‘യുഡിഎഫ് അതു ചെയ്‌തെങ്കില്‍ പൂഞ്ഞാർ കിട്ടിയേനെ; എന്നെ ഒതുക്കിയെന്നു കരുതേണ്ട’

PC George
പി.സി. ജോർജ്
SHARE

കോട്ടയം ∙ ‘ഞാൻ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും തന്നെ കാണും. ചന്തകൾക്ക് മുന്നിൽ മുഴുത്ത ചന്തതന്നെയാകും. യഥാർഥ പ്രതിപക്ഷമായി ഇവിടെ കാണും’-പൂഞ്ഞാറിലെ തോൽവിക്കു ശേഷം പി.സി.ജോർജ് ‘മനോരമ ഓൺലൈനോട്’ മനസ്സു തുറന്നപ്പോൾ...

വ്യക്തിപരമായ ആക്ഷേപങ്ങള്‍, വെല്ലുവിളികൾ... എങ്ങനെ കാണുന്നു?

അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നു. നേരിട്ട് വരാൻ ധൈര്യമില്ലാത്തവരാണ് ഇങ്ങനെ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലും അധിക്ഷേപം നടത്തുന്നത്. ഞാൻ ഇപ്പോഴും ഈരാറ്റുപേട്ടയിൽ തന്നെയുണ്ട്.

എവിടെയാണ് പി.സി.ജോർജിന്റെ കണക്കു കൂട്ടൽ തെറ്റിയത്?

ഈരാറ്റുപേട്ടയിലെ വർഗീയ വാദികളുടെ വോട്ട് വേണ്ട എന്ന പരസ്യ നിലപാട് എടുത്തിരുന്നു. എന്നാൽ വലിയ നുണപ്രചാരണമുണ്ടായി. ഞാൻ മുസ്‌ലിം സമുദായത്തിനു മുഴുവൻ എതിരാണ് എന്ന തരത്തിൽ പ്രചാരണം നടന്നു. അതിൽ അത്തരത്തിൽ ഒരു വോട്ടു പോലും കിട്ടിയില്ല. ഞാൻ 40 വർഷം എന്റെ സ്വന്തം പോലെ കൊണ്ടു നടന്നവരാണ്. ഇപ്പോൾ ചെറിയ തെറ്റിദ്ധാരണ വന്നു. പക്ഷെ അവർ 6 മാസത്തിനുള്ളിൽ എന്റെ അടുത്തു തന്നെ തിരിച്ചു വരും. മൂന്നു സ്ഥാനാർഥികളും ക്രിസ്ത്യാനികൾ ആയി. അതോടെ ക്രിസ്ത്യൻ വോട്ടുകൾ വിഭജിച്ചു. അത് തിരിച്ചടിയായി. ശബരിമല അടക്കമുള്ള വിഷയങ്ങൾ മുന്‍ നിർത്തി ഹിന്ദുക്കളിൽ നല്ല വിഭാഗവും എനിക്ക് വോട്ട് തന്നു. എൽഡിഎഫ് സർക്കാർ നയങ്ങൾക്ക് എതിരായും അവർ എനിക്കു വോട്ട് ചെയ്തതാണ്.

ബിജെപി വോട്ടുകൾ പി.സി.ജോർജിനായി ഒഴുകിയോ?

kottayam-pc-george

ബിഡിജെഎസ് സ്ഥാനാർഥിക്ക് 2016ൽ കിട്ടിയത് അപേക്ഷിച്ച് നാമമാത്രമായ വോട്ടുകളാണ് ഇക്കുറി ലഭിച്ചത്. ബിജെപി വോട്ടുകൾ എനിക്കുതന്നെയാണ് ലഭിച്ചത്. അത് ശബരിമല അടക്കമുള്ള വിഷയങ്ങളിൽ എടുത്ത നിലപാടിനു ലഭിച്ചതാണ്. ഞാൻ ഒരു ബിജെപി നേതാവിനോടും സഹായം അഭ്യർഥിച്ചില്ല. ഇതു സ്വാഭാവികമായി ലഭിച്ചതാണ്.

പൂഞ്ഞാർ മണ്ഡലത്തിൽ ഇനിയും പി.സി.ജോർജ് മത്സരിക്കുമോ?

ദൈവം തമ്പുരാൻ അനുവദിച്ചാൽ മത്സരിക്കും. ഞാൻ പൂഞ്ഞാർ ഇട്ടിട്ട് പോകില്ല. 1987ൽ ഇതു പോലെ എന്നെ എണ്ണിപ്പറഞ്ഞ് തോൽപിച്ചതാണ്. അന്ന് എല്ലാവരും പറഞ്ഞു. പി.സി.ജോർജ് തീർന്നു. പിന്നീട് 1991ൽ കേരള കോൺഗ്രസിനു(ജെ) സീറ്റ് ലഭിച്ചില്ല. മന്ത്രിയായിരുന്ന എൻ.എം.ജോസഫിനെ മാറ്റി മത്സരിക്കണം. ഞാൻ തന്നെ അത് വേണ്ടെന്ന് പറഞ്ഞു. അന്ന് ഞങ്ങളുടെ നേതാവ് പി.ജെ.ജോസഫ് തൊടുപുഴയിൽ ചെന്ന് മത്സരിക്കാൻ പറഞ്ഞതാണ്. ഇതൊക്കെ അന്ന് പത്രങ്ങളിൽ വന്നിരുന്നു. എന്റെ നാടായ പൂഞ്ഞാർ വിട്ട് എങ്ങോട്ടുമില്ലെന്ന് ഞാൻ പറഞ്ഞു 1996ൽ വീണ്ടും മത്സരിച്ചു. ജയിച്ചു. ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ആ ജയം തുടർന്നു. അതു കൊണ്ട് എന്നെ ഒതുക്കി എന്നു കരുതേണ്ട. ഞാൻ ശക്തമായി തിരിച്ചു വരും.

