ADVERTISEMENT

മുംബൈ∙ കോവിഡിനെ അതിജീവിച്ച 8 പേർ മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് (Mucormycosis) ബാധകാരണം മരണമടഞ്ഞുവെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആർ) ഡയറക്ടർ ഡോ. തത്യാറാവു ലഹാനെ. നിലവിൽ 200 പേർ ചികിത്സയിലാണ്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു. 

മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോൾ പറഞ്ഞു. കോവിഡ് രോഗിയെ ഓക്സിജൻ സഹായത്തിൽ കിടത്തുമ്പോൾ അതിലെ ഹ്യുമിഡിഫയറിൽ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വർധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നൽകി. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തിൽ രോഗിയുടെ ഒരു കണ്ണ് പൂർണമായും എടുത്തു കളഞ്ഞാൽ ജീവൻ നിലനിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികർ, അവയവമാറ്റം നടത്തിയവർ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കണ്ണുവേദന, മുഖ വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലർക്കും അന്ധതയ്ക്കും കാരണമാകാറുണ്ടെന്നും ലഹാനെ അറിയിച്ചു. ഈ രോഗം ബാധിച്ചാൽ രോഗിക്ക് 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നൽകേണ്ടതുണ്ട്. എന്നാൽ ഇതിന്റെ ചെലവ് പ്രതിദിനം 9000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം സൂറത്തിലും കോവിഡ് ഭേദമായവരിൽ ഇതേ രോഗം കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൂറത്തിലെ കിരൺ സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ മഥുർ സവാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുൻപാണു മ്യൂകോർമൈകോസിസ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

50 പേർക്ക് ചികിത്സ നടത്തികൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്കായി 60 പേർ കാത്തിരിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധിപ്പേർ വിളിക്കുന്നുണ്ട്. ഏഴുപേരുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

English Summary :Black Fungus Kills 8 Covid-Recovered Patients in Maharashtra; Gujarat Too Reports Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com