ADVERTISEMENT

ജനീവ ∙ ഇന്ത്യയിൽ ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം അതിതീവ്ര വ്യാപനശേഷി ഉള്ളതാണെന്നും ഒരുപക്ഷേ വാക്സീൻ സുരക്ഷയെ വരെ മറികടക്കുന്നതാണെന്നും ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. ഇപ്പോൾ ഇന്ത്യയിലെ രോഗികളിൽ കാണുന്ന ലക്ഷണങ്ങൾ, പെട്ടെന്നു വ്യാപിക്കുന്ന വൈറസ് വകഭേദത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് സൗമ്യ, വാർത്താ ഏജൻസിയായ എഎഫ്‌പിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (ബി.1.617) തന്നെയാണ് ഇപ്പോഴത്തെ തരംഗത്തിനുള്ള പ്രധാന കാരണം. 17 രാജ്യങ്ങളിൽ ബി.1.617 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു. ബി.1.617ന്റെ തന്നെ 3 വകഭേദങ്ങൾ (ബി.1.617.1, ബി.1.617.2, ബി.1.617.3) ഇന്ത്യയിൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളിൽ 50% പേരിൽ ഇതു കണ്ടെത്തി. കഴിഞ്ഞ ഡിസംബർ 20നാണ് ബി.1.617 ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത്.

ആന്റിബോഡികളേയും മറികടക്കും?

തീവ്രവ്യാപനശേഷി ഉണ്ടെങ്കിലും ‘വേരിയന്റ് ഓഫ് കൺസേൺ’ എന്ന പട്ടികയിൽ ഡബ്ല്യുഎച്ച്ഒ ഇതുവരെ ഇന്ത്യൻ വകഭേദത്തെ ഉൾപ്പെടുത്തിയിട്ടില്ല. യഥാർഥ വൈറസിനേക്കാൾ അപകടകരമാണെന്നും വാക്സീൻ സുരക്ഷയെ പോലും മറികടന്നേക്കും എന്നു സൂചിപ്പിക്കുന്നതാണ് ‘വേരിയന്റ് ഓഫ് കൺസേൺ’ എന്ന ലേബൽ. യുഎസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബി.1.617 വകഭേദത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞു.

ഡബ്ല്യുഎച്ച്ഒയും ഉടൻ തന്നെ അവരുടെ പാത പിന്തുടർന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥൻ പറയുന്നു. ‘ബി.1.617 യഥാർഥത്തിൽ ഉത്കണ്ഠ ഉളവാക്കുന്ന വകഭേദം തന്നെയാണ്. കാരണം, ഇതിന്റെ ചില പരിവർത്തനങ്ങൾ വ്യാപനശേഷം വളരെയധികം വർധിപ്പിക്കുന്നതാണ്. മാത്രമല്ല, പ്രതിരോധ കുത്തിവയ്പ്പിലൂടെയോ അല്ലെങ്കിൽ സ്വാഭാവിക അണുബാധയിലൂടെയോ ഉണ്ടാകുന്ന ആന്റിബോഡികളെ പ്രതിരോധിക്കാൻ ഇതിനു സാധിച്ചേക്കും.’– സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

എന്നാൽ ഇന്ത്യൻ വകഭേദത്തെ മാത്രം ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പഴിക്കാൻ സാധിക്കില്ലെന്നും സൗമ്യ ചൂണ്ടിക്കാട്ടി. പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ച രണ്ടാം തരംഗത്തിന് വലിയൊരു കാരണമായി. കോവിഡ് വ്യാപനം അവസാനിച്ചു എന്ന രീതിയിലുള്ള ആളുകളുടെ പെരുമാറ്റമാണ് ഈ സാഹചര്യത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.

വാക്സീൻ മാത്രം പോര

ഇന്ത്യ പോലെ, വൻ ജനസംഖ്യയുള്ള രാജ്യത്ത് രോഗവ്യാപനം കൈവിട്ടു പോയതിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ കാണുന്നതെന്ന് സൗമ്യ സ്വാമിനാഥൻ പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമായിരുന്നു. എന്നാൽ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം രോഗികളുടെ എണ്ണം കൂടി. വ്യാപനവും അപ്പോൾ ആനുപാതികമായി വർധിക്കും. വാക്സിനേഷനിലൂടെ മാത്രം ഈ സ്ഥിതി മറികടക്കാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി.

MEXICO-HEALTH-VIRUS-VACCINES

ലോകത്ത്, ഏറ്റവുമധികം വാക്സീൻ ഉൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യ, 130 കോടിയിലധികം ജനങ്ങളിൽ ഇതുവരെ രണ്ടു ശതമാനത്തോളം ആളുകളിൽ മാത്രമാണ് കുത്തിവയ്പെടുത്തത്. മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ എടുക്കും 70–80% ആളുകൾക്ക് വാക്സീൻ നൽകാൻ. അതുകൊണ്ടു തന്നെ പൊതുജനാരോഗ്യം പരിപാലിക്കുക, മറ്റു സാമൂഹിക നടപടികൾ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളാണ് കോവിഡ് വ്യാപനം കുറയ്ക്കാൻ കൂടുതൽ ഉചിതം.

വ്യാപനം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ വൈറസ് വകഭേദങ്ങൾ ഉണ്ടാകാനും സാധ്യത കൂടുതലാണ്. നിലവിലെ വാക്സീനുകൾ ആ വകഭേദങ്ങൾക്ക് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടുതന്നെ അറിയണമെന്നും അവർ വ്യക്തമാക്കി.

English Summary: WHO's Top Scientist On Factors Behind India's Covid Explosion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com