ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 45 വയസ്സിൽ താഴെയുള്ളവരുടെ വാക്സിനേഷൻ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വ്യക്തിക്കു കോവിഡ് രോഗബാധയുണ്ടാവുമ്പോൾ ഏതു രീതിയിൽ ആണ് രോഗിയും ആരോഗ്യ സംവിധാനങ്ങളും പ്രവർത്തിക്കേണ്ടത് എന്നുള്ളതിനു കൃത്യമായ രീതി രൂപപ്പെടുത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. 

ടെസ്റ്റ് ചെയ്യുന്നതു സ്വകാര്യ ലാബിലായാലും സർക്കാർ ലാബിലായാലും റിസൾട്ടുകൾ അതത് ജില്ലകളിലെ ഡിപിഎംഎസ്‌യുകളിലേയ്ക്ക് അയയ്ക്കും. അവിടെ റിസൾട്ടുകൾ എത്തിയാൽ ഉടനെ റാപ്പിഡ് റെസ്പോൺസ് ടീമിനു (ആർആർടി) കൈമാറും. അതിനിടയിൽ എസ്എംഎസ് ആയി റിസൾട്ട് ടെസ്റ്റ് ചെയ്ത വ്യക്തിക്കും അയയ്ക്കും. അത് റിസൾട്ട് അറിയാനുള്ള മൊബൈൽ ആപ്പിൽനിന്നും ഡൗൺലോഡ് ചെയ്യാനാകും. 

പോസിറ്റീവ് ആയ വ്യക്തിയെ റാപ്പിഡ് റെസ്പോൺസ് ടീം നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യസംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോൺടാക്റ്റ് പോയിന്റ്. ഈ ഉദ്യോഗസ്ഥൻ രോഗിയുടെ മറ്റു രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിക്കും.

രോഗലക്ഷണങ്ങൾ തീരെയില്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ ക്വാറന്റീൻ ചെയ്യുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകും. വീട്ടിൽ ക്വാറന്റീൻ ഇരിക്കാൻ പ്രയാസമുള്ളവർ അവരുടെ പ്രദേശത്തെ വാർഡുതല സമിതിയുമായി ബന്ധപ്പെടണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ സജ്ജീകരിച്ച ഡൊമിസിലിയറി കെയർ സെന്ററുകൾ അവർക്കു വേണ്ടി ലഭ്യമാക്കും. 

രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റംഗങ്ങളും സാധാരണ ഗതിയിൽ പ്രൈമറി കോൺടാക്റ്റിൽ വരുന്നവർ ആയിരിക്കും. ഈ ഘട്ടത്തിൽ അവർക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് വാർഡ് ഹെൽത്ത് സമിതികളുടെ ഉത്തരവാദിത്തമാണ്. രോഗികളാകുന്ന എല്ലാവരും അവരുടെ വാർഡ് ഹെൽത്ത് സമിതികളുടെ ചെയർപഴ്സൻ ആയ വാർഡ് മെമ്പറുടെ നമ്പർ കയ്യിൽ കരുതണം.

വീടുകളിൽ കഴിയുന്നവർക്കു ശ്വാസതടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലോ പൾസ് ഓക്സിമീറ്ററിൽ ഓക്സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്കു മാറ്റണം. അത്തരം ഘട്ടത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിലെ കോൺടാക്റ്റ് പഴ്സനെ വിവരം അറിയിക്കണം. ആർആർടി ആ വിവരം ജില്ലാ കണ്‍ട്രോൾ യൂണിറ്റിലേയ്ക്കു കൈമാറുകയും ജില്ലാ കൺട്രോൾ യൂണിറ്റ് ഷിഫ്റ്റിങ് ടീമിനു നിർദ്ദേശം നൽകുകയും ചെയ്യും.

രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച് ഈ ഷിഫ്റ്റിങ് ടീം രോഗിയെ സിഎഫ്എൽടിസിയിലേയ്ക്കോ  സിഎസ്എൽടിസിയിലേയ്ക്കോ കോവിഡ് കെയർ ഹോസ്പിറ്റലുകളിലേയ്ക്കോ ആവശ്യമെങ്കിൽ മെഡിക്കൽ കോളജിലേക്കോ മാറ്റും. ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്.

ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തി മെഡിക്കൽ ഷിഫ്റ്റിങ് സംവിധാനത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഷിഫ്റ്റിങ് നോഡൽ ഓഫിസർമാരെ നിയമിച്ചു – മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: Covid vaccination above 45 years of age started says chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com