ADVERTISEMENT

തിരുവനന്തപുരം ∙ വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനു മാത്രമേ പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂ എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശിച്ചു.

അവശ്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്,  ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും.

ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. അവശ്യ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ഞായറാഴ്ച വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പൊലീസിന്‍റെ ഇ– പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി.

81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി  24 മണിക്കൂറും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അപേക്ഷകർ കൂട്ടത്തോടെയെത്തിയതോടെ സൈറ്റ് പലപ്പോഴും തകരാറിലായി. 1,75,125 അപേക്ഷകളിൽ മഹാഭൂരിപക്ഷവും അനാവശ്യ അപേക്ഷകളാണ്.

കൂലിപ്പണിക്കാർ, ദിവസ വേതനക്കാർ തുടങ്ങി ലോക്ഡൗണിൽ പ്രവർത്തനാനുമതിയുള്ളവർക്ക് ജോലിക്ക് പോകാനാണ് പ്രധാനമായും പാസ് നൽകുന്നത്. നിർമാണ തൊഴിലാളികൾക്ക് പാസ് നൽകുമെങ്കിലും അവർ തുടർച്ചയായി യാത്ര ചെയ്യരുത്. അവർക്ക് താൽക്കാലിക താമസ സൗകര്യമോ യാത്രാ സംവിധാനമോ തൊഴിലുടമ ഒരുക്കണം. 

മരണം, അടുത്ത ബന്ധുവിന്റെ വിവാഹം, ആശുപത്രി ആവശ്യം പോലെ ഒഴിവാക്കാനാവാത്ത യാത്രകൾക്കും പാസ് നൽകും. അതിനാൽ യഥാർഥ ആവശ്യക്കാർ മാത്രം അപേക്ഷിച്ചാൽ ആറ് മണിക്കൂറിനുള്ളിൽ പാസ് നൽകാനാവുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Content Highlights: Travel Pass, Kerala Police, Kerala Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com