാത്രം കടത്തി വിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാവുന്നതിൽ അധികം വാഹനങ്ങൾ എത്തുന്നത് പൊലീസിനു തലവേദനയാകുകയാണ്. വരും ദിവസങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ അറിയിച്ചിട്ടുണ്ട്.

അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും പൊലീസ് കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി യാത്രചെയ്തെന്നു കണ്ടെത്തിയ 70ൽ പരം ആളുകൾക്കെതിരെ ഇന്നു രാവിലെ മാത്രം കേസെടുത്തിട്ടുണ്ട്. ഇന്നലെ 64 പേർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്.

വിഡിയോ: ജോസ്കുട്ടി പനയ്ക്കൽ

മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി ഇന്നലെ 1042 കേസുകൾ രജിസ്റ്റർ ചെയ്തു. കോടതിയിൽ പിഴയടയ്ക്കാൻ 455 പേർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. 13979 പേർക്ക് താക്കീത് നൽകിയിട്ടുണ്ട്. സിസിടിവിയിൽ അനാവശ്യ യാത്ര ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുന്നതിനാണ് തീരുമാനം. കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് മരുന്നുകളും അവശ്യസാധനങ്ങളും ജനമൈത്രി ബീറ്റ് ഓഫിസർമാർ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നു നിൽക്കുന്നത് എറണാകുളം ജില്ലയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജില്ലയിൽ കോവിഡ് രോഗം ഗുരുതരമാകുന്നന്നവരെ പ്രവേശിപ്പിക്കാൻ വെന്റിലേറ്റർ സൗകര്യം ലഭ്യമല്ലാത്തത് രോഗികളുടെ ബന്ധുക്കളെ വലയ്ക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലോ സർക്കാർ സംവിധാനങ്ങളിലോ ഇന്നലെ വെന്റിലേറ്റർ സൗകര്യമില്ലാതെ രോഗികകളെ ഇതര ജില്ലകളിലേക്കു കൊണ്ടുപോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

നിയമംലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസും അറിയിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ മാത്രം പരിശോധന നടത്തിയ 5030 പേർക്ക് രോഗം പോസിറ്റീവായിട്ടുണ്ട്. ഇന്നലെ വരെ ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 54590 പേരാണ്.

English Summary: Covid Situation in Ernakulam Worsens, Restrictions tightened  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com