4 മണിക്കൂറിൽ തിരുവനന്തപുരം–കാസർകോട് യാത്ര; സാധ്യമാക്കുമോ പിണറായി സർക്കാർ?

thiruvananthapuram-kasaragod-semi-high-speed-rail
(ചിത്രത്തിനു കടപ്പാട്: വിക്കിമീഡിയ കോമൺസ്)
SHARE

കൊച്ചി∙ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതോടെ തലവര തെളിയുന്ന പ്രധാന പദ്ധതി തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത കൂടിയാണ്. എൽഡിഎഫിന്റെ 2016ലെ പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമായിരുന്നു മണിക്കൂറിൽ 200 കി.മീ. വേഗം സാധ്യമാകുന്ന റെയിൽവേ ഇരട്ടപ്പാത. കഴിഞ്ഞ 5 വർഷം അതിന്റെ പ്രാഥമിക പഠനങ്ങളും ഡിപിആറും പൂർത്തിയാക്കി നിലമൊരുക്കിയ എൽഡിഎഫ് സർക്കാരിനു പദ്ധതി യാഥാർത്ഥ്യമാക്കാൻ ലഭിച്ചിരിക്കുന്ന 5 വർഷങ്ങളാണു ഇനി മുന്നിലുള്ളത്. ഇത്തവണത്തെ പ്രകടന പത്രികയിലും പ്രധാന പദ്ധതിയായി ഉൾപ്പെടുത്തിയതോടെ പദ്ധതി നടപ്പാക്കാൻ സർക്കാർ മുഖ്യ പരിഗണനയാണു നൽകുന്നതു വ്യക്തം. ഇത്തവണത്തെ ഭൂരിപക്ഷം ഈ പദ്ധതിക്കു കൂടി ലഭിച്ച പിന്തുണയായാണു വിലയിരുത്തപ്പെടുന്നത്.

63,000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കു റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഇത് നേരത്തെ ലഭിക്കുമായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ എൻഡിഎയുടെ സമ്മർദം മൂലം അനുമതി ലഭിച്ചില്ലെന്നാണ് ആക്ഷേപം. തങ്ങളുടെ നേട്ടമാക്കി അവതരിപ്പിക്കാനായി അനുമതി ബോധപൂർവം കേന്ദ്രം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണമുയരുന്നത്. പദ്ധതിക്കു ജപ്പാൻ വികസന ഏജൻസി (ജൈക) വായ്പ ലഭ്യമാക്കാനായി ഭൂമിയേറ്റെടുക്കൽ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേരളത്തിനു കത്തു നൽകിയതും കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരവുമാണു പദ്ധതിക്ക് ഇപ്പോൾ ഉള്ളത്. കൂടാതെ കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെ ഒന്നാം ഘട്ട സ്ഥലമേറ്റെടുപ്പിനായി ഹഡ്കോ 3000 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 320 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്.

അന്തിമ അനുമതിക്കായി വൈകാതെ തന്നെ കേരളം സമ്മർദം ശക്തമാക്കുമെന്ന് ഉറപ്പ്. പദ്ധതി യഥാർത്ഥ്യമായാൽ 4 മണിക്കൂർകൊണ്ടു തിരുവനന്തപുരം–കാസർകോട് യാത്രയും 90 മിനിറ്റ് കൊണ്ടു കൊച്ചി–തിരുവനന്തപുരം യാത്രയും സാധ്യമാകും. ഗെയിൽ പൈപ്പ് ലൈനിന്റെ തടസ്സങ്ങൾ നീക്കിയ സർക്കാരിനു സെമി ഹൈസ്പീഡ് പാതയ്ക്കുള്ള കുരുക്കുകളും അഴിക്കാൻ കഴിയുമെന്നു  മലബാർ ഡവലപ്മെന്റ് ഫോറം പ്രതിനിധി നിഷാദ് ഹംസ പറയുന്നു. പദ്ധതിക്കു പ്രാദേശികമായി ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്ന എലത്തൂരിൽ എൽഡിഎഫിനാണു വിജയം.  മലബാർ മേഖലയിൽ കീറാമുട്ടിയായിരുന്ന ദേശീയ പാത വികസനം വേഗത്തിലാക്കിയ സർക്കാരിനു ഈ പദ്ധതിയും വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നവർ ഏറെ.

അങ്കമാലി–എരുമേലി ശബരി പാത

തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി ശബരി പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കാമെന്നു കേന്ദ്രത്തെ അറിയിച്ചെങ്കിലും കേന്ദ്രം എസ്റ്റിമേറ്റ് പുതുക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. കിഫ്ബി വഴി 2000 കോടി രൂപ വകയിരുത്തിയ സംസ്ഥാന സർക്കാർ നടപടി തിരഞ്ഞെടുപ്പ് നാടകമാണെന്നു ആക്ഷേപിച്ചവർക്കു മറുപടി കൊടുക്കാനുള്ള അവസരം കൂടിയാണ് എൽഡിഎഫിനു മുന്നിലുള്ളത്. പാത പുനലൂരേക്കു നീട്ടുന്നതിന്റെ സാധ്യത ആരായുമെന്നും സർക്കാർ പ്രഖ്യാപിച്ചതു മലയോര ജില്ലകളിൽ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്, റാന്നി, പത്തനംതിട്ട, പത്തനാപുരം വഴി പുനലൂർ എത്തുന്ന പാത നെടുമങ്ങാട് വഴി നേമത്തേക്കു നീട്ടണമെന്ന ആവശ്യവും ശക്‌തമാണ്.

കെ–റെയിലിന്റെ ഭാവി സർക്കാരിന്റെ കൈയിൽ

ജോയിന്റ് വെഞ്ച്വർ പദ്ധതികൾക്കായി രൂപീകരിച്ച കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ) ഏറ്റെടുത്ത പദ്ധതികൾ ഒന്നും സംസ്ഥാനത്ത് എങ്ങുമെത്തിയിട്ടില്ല. ഡിപിആർ ഘട്ടത്തിലുള്ള പദ്ധതികൾ പണി തുടങ്ങുന്ന ഘട്ടത്തിലേക്ക്  എത്തിക്കാൻ കഴിയാത്തതു  കോർപറേഷന്റെ നിലനിൽപുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക പരിമിതികൾ മൂലം സംസ്ഥാനങ്ങളിൽ റെയിൽവേ വികസനം മുരടിക്കുന്നത് ഒഴിവാക്കാനാണു സുരേഷ് പ്രഭു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ സംസ്ഥാനങ്ങൾക്കും റെയിൽവേയ്ക്കും തുല്യപങ്കാളിത്തമുള്ള  ജോയിന്റ് വെഞ്ച്വർ (ജെവി) കമ്പനികൾ രൂപീകരിച്ചത്. ഒരേ സമയം ഒന്നിലധികം പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് അനുസരിച്ചു ഏറ്റെടുത്തു നടപ്പാക്കാമെന്നതാണു ജെവി കമ്പനികളുടെ പ്രധാന ആകർഷണം. 

കർണാടക ഉൾപ്പെടെ പല സംസ്ഥാനങ്ങളിലെയും കമ്പനികൾ പല പദ്ധതികളിലും പണി തുടങ്ങിയെങ്കിലും ഇവിടെ ഏറ്റെടുത്ത പദ്ധതികൾ കടലാസിൽ മാത്രമാണുള്ളത്. ശബരി റെയിൽവേ, എറണാകുളം മാർഷലിങ് യാഡ് ടെർമിനൽ, തലശേരി–മൈസൂർ പാത, നിലമ്പൂർ–നഞ്ചൻഗുഡ് പാത എന്നീ പദ്ധതികളാണു കേരളം കെ–റെയിൽ വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കർണാടക എതിർക്കുന്നതിനാൽ തലശേരിയിൽ നിന്നും നിലമ്പൂരിൽ നിന്നുമുള്ള പാതകളുടെ കാര്യം അനിശ്ചിത്വത്തിലാണ്. ഉത്തരേന്ത്യയിൽ വന്യജീവി സങ്കേതങ്ങളുടെ മുകളിലൂടെ ആകാശ പാത നിർമിച്ചു റോഡുകൾ നിർമിക്കുന്നുണ്ട്. അത്തരം സാധ്യതകൾ കേരളത്തിനു പരിഗണിക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതികളുടെ കാര്യത്തിൽ കേരളം എന്തു ചെയ്യുമെന്നാണ് ഇനി അറിയേണ്ടത്.

English Summary: Railway Projects to be Completed by LDF Govt in their Second Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA