ADVERTISEMENT

കൊച്ചി ∙ മഹാമാരിക്കെതിരായ യുദ്ധം ജയിക്കാന്‍ കോവിഡ് വാര്‍ റൂമുകൾ ഉറപ്പാക്കി സർക്കാർ. ആരോഗ്യം, റവന്യൂ, പൊലീസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് വാര്‍ റൂമുകൾ പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനും കോവിഡ് പോസിറ്റീവായവര്‍ക്ക് രോഗതീവ്രതയനുസരിച്ച് ചികില്‍സ നല്‍കുന്നതിനുമാണ് വാര്‍ റൂമുകള്‍ പ്രവർത്തിക്കുന്നത്.

ഓക്സിജന്‍ വാര്‍ റൂം, പേഷ്യന്‍റ് ഫിഫ്റ്റിങ് റൂം, ഡേറ്റാ സെന്റര്‍ എന്നിങ്ങനെയാണ് പ്രവർത്തനം. നാലു മണിക്കൂർ ഇടവിട്ട് അതാത് ജില്ലകളിലെ ആശുപത്രികളില്‍ നിന്ന് ഓക്സിജന്റെ അളവ് വാര്‍ റൂമിലെത്തും. എവിടെയെങ്കിലും തീരാന്‍ സാധ്യതയുണ്ടെങ്കില്‍ ഉടന്‍ വാർ റൂമില്‍ നിന്ന് ഓക്സിജന്‍ വിതരണക്കാരിലേക്ക് വിവരമെത്തും. പൊലീസ് സഹായത്തോടെ വിതരണക്കാര്‍ സമയം വൈകാതെ ഓക്സിജന്‍ ആശുപത്രിയിലെത്തിക്കുന്നതാണ് പദ്ധതി.

ഓരോ ദിവസവും പോസിറ്റീവാകുന്ന രോഗികളുടെ വിവരങ്ങള്‍ ലാബുകളില്‍ നിന്ന് ഡേറ്റാ സെന്ററിലേക്ക് എത്തും. ഇത് ക്രോഡീകരിച്ച് ഷിഫ്റ്റിങ് കൺട്രോൾ റൂമിലേക്ക് കൈമാറും. വീടുകളിലോ എഫ്എല്‍ടിസികളിലോ ഉള്ള രോഗികളേയല്ല തീവ്രതകൂടി ആശുപത്രികളില്‍ ചികില്‍സ വേണ്ടവരെയാണ് ഷിഫ്റ്റിങ് കൺട്രോൾ റൂമില്‍ പരിഗണിക്കുക. ഐസിയു കിടക്ക വേണ്ടവരെ അതിന് സൗകര്യമുള്ള ആശുപത്രികളിലേക്കും ഓക്സിജന്‍ കിടക്ക ആവശ്യമുള്ളവരെ അതുള്ള ആശുപത്രികളിലേക്കും മാറ്റും.

ഡോക്ടര്‍മാർ, എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥികൾ, ഡേറ്റാ എൻ‌ട്രി ജീവനക്കാർ ഉൾപ്പെടെ എണ്‍പതോളം പേരാണ് കൊച്ചിയിലെ വാർ റൂമിൽ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

സംശയം, പരിഹാരം

കോവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും വാർ റൂം ഹെൽപ്പ്‌ ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടാൽ പരിഹാരം ലഭിക്കും. കോവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങൾ, വാക്‌സീനുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൗൺസലിങ്, സാമൂഹിക മാനസികാരോഗ്യം, വൈദ്യ സഹായം എന്നിങ്ങനെയുള്ള സംശയങ്ങൾക്കും വാർ റൂമിൽ ബന്ധപ്പെടാം. കോവിഡ് പോസിറ്റീവ് ആയവർക്കും കുടുംബത്തിനും മാനസിക–സാമൂഹിക പിന്തുണ ഉറപ്പാക്കുക, മാനസിക സമ്മർദം ഇല്ലാതാക്കുക തുടങ്ങിയവയ്ക്കു പരിഹാരം ലഭിക്കും.

കോവിഡ് ലക്ഷണമുള്ളവർ നേരിട്ട് ആശുപത്രിയിൽ പോകും മുൻപ് വാർ റൂമിൽ ബന്ധപ്പെട്ട് അഭിപ്രായം തേടാനും സൗകര്യമുണ്ട്. ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് ആയവർക്കുള്ള സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യത, കോവിഡ് സാഹചര്യം, നിലവിലെ പ്രതിസന്ധി എന്നിവയെല്ലാം വാർ റൂമിൽ നിന്നും വിലയിരുത്തുകയും പരിഹാര നിർദേശം നൽകുകയും ചെയ്യുന്നു. ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ പൊലീസിന്റെ എമർജൻസി റെസ്പോൺസ് സ‍പ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിൽ (112) വിളിക്കാം. കിടപ്പു‍രോ‍ഗികൾക്കും ഗുരുതരാവസ്ഥയിലു‍ള്ളവർക്കുംവീടുകളിൽ മരുന്ന് എത്തിക്കാനാണ് ഈ നമ്പറിൽ ബന്ധപ്പെടേണ്ടത്.

English Summary: As Covid Cases Spike, Kerala Readies "War Rooms" for "oxygen-audit" and to ensure priority distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com