ഇനി എന്തായിരിക്കും പി.സി.ജോർജിന്റെ നീക്കങ്ങൾ

PC-George

ജനപക്ഷം പാർട്ടിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ഇപ്പോഴത്തെ ചെയർമാൻ ഇ.കെ.ഹസൻകുട്ടി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഉടൻ തീരുമാനമുണ്ടാകും. യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ വഹിക്കും. ഭരണത്തിൽ എന്തെങ്കിലും തെറ്റുണ്ടായാല്‍ ശക്തമായി ഇടപെടും.

യുഡിഎഫിൽ ചേർന്നാൽ രക്ഷപെടുമായിരുന്നോ?

രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തിരഞ്ഞെടുപ്പിന് കുറച്ചു മാസങ്ങൾക്ക് മുൻപുതന്നെ യുഡിഎഫിലേക്ക് വരണം, ഒരുമിച്ച് പോകണം എന്നു പറഞ്ഞിരുന്നു. ഞാൻ അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു. അത് എനിക്ക് പറ്റിയ അബദ്ധമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ പഞ്ചായത്തുകളിൽ കോൺഗ്രസ് ശക്തമാണ്. മുന്നണി ആകുമല്ലോ എന്നു വിചാരിച്ച് അവിടെ കാര്യമായ പ്രവർത്തനം ആദ്യ ഘട്ടത്തിൽ നടത്താനായില്ല. അവിടെയാണ് തിരിച്ചടി വന്നതും. ആന്റോ ആന്റണിയാണ് മുന്നണി പ്രവേശനത്തിന് എതിരായത്. ആന്റോ ആന്റണിക്ക് വഴങ്ങി ഉമ്മൻ ചാണ്ടിയും മുന്നണിയിൽ എത്തുന്നത് എതിർത്തു. ഈരാറ്റുപേട്ടയിലെ ചില കള്ളത്തരങ്ങൾക്ക് കൂട്ടു നിൽക്കാത്തതാണ് ഈ എതിർപ്പിനു കാരണം. യുഡിഎഫിൽ എത്തിയിരുന്നെങ്കിൽ പൂഞ്ഞാർ അവർക്ക് കിട്ടിയേനെ. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരും അവർ ജയിക്കുമായിരുന്നു. ഇങ്ങനെ എത്ര സീറ്റ് യുഡിഎഫ് കളഞ്ഞു എന്ന് അവർ നോക്കട്ടെ.

ഇനിയൊരു മുന്നണി സാധ്യത?

pc-george

രാഷ്ട്രീയത്തിൽ ഒന്നിനോടും നോ പറയരുത് എന്നാണ് കരുതുന്നത്. യുഡിഎഫിൽ ഇപ്പോഴുള്ളവർ മാറി മുന്നണി ശക്തമാക്കുന്നവർ വരികയാണെങ്കിൽ നോക്കാം. അല്ലെങ്കിലും പാർട്ടി മുന്നോട്ടു പോകും. വി.എസ്.അച്യുതാനന്ദന്റെ ആൾ എന്ന നിലയിലാണ് പിണറായി വിജയന്‍ ആദ്യം മുതൽ എന്നെ കാണുന്നത്. അതിൽ എനിക്ക് അപമാനം ഒന്നുമില്ല. പിണറായി വിജയനുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. മുന്നണി സംബന്ധിച്ച് ചർച്ചകൾ ഇടതുമായി നടന്നിട്ടുമില്ല.

പാലായിൽ മാണി സി.കാപ്പനെ സഹായിച്ചോ?

തീർച്ചയായും സഹായമുണ്ടായി. പഴയ പൂഞ്ഞാർ മണ്ഡലത്തിലെ പഞ്ചായത്തുകൾ പാലായിലുണ്ട്. അവിടെയൊക്കെ നമ്മുടെ ആളുകളോടു മാണി സി.കാപ്പനെ സഹായിക്കാൻ പറഞ്ഞിരുന്നു. അവർ അത് ചെയ്തു. കാപ്പൻ 15,000 വോട്ടിന് ജയിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു അത് തന്നെ സംഭവിച്ചു. ജോസ് കെ.മാണിയുടെ അഹങ്കാരമാണ് തോൽപ്പിച്ചത്. ജോസ് കെ.മാണിയുടെ ഭാര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാര്യമായി പ്രവർത്തിച്ചിരുന്നു. അവർ കുറച്ചു കൂടി നന്നായി പെരുമാറാൻ അറിയാവുന്ന സ്ത്രീയാണ്. സ്ത്രീകളോട് വളരെ സ്നേഹത്തിൽ സംസാരിക്കും. അങ്ങനെ കുറച്ച് വോട്ട് കിട്ടി. അല്ലെങ്കിൽ ഇതിലും കൂടിയ മാർജിനിൽ തോറ്റേനെ.

ഷോൺ ജോർജ് ആയിരിക്കുമോ ഇനി പൂഞ്ഞാറിൽ സ്ഥാനാർഥി? ‌

KM Mani, PC George

ഷോൺ പത്തുനാൽപതു വയസ്സുള്ള ചെറുപ്പക്കാരനാണ്. ഇപ്പോൾ ജില്ലാ പഞ്ചായത്തംഗമാണ്. ഷോണിന് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ നോക്കാം. അങ്ങനെയെങ്കിൽ പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മാറി മത്സരിക്കുന്ന സാധ്യതയും നോക്കാം.

English Summary: Interview with Former Poonjar MLA PC George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA