വീണ്ടും വോട്ടുകച്ചവടത്തിന്റെ കരിനിഴലില്‍ ബിജെപി; വോട്ടുവിഹിതം 10 വര്‍ഷം പിന്നില്‍

1200-k-surendran-bjp
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
SHARE

ഏറെത്തിളക്കം പ്രതീക്ഷിച്ച ബിജെപിക്കു മേല്‍ വോട്ടുകച്ചവടത്തിന്റെ ആരോപണം ഒരിക്കല്‍ക്കൂടി കരിനിഴല്‍ വീഴ്ത്തുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ടു വിഹിതം 10 വര്‍ഷം പിന്നിലേക്ക് പോയ  സാഹചര്യമാണിപ്പോള്‍. 2016 ല്‍ എന്‍ഡിഎക്ക് 14.93 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ഇത്തവണ 12.47 ശതമാനം മാത്രം. രണ്ട് വര്‍ഷം മുന്‍പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.53 ശതമാനമായിരുന്നു എന്‍ഡിഎ വോട്ട്. 

1991 ലെ തിരഞ്ഞെടുപ്പു മുതല്‍ ബിജെപിയുടെ മേല്‍ പതിക്കുന്ന വോട്ടുകച്ചവടത്തിന്റെ ആരോപണം ഒരു ദശാബ്ദമായി ഒഴിഞ്ഞു നിന്നെങ്കിലും ഇടതു- വലതുമുന്നണികള്‍ വീണ്ടും പൂര്‍വാധികം ശക്മായി പരസ്പരം ആരോപിക്കുമ്പോള്‍ ആശയക്കുഴപ്പത്തിലാവുന്നത് അണികളും കേരളീയസമൂഹവുമാണ്. 

മണ്ഡലങ്ങള്‍ക്ക് ഗ്രേഡു വരെ നിര്‍ണയിച്ച് കൊട്ടിഘോഷിച്ച്  പ്രചാരണവും കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട പ്രവര്‍ത്തനവും നടത്തിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്താകെ വോട്ടു കൂട്ടാനായത് വെറും 20 ല്‍ താഴെ മണ്ഡലങ്ങളില്‍ മാത്രം. അതില്‍ പലയിടത്തും നാമമാത്ര വര്‍ധനയും. ബാക്കി മണ്ഡലങ്ങളിലൊന്നും  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിനൊപ്പം നേടാനായില്ല. 2016 ല്‍ വിജയിച്ച നേമം ഉള്‍പ്പെടെ എ ക്ലാസായി നിശ്ചയിച്ച മണ്ഡലങ്ങളില്‍  പകുതിയിലേറെ മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടില്‍ ചോര്‍ച്ചയുണ്ടായി.

അതേസമയം, എങ്ങും വിജയിക്കാനായില്ലെങ്കിലും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും ഇ.ശ്രീധരന്‍ മത്സരിച്ച പാലക്കാട്ടും ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ വോട്ടില്‍ ഭേദപ്പെട്ട വര്‍ധനയുണ്ടായി എന്നതു മാത്രമാണ് പാര്‍ട്ടിക്ക് ആശ്വാസം പകരുന്നത്. 

1200-kazhakootam-bjp
കഴക്കൂട്ടത്തെ ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നിന്നുള്ള ദൃശ്യം.

ഇതില്‍ ചില മണ്ഡലങ്ങളില്‍ മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടിലധികമോ അതിനൊപ്പമോ വോട്ടു നേടാനായത്. നേമത്ത് കഴിഞ്ഞ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ  58000 ല്‍ പരം വോട്ട്  ഇത്തവണ കുമ്മനത്തിനു കിട്ടിയില്ല.  സി.കൃഷ്ണകുമാര്‍ മത്സരിച്ച മലമ്പുഴയിലും സുരേഷ്‌ഗോപി മത്സരിച്ച തൃശൂരും ചാത്തന്നൂരും ആറ്റിങ്ങലും ചിറയിന്‍കീഴിലും, ജേക്കബ് തോമസ് മത്സരിച്ച ഇരിങ്ങാലക്കുടയിലും സന്ദീപ് വാരിയര്‍ മത്സരിച്ച ഷൊര്‍ണൂരിലും വോട്ടില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് ,ചടയമംഗലം, ആലപ്പുഴ എന്നിവിടങ്ങളിലും വോട്ട് നേരിയ തോതില്‍ കൂടി.    

തിരുവനന്തപുരവും മാവേലിക്കരയിലും വോട്ടില്‍ കാര്യമായ മാറ്റമുണ്ടായില്ല. എന്നാല്‍ ,കഴിഞ്ഞ തവണ നല്ല പ്രകടനം കാഴ്ചവച്ച ആറന്മുള, കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, പാറശാല, കഴക്കൂട്ടം, നെടുമങ്ങാട്, വൈക്കം, കുട്ടനാട്, മണലൂര്‍, കാസര്‍കോട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ എ ക്ലാസ്സായി നിശ്ചയിച്ച മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടു കുറഞ്ഞു. 

ബിജെപി മത്സരിച്ച 115 ല്‍  80 ല്‍പരം മണ്ഡലങ്ങളിലും വോട്ടു കുറഞ്ഞപ്പോള്‍, സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിച്ച 20 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കഴിഞ്ഞ തവണത്തെ വോട്ട് നേടാനായില്ല. കുണ്ടറ, പൂഞ്ഞാര്‍ എന്നിവിടങ്ങളിലെ വോട്ടു ചോര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 

1200-bjp-k-surendran
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രചാരണത്തിനിടെ.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ  56781 നു പകരം ഇത്തവണ 65,013 നേടിയിട്ടും 745 വോട്ടിന് തോല്‍ക്കാനായിരുന്നു ജനവിധി.  പാലക്കാട്ട്  40076 വോട്ട് 50220 ആയി ഉയര്‍ന്നെങ്കിലും ഭാഗ്യം തുണച്ചില്ല. മലമ്പുഴയില്‍ 46157 ല്‍ നിന്ന് 50200 ഉം ഷൊര്‍ണൂരില്‍ 28836 വോട്ട് 36973 ആയും ഉയര്‍ന്നു. അതേസമയം,കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ 33,199  വോട്ട്  42090 വോട്ടാക്കി ഉയര്‍ത്തി രണ്ടാം സ്ഥാനം തുടരുന്നു.

ഇത്തവണ പുതുതായി രണ്ടാം സ്ഥാനം നേടിയ ഏക മണ്ഡലമായ ആറ്റിങ്ങലില്‍ 2016 ലെ 27602 ല്‍ നിന്ന് 38,262 വോട്ടില്‍ എത്തി. തൊട്ടടുത്ത ചിറയിന്‍കീഴില്‍ 19,476 ല്‍ നിന്നാണ് 30986 ആയി ഉയര്‍ന്നെങ്കിലും മൂന്നാം സ്ഥാനത്തു തന്നെ.

അവസാനം വരെ വിജയ പ്രതീക്ഷ ഉയര്‍ത്തിയ തൃശൂരില്‍ 24786 ല്‍ നിന്ന് 40567 വോട്ടാക്കാന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞു. ലോക്‌സഭയില്‍ ഇവിടെ അദ്ദേഹം നേടിയ 37641 ല്‍ നിന്ന്  2926 വോട്ട് അധികം പിടിച്ചിട്ടും അവസാനം മുന്നാമതായി. ഇരിങ്ങാലക്കുടയില്‍ പോരിനിറങ്ങിയ മുന്‍ ഡിജിപി ജേക്കബ് തോമസ് വോട്ട് 30,420 ല്‍ 34329 ആക്കി. തൊട്ടടുത്ത ഒല്ലൂരിലും വോട്ടു കൂട്ടാന്‍ ബി. ഗോപാല കൃഷ്ണനു കഴിഞ്ഞു.

എന്‍ഡിഎ യിലെ പ്രമുഖ കക്ഷിയായി ബിഡിജെഎസ് ഒരു നിസംഗ സമീപനത്തിലായിരുന്നു പോരിനിറങ്ങിയത്. പ്രചാരണത്തില്‍ പോലും നേതാക്കള്‍ സജീവമായില്ല. ബിജെപിയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പ്രകടമാക്കുന്നതായിരുന്നു സമീപനം. അതും  പല മണ്ഡലങ്ങളിലും ഫലത്തില്‍ പ്രതിഫലിച്ചു. കഴിഞ്ഞ തവണ 30000 ല്‍ പരം വോട്ട് നേടിയ കുട്ടനാട്, വൈക്കം, കൊടുങ്ങല്ലൂര്‍, കയ്പമംഗലം മണ്ഡലങ്ങളില്‍ ഉത്തവണ പ്രകടനം ദയനീയമായിരുന്നു. സിപിഎം നേതാവിനെ  രാജിവയ്പിച്ച് രംഗത്തിറക്കിയ ചേര്‍ത്തലയില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. 

1200-suresh-gopi
സുരേഷ് ഗോപി തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസിന് കാട്ടാക്കടയില്‍ ഇത്തവണ 4150 വോട്ട് കുറഞ്ഞു 34542 വോട്ടായി. കാസര്‍കോട്ട് 6500 വോട്ടും എ.എന്‍ രാധാകൃഷ്ണന്‍ വീണ്ടും മത്സരിച്ച മണലൂരില്‍ ആയിരത്തോളം വോട്ടും കുന്നമംഗലത്ത് 5000 വോട്ടും വട്ടിയൂര്‍ക്കാവില്‍ 4104, കഴക്കൂട്ടത്ത് 2600 വോട്ടും കുറഞ്ഞു. ആറന്മുളയിലും ചെങ്ങന്നൂരും തിരുവല്ലയിലും എണ്ണായിരത്തോളം വോട്ടു കുറഞ്ഞപ്പോള്‍ മാവേലിക്കരയില്‍ 30950 വോട്ടുമായി  കഴിഞ്ഞ തവണത്തെ അതേ നിലതുടര്‍ന്നു. തിരുവനന്തപുരത്ത് 34996 വോട്ടുമായി 232 മാത്രം അധികം നേടി. 

വലിയ വോട്ടു പ്രതീക്ഷിച്ച തൃപ്പൂണിത്തുറയില്‍ 6000 വോട്ടു കുറഞ്ഞതിനെതിരെ സ്ഥാനാര്‍ഥി തന്നെ രംഗത്തു വന്നു കഴിഞ്ഞു.  എറണാകുളം മണ്ഡലത്തില്‍ മാത്രമാണ് ജില്ലിയില്‍ 1200 വോട്ടിന്റെ വര്‍ധനയുണ്ടായത്. കോഴിക്കോട് നഗരത്തിലെ നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളില്‍ വോട്ടു കൂടിയെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ വളരെ പിന്നാക്കം പോയി. തൃശൂര്‍ ജില്ലയിലെ കുന്നംകുളം, നാട്ടിക, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി ,പുതുക്കാട് എന്നിവിടങ്ങളിലൊന്നും വോട്ട് കൂട്ടാനായില്ല. ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം വോട്ടിലുണ്ടായ ചോര്‍ച്ച് ബിജെപിക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. പരാജയവും വോട്ടു ചോര്‍ച്ചയും പഠിക്കാന്‍ സമിതിയെ വരെ നിയോഗിച്ചെങ്കിലും കാരണം കണ്ടെത്താനും ഉത്തരം കണ്ടെത്താനും  ബിജെപിക്ക് ഏറെ ക്ലേശിക്കേണ്ടി വരും.

English Summary: Vote erosion leaves saffron camp worried in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA