ADVERTISEMENT

എം.കെ.സ്റ്റാലിൻ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. ദ്രാവിഡ രാഷ്ട്രീയത്തിലെ വന്‍മരങ്ങള്‍ കടപുഴകിയതിനുശേഷം രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ തമിഴ്നാട് ആരു നയിക്കുമെന്നതിനു ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ചെന്നൈ ഗിണ്ടിയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങ്. 

കോവിഡും താറുമാറായ സാമ്പത്തിക മേഖലയും അടക്കം പ്രതിസന്ധികളുടെ നടുവിലേക്കാണ് സ്റ്റാലിനും സഹപ്രവര്‍ത്തകരും എത്തുന്നത്. നാലുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ കഠിനാധ്വാനം കൊണ്ടു ഉയര്‍ന്നുവന്ന നേതാവ് ഭരണത്തിലെ പ്രതിസന്ധികള്‍ പൂപോലെ മറികടക്കുമെന്നാണ് ഡിഎംകെ നേതാക്കളെല്ലാം പറയുന്നത്.

കരുണാനിധി-ദയാലു അമ്മാൾ ദമ്പതികളുടെ രണ്ടാമത്തെ മകന് അയ്യാദുരൈ എന്നായിരുന്നു പേര്. ‘അയ്യാ’ ദ്രാവിഡ ആചാര്യൻ പെരിയാറിനോടുള്ള കരുണാനിധിയുടെ ബഹുമാനമാണ്;  ‘ദുരൈ’ ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈയോടുള്ള സ്നേഹ വായ്പും. കുട്ടി ജനിച്ചു നാലാം ദിവസമാണു സോവിയറ്റ് യൂണിയൻ ഭരണാധികാരി ജോസഫ് സ്റ്റാലിൻ അന്തരിച്ചത്. പെരിയാറിനെ പരിചയപ്പെട്ടിരുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റാകുമായിരുന്നുവെന്നു പലതവണ പറഞ്ഞിട്ടുള്ള കലൈജ്ഞർ സോവിയറ്റ് നേതാവിന്റെ ഓർമയ്ക്കായി മകനു പേരു നൽകി- സ്റ്റാലിൻ. ആ സ്റ്റാലിന് ഇന്ന് ഡിഎംകെയുടെയും തമിഴകത്തിന്റെയും തലൈവരാണ്.

ആദ്യം കുട്ടിപ്പടയുമായി; ഇന്ന് പാര്‍ട്ടിയെ നയിച്ച്

രാഷ്ട്രീയം രക്തത്തില്‍ അലിഞ്ഞതാണു കലൈജ്ഞറുടെ മകന്. കുട്ടിക്കളിയിൽ പോലുമുണ്ടായിരുന്നു രാഷ്ട്രീയം.14-ാം വയസ്സിൽ വീടിരിക്കുന്ന ഗോപാലപുരത്തെ സമപ്രായക്കാരെ ചേര്‍ത്ത് ഡിഎംകെ വിദ്യാർഥി യൂണിയനു രൂപം നൽകി.  ഡിഎംകെ അധികാരത്തിലെത്തിയ 1967 നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈയിൽ പ്രചാരണത്തിന് സ്റ്റാലിന്റെ കുട്ടിപ്പടയുമുണ്ടായിരുന്നു. അണ്ണാദുരൈ ഉൾപ്പെടെയുള്ള നേതാക്കളെ കൊണ്ടുവന്നു നാടകമേളകൾ സംഘടിപ്പിക്കൽ, ലഘുലേഖകൾ വിതരണം ചെയ്യൽ എന്നിങ്ങനെയായിരുന്നു സ്റ്റാലിന്റെ കുട്ടിപ്പടയുടെ പ്രധാന ജോലി.

1200-dmk-mk-stalin
എം.കെ.സ്റ്റാലിൻ (Photo by Arun SANKAR / AFP)

കരുണാനിധിയുടെ രാഷ്ട്രീയ പിൻഗാമിയാകുകയെന്നത് എല്ലാ മക്കൾക്കും മുന്നിലുള്ള സാധ്യതയായിരുന്നു. മൂന്നാമത്തെ മകനായ സ്റ്റാലിൻ ആ കസേരിയിലെത്തിയത് പഠനാര്‍ഹമായ കാര്യമാണ്. ക്ഷമയോടെ കാത്തിരിക്കാനുള്ള മനസ്സ്, കഠിനാധ്വാനത്തിനുള്ള സന്നദ്ധതയെന്നു അടുത്തറിയുന്നവർ ഉത്തരം നൽകും. 1971ൽ അണ്ണാദുരൈയുടെ നാടായ കാഞ്ചീപുരത്തു നടന്ന പൊതുയോഗത്തിലാണു സ്റ്റാലിൻ പാർട്ടി അംഗമായത്. മറീനയിലെ അണ്ണാദുരൈ സ്മാരകത്തിൽ നിന്നു പദയാത്ര നയിച്ചാണു നൂറു കിലോ മീറ്റർ അകലെയുള്ള സമ്മേളന വേദിയിൽ സ്റ്റാലിൻ എത്തിയത്. 

തിരിച്ചടികളില്‍ കുരുത്ത സ്റ്റാലിന്‍

രാഷ്ട്രീയ ജീവിതത്തിലെ ഒട്ടേറെ തിരിച്ചടികൾ മറികടന്നാണു സ്റ്റാലിൻ  മുഖ്യമന്ത്രി പദമേറുന്നത്. തിരിച്ചടികളില്‍ തളരില്ലെന്നു ഡിഎംകെ പ്രവർത്തകർ ഉറപ്പിച്ചു പറയും. കാരണം, അദ്ദേഹം കുരുത്തതു അടിയന്തരാവസ്ഥയുടെ തീയിലാണ്. അടിയന്തരാവസ്ഥക്കാലത്ത്, മധുവിധുകാലം കഴിയും മുൻപാണു മിസ പ്രകാരം സ്റ്റാലിൻ അറസ്റ്റിലാകുന്നത്. കരുണാനിധിയുടെ മകനെ പൊലീസ് നോട്ടമിട്ടു മർദിച്ചു. ഇതു സഹിക്കാനാവാതെ സഹതടവുകാരനായിരുന്ന മുൻ ചെന്നൈ മേയർ ചിട്ടിബാബു കവചമാകാൻ ശ്രമിച്ചു. തടവിലേറ്റ മർദനം പിന്നീട് ചിട്ടിബാബുവിന്റെ ജീവനെടുത്തു. ജയിലിൽ നിന്ന് നേരെ രാഷ്ട്രീയത്തിലേക്കാണ് സ്റ്റാലിന്‍ ഇറങ്ങിനടന്നത്.

ഡിഎംകെ പിളര്‍ത്തി അണ്ണാ ഡിഎംകെ രൂപീകരിച്ച എംജിആർ അധികാരം പിടിച്ചതോടെ പാർട്ടിയെ ചടുലമാക്കി നിർത്താൻ കരുണാനിധി യുവജന വിഭാഗത്തിനു രൂപം നൽകി. 1984-ൽ സ്റ്റാലിനെ സെക്രട്ടറിയാക്കി. കരുണാനിധിയുടെ വാക് ചാതുരിയോ രാഷ്ട്രീയ കൗശലമോ ഇല്ലാതിരുന്ന സ്റ്റാലിൻ കഠിനാധ്വാനം കൊണ്ടാണു ആ കുറവ് നികത്തിയത്. 

പല തവണ സ്റ്റാലിൻ സംസ്ഥാന പര്യടനം നടത്തി. 1984ൽ തൗസന്റ് ലൈറ്റ്സിൽ തോൽവിയോടെയായിരുന്നു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ തുടക്കം. 89-ൽ ആദ്യ ജയം. ഒരുമിച്ചു പ്രവർത്തനം തുടങ്ങിയ പല നേതാക്കളും മന്ത്രി പദവിയിലെത്തിയെങ്കിലും മകനെ കരുണാനിധി ക്ഷമയോടെ കാത്തിരിക്കാൻ പഠിപ്പിച്ചു. 

1200-mk-stalin-tamil-nadu

നാലാം ജയത്തിൽ, 2006-ലാണു ഗ്രാമ വികസന വകുപ്പ് മന്ത്രിയാകുന്നത്. അതിനു മുൻപേ, 1996-ൽ ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്ന ആദ്യ ചെന്നൈ മേയറായി. 12 മേൽപാലങ്ങളുൾപ്പെടെ നിർമിച്ചു സ്റ്റാലിൻ ഭരണനൈപുണ്യം തെളിയിച്ചു. 2009ൽ ഉപമുഖ്യമന്ത്രിയായതോടെ കരുണാനിധിയുടെ പിൻഗാമിയാരെന്ന ചോദ്യത്തിനു പ്രസക്തിയില്ലാതായി. 

സ്റ്റാലിനെ പിൻഗാമിയാക്കാനുള്ള ശ്രമത്തിനെതിരെ ആദ്യമായി കലാപമുയർന്നതു തൊണ്ണൂറുകളുടെ പകുതിയിലാണ്. കരുണാനിധിയുടെ വലംകയ്യും പ്രസംഗ പീഠങ്ങളിലെ തീപ്പൊരിയുമായിരുന്ന വൈകോയുടെ നേതൃത്വത്തിലായിരുന്നു വിമതനീക്കം. വൈകോ പാർട്ടിക്കു പുറത്തായി. പിന്നീട് കുടുംബത്തിനുള്ളിലും വിമത സ്വരമുയർന്നു. സഹോദരൻ എം.കെ.അഴഗിരിയായിരുന്നു എതിർവശത്ത്. അഴഗിരിയും പുറത്തായി. 

കരുണാനിധിയുടെ മരണ ശേഷം എതിർ സ്വരത്തിന്റെ ഇലയനക്കമില്ലാതെ സ്റ്റാലിൻ പ്രസിഡന്റായി. മകൻ ഉദയനിധി സ്റ്റാലിനു പിൻഗാമി കസേരയിലേക്കു വഴിയൊരുക്കി കൂടിയാണു സ്റ്റാലിൻ മുഖ്യമന്ത്രിയാകുന്നത്. ഒരേ രക്തമുൾപ്പെടെ 2 സിനിമകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റാലിൻ സൈക്ലിങ് മുതൽ ജിം പരിശീലനംവരെയായി ആരോഗ്യപരിപാലനത്തിൽ അതീവ ശ്രദ്ധാലുവാണ്. 10 വർഷം പ്രതിപക്ഷത്തിരുന്നിട്ടും ഡിഎംകെ കെട്ടുറപ്പോടെ നിന്നതു പാർട്ടിക്കാര്യത്തിലും അതേ സൂക്ഷ്മത പുലർത്തിയതുകൊണ്ടാണ്.

English Summary: As M K Stalin is sworn in as Tamil Nadu CM, a look back at his political career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